വിദേശനിക്ഷേപങ്ങൾക്ക് ഇളവ്
ന്യൂഡൽഹി : വിദേശ നിക്ഷേപകർക്കായി ഇന്ത്യൻ വിപണി കൂടുതൽ തുറന്ന് കൊടുത്ത് കേന്ദ്രസർക്കാർ. ചില്ലറ വിൽപ്പന മേഖലയിൽ വിദേശ നിക്ഷേപത്തിന് കൂടുതൽ ഇളവ് നൽകുന്ന തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭ അനുമതി നൽകി. രാജ്യത്ത് ചില്ലറ വിൽപന മേഖലയിൽ സർക്കാർ അനുമതി ഇല്ലാതെ തന്നെ നേരിട്ട് വിദേശ കന്പനികൾക്ക് നൂറ് ശതമാനം നിക്ഷേപം നടത്താം. ഇതുകൂടാതെ എയർ ഇന്ത്യയിൽ 49 ശതമാനം വിദേശ നിക്ഷേപത്തിനും മന്ത്രിസഭ അനുമതി നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായുള്ള ക്യാബിനറ്റ് യോഗത്തിലാണ് തീരുമാനം.
ചില്ലറ വിൽപന മേഖലയിൽ നുറ് ശതമാനം വിദേശ നിക്ഷേപത്തിന് നിലവിൽ അനുമതി ഉണ്ടായിരുന്നു. എന്നാൽ നിക്ഷേപം നടത്താൻ സർക്കാരിന്റെ അനുമതി ആവശ്യമായിരുന്നു. ഈ നിബന്ധനയാണ് കേന്ദ്രസർക്കാർ എടുത്തുകളഞ്ഞിരിക്കുന്നത്. ഇതോടെ ഒറ്റ ബ്രാൻഡ് ചില്ലറ വിൽപ്പന മേഖലയിൽ സർക്കാർ അനുമതിയില്ലാതെ ബഹുരാഷ്ട്ര കന്പനികൾക്ക് ഇന്ത്യൻ വിപണിയിൽ ഇടപെടാനുള്ള സാഹചര്യമൊരുങ്ങി. രാജ്യത്തെ ചെറുകിട വിപണിയെ ദൂരവ്യാപകമായി ബാധിക്കുന്ന തീരുമാനമാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. എന്നാൽ വ്യാപാരവും സാന്പത്തികവും മെച്ചപ്പെടുത്താൻ തീരുമാനം സഹായിക്കുമെന്നും തൊഴിലും വരുമാനവും വർദ്ധിക്കുമെന്നും സർക്കാർ കരുതുന്നു. വിദേശ വിപണിക്ക് വേണ്ട സൗഹൃദാന്തരീക്ഷമൊരുക്കി രാജ്യത്തെ വ്യവസായ മേഖലയെ ശക്തിപ്പെടുത്തുകയാണ് പുതിയ തീരുമാനത്തിന്റെ ലക്ഷ്യമെന്ന് സർക്കാർ വ്യക്തമാക്കി.
വിദേശ വിമാന കന്പനികൾക്ക് നേരിട്ടോ അല്ലാതെയോ 49 ശതമാനം നിക്ഷേപം എയർ ഇന്ത്യയിൽ നടത്താം. എന്നാൽ സ്ഥാപനത്തിന് മേലുള്ള അധികാരവും നിയന്ത്രണവും സർക്കാരിന് തന്നെയായിരിക്കും. നിർമാണ മേഖലയും വിദേശ നിക്ഷേപകർക്കായി തുറന്നുകൊടുക്കാൻ സർക്കാർ തീരുമാനിച്ചു. മേഖലയിൽ 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം നടത്താം.
പ്രതിരോധ മേഖല, വ്യോമയാന മേഖല, നിർമ്മാണ മേഖല, സ്വകാര്യ സുരക്ഷാ ഏജൻസികൾ, റിയൽ എേസ്റ്ററ്റ്, ന്യൂസ് ബ്രോഡ്കാസ്റ്റ് എന്നിവ ഉൾപ്പെടെയുള്ള ഡസനോളം മേഖലകളിൽ 2016ൽ സർക്കാർ വിദേശനിക്ഷേപ മാനദണ്ധങ്ങൾ ലഘൂകരിച്ചിരുന്നു.

