മു­ഖ്യമന്ത്രി­യു­ടെ­ ആകാ­ശയാ­ത്ര വി­വാ­ദം : സി­.പി­.ഐയ്ക്ക് അതൃ­പ്തി­


തിരുവനന്തപുരം : ഓഖി ദുരന്തനിവാരണ ഫണ്ട് ഉപയോഗിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഹെലികോപ്റ്റർ യാത്ര നടത്തിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ സി.പി.ഐയ്ക്ക് കടുത്ത അതൃപ്തി. റവന്യൂമന്ത്രി അറിയാതെ വകുപ്പ് സെക്രട്ടറി ഹെലികോപ്റ്റർ‍ യാത്രയ്ക്ക് ദുരന്ത നിവാരണ ഫണ്ട് വിനിയോഗിക്കാൻ തീരുമാനിച്ചത് ശരിയായില്ലെന്നാണ് സി.പി.ഐയുടെ നിലപാട്. 

വിവാദത്തിൽ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി പി.എം കുര്യനോട് വിശദീകരണം ആവശ്യപ്പെട്ടു. ദുരന്തനിവാരണ ഫണ്ടിൽനിന്നു പണം നൽകാൻ നിർദേശിച്ചത് മാധ്യമങ്ങളിലൂടെയാണ് താൻ അറിഞ്ഞതെന്ന് മന്ത്രി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

വിവാദത്തിൽ വിശദീകരണവുമായി ഡി.ജി.പി ലോക്നാഥ് ബെഹ്റ രംഗത്തെത്തി. മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയ്ക്ക് സുരക്ഷ ഒരുക്കുക മാത്രമാണ് ചെയ്തതെന്നും യാത്രാ സംബന്ധമായ സൗകര്യങ്ങൾ ഏർപ്പാടാക്കിയത് പോലീസല്ലെന്നും ഡി.ജി.പി അറിയിച്ചു. അതേസമയം വിവാദത്തിൽ വിശദീകരണവുമായി വിമാന കന്പനിയും രംഗത്തെത്തി. ഡി.ജി.പി ലോക്നാഥ് ബെഹ്റ നേരിട്ടിടപെട്ടാണ് ഹെലികോപ്റ്റർ ബുക്ക് ചെയ്തതെന്ന് വിമാന കന്പനിയായ ചിപ്സൺ എയർവെയ്സ് വ്യക്തമാക്കി. ഹെലികോപ്റ്റർ ബംഗളൂരുവിൽ നിന്ന് കൊണ്ടുവരാനായിരുന്നു ധാരണ. മൈസൂരുവിൽ നിന്ന് എത്തിക്കാനായതിനാലാണ് ആദ്യം പറഞ്ഞ 13 ലക്ഷത്തിൽ നിന്നും എട്ട് ലക്ഷമായി വാടക കുറഞ്ഞതെന്ന് ചിപ്സൺ എയർവെയ്സ് പറഞ്ഞു.

സംഭവം വിവാദമായ പശ്ചാത്തലത്തിൽ ഹെലികോപ്റ്റർ യാത്രയ്ക്ക് ചിലവായ എട്ട് ലക്ഷം രൂപ പാർട്ടി നൽകുമെന്നാണ് സൂചന. ഇത് സംബന്ധിച്ച തീരുമാനം നേതൃത്വം എടുത്തു കഴിഞ്ഞു. വ്യാഴാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം വിഷയം ചർച്ച ചെയ്ത് പണം നൽകാൻ തീരുമാനമെടുക്കും.

ഡിസംബർ‍ 26ന് തൃശ്ശൂരിലെ സി.പി.എം ജില്ലാ സമ്മേളന വേദിയിൽ‍ നിന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്തെത്തിയത് സ്വകാര്യ കന്പനിയുടെ ഹെലികോപ്റ്റർ‍ വാടകയ്ക്ക് എടുത്തായിരുന്നു. ഇതിന്റെ തുകയായ എട്ട് ലക്ഷം രൂപ ഓഖി ദുരിതാശ്വാസ ഫണ്ടിൽ‍ നിന്നും നൽ‍കാൻ നിർ‍ദേശിച്ച് സർ‍ക്കാർ‍ ഉത്തരവിറക്കിയതാണ് വിവാദമായത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed