പ്രവാസി ഭാരതീയ ദിവസ് ആഘോഷിച്ചു
മനാമ. ബഹ്‌റൈനിലെ ഇന്ത്യൻ സമൂഹത്തിന്റെ നേതൃത്വത്തിൽ പ്രവാസി ഭാരതീയ ദിവസ് വിപുലമായി ആഘോഷിച്ചു. സീഫിലെ ഇന്ത്യൻ എംബസി കെട്ടിടത്തിൽ വെച്ച് നടന്ന ആഘോഷത്തിൽ വ്യവസായിക സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി പേർ പങ്കെടുത്തു.
ഇന്ത്യൻ ചരിത്രത്തിന്റെ വളർച്ചയ്ക്ക് പ്രധാനപ്പെട്ട സംഭാവന നൽകിയവരാണ് വിദേശത്തുള്ള ഇന്ത്യക്കാരെന്ന് ഇന്ത്യൻ അംബാസിഡർ അലോക് കുമാർ സിൻഹ പറഞ്ഞു. മഹാത്മാ ഗാന്ധി സൗത്ത് ആഫ്രിക്കയിൽ നിന്ന് തിരിച്ചെത്തി ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് ആഹ്വനം ചെയ്തതോടെയാണ് ഇന്ത്യക്കാരുടെ ജീവിതം മൊത്തത്തിൽ മാറി തുടങ്ങിയതെന്നും, ഇന്ത്യയുടെ വളർച്ചയ്ക്ക് തുടക്കം കുറിച്ചതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കമ്മ്യൂണിറ്റി അംഗങ്ങളുടെ കഠിനദ്ധ്വാനവും സംഭാവനകളും ഇന്ത്യയുടെ വളർച്ചയ്ക്ക് സഹായകമാവുന്ന തരത്തിൽ പ്രതിഫലിക്കുന്നതോടൊപ്പം തന്നെ വിദേശ രാജ്യങ്ങളിലും നമ്മുടെ സാന്നിദ്ധ്യം ഉറപ്പു വരുത്തുന്നതും പ്രശംസനീയമാണെന്നും അംബാസിഡർ തന്റെ പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.
എല്ലാ വർഷത്തിലും സംഘടിപ്പിക്കുന്ന ഇന്ത്യൻ സമൂഹത്തിന്റെ ഈ ഒത്തുചേരൽ കൂടുതൽ കാര്യക്ഷമമാക്കണമെന്നും അതിലൂടെ നാടിന്റെ വളർച്ച മുന്നോട്ട് പോകുമെന്നും ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ആനന്ദ് പ്രകാശ് തുടർന്ന് നടന്ന പ്രസംഗത്തിൽ പറഞ്ഞു. ശേഷം ഇന്ത്യൻ നൃത്തരൂപങ്ങളടക്കമുള്ള കലാപരിപാടികളും അരങ്ങേറി.

