ലോ­ക മലയാ­ളി­ സഭ; പ്രത്യേ­ക യോ­ഗം ചേ­ർ­ന്നു


മനാമ: ജനുവരി 12, 13 തീയതികളിൽ കേരള നിയമസഭയിൽ വെച്ച് നടക്കുന്ന ലോക കേരള സഭയുടെ മുന്നോടിയായി കേരളീയ സമാജം ബാബുരാജ് ഹാളിൽ പ്രത്യേക യോഗം ചേർന്നു. പ്രവാസി കമ്മീഷന്റെ ആഭിമുഖ്യത്തിൽ നടന്ന യോഗത്തിൽ പ്രവാസി കമ്മീഷനംഗം സുബൈർ കണ്ണൂർ അദ്ധ്യക്ഷത വഹിച്ചു. ലോക മലയാളി സഭയിൽ അവതരിപ്പിക്കേണ്ട വിഷയത്തിൽ പൊതുഅഭിപ്രായ ക്രോഡീകരണത്തിനായി നടത്തിയ യോഗത്തിൽ ബഹ്റൈനിൽ നിന്നും ലോക കേരള സഭയിലേയ്ക്ക് തിരഞ്ഞെടുത്ത സാമുഹ്യ സാംസ്ക്കാരിക രംഗത്തെ ഏഴ് സംഘടനാപ്രതിനിധികളും, പ്രത്യേക ക്ഷണിതാവായി തിരഞ്ഞെടുത്ത ബെന്യാമിന്റെ ആട് ജീവിതം എന്ന നോവലിലെ യഥാർത്ഥ കഥാപാത്രമായ നജീബും പങ്കെടുത്തു. ബഹ്‌റൈനിൽ വെച്ച് മരണമടയുന്ന പ്രവാസികളുടെ മൃതദേഹം എത്രയും പെട്ടന്ന് നാട്ടിൽ എത്തിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കി തരണമെന്ന കാര്യങ്ങൾ ശുപാർശ ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു. 

പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി ഒറ്റക്കെട്ടായി നിൽക്കണമെന്നും, ചർച്ചയിൽ ലഭിക്കുന്ന കുറഞ്ഞ സമയത്തെ ഉപയോഗപ്രദമാക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. കക്ഷിരാഷ്ടീയ പരിഗണനയ്ക്കപ്പുറം നിന്നുകൊണ്ട് പ്രവാസികളുടെ പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ കേരള സർക്കാർ ഏറ്റെടുക്കുന്ന ഈ സംവിധാനം മാതൃകാപരവും, ധീരോദാത്തവുമാണെന്നും .
യോഗം വിലയിരുത്തി. 

സമാജം ജനറൽ സെക്രട്ടറി വീരമണി, ലോക കേരള സഭയിലെ ക്ഷണിക്കപ്പെട്ട അംഗവും, സമാജം പ്രസിഡണ്ടുമായ പി.വി രാധാകൃഷ്ണ പിള്ള, ലോക കേരള സഭയിലെ മറ്റംഗങ്ങളായ ബഹ്റൈൻ പ്രതിഭ നേതാവ് സി.വി നാരായണൻ, കെ.എം.സി.സി നേതാവ് കെ.വി ജലീൽ, നവകേരള പ്രതിനിധി ബിജു മലയിൽ, സോമൻ ബേബി, രാജു കല്ലുപുറം തുടങ്ങിയവർ പങ്കെടുത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed