ഗോപിയോ സമ്മേളനം ഇന്ന് സമാപിക്കും : രാഹുൽ ഗാന്ധി മുഖ്യാതിഥി
മനാമ : ജനുവരി ആറിന് വൈകുന്നേരം ബഹ്റൈൻ ഗൾഫ് ഹോട്ടലിൽ ആരംഭിച്ച “ഗ്ലോബൽ ഓർഗനൈസേഷൻ ഓഫ് ഇന്ത്യൻ ഒർജിൻ” (ഗോപിയോ) യുടെ ആഗോള കൺവെൻഷന്റെ സമാപന ചടങ്ങുകൾ ഇന്ന് വൈകുന്നേരം ആറ് മണി മുതൽ നടക്കും. എഐസിസി അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയാണ് സമാപന സമ്മേളനത്തിലെ മുഖ്യാതിഥി. നേരത്തെ രെജിസ്റ്റർ ചെയ്യുകയോ, ക്ഷണിക്കപ്പെട്ടതോ ആയ അതിഥികൾക്കാണ് സമ്മേളനത്തിൽ പ്രവേശനമുള്ളത്. നാൽപ്പതോളം രാജ്യങ്ങളിൽ നിന്നായി ഇരുന്നൂറിലധികം പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
ഇന്നലെ രാത്രി 12 മണിയോടെ ഗൾഫ് എയർ വിമാനത്തിൽ എത്തിയ രാഹുൽ ഗാന്ധിയെ സ്വീകരിക്കാൻ ബഹ്റൈൻ വിമാനത്താവളത്തിൽ നിരവധി പേരാണ് എത്തിയത്. പാർട്ടി അദ്ധ്യക്ഷനായതിന് ശേഷം നടത്തുന്ന ആദ്യവിദേശ സന്ദർശനമെന്ന പ്രത്യേകതയുമായാണ് രാഹുൽ ഗാന്ധി ബഹ്റൈനിലെത്തിയത്. ബഹ്റൈൻ ഗവൺമെന്റിന്റെ ഔദ്യോഗിക അഥിതിയായി ഇവിടെ എത്തിയിരിക്കുന്ന അദ്ദേഹം ഇന്ന് രാവിലെ ബഹ്റൈൻ കിരീടാവകാശി ഷെയ്ഖ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് ഖലീഫ, വിദേശകാര്യ മന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അഹമദ് അൽ ഖലീഫ എന്നിവരുമായി കൂടികാഴ്ച്ച നടത്തി. ഇതോടൊപ്പം ബഹ്റൈനിലെയും മറ്റ് ഗൾഫ് രാജ്യങ്ങളിലെയുംഇന്ത്യക്കാരായ പ്രധാനപ്പെട്ട വ്യവസായ പ്രമുഖരെ പങ്കെടുപ്പിച്ച് ഇന്ന് വൈകുന്നേരം മൂന്ന് മണി മുതൽ ഫോർ സീസൺ ഹോട്ടലിൽ വെച്ച് നടന്ന ബിസിനസ് മീറ്റിലും രാഹുൽ ഗാന്ധി പങ്കെടുത്തു സംസാരിക്കുന്നുണ്ട്. ഇന്ന് വൈകുന്നേരത്തെ സമ്മേളനത്തിൽ പങ്കെടുത്തതിന് ശേഷം രാഹുൽ ഇന്ന് രാത്രി തന്നെ മടങ്ങി പോകുമെന്നാണ് സംഘാടകർ അറിയിച്ചിരിക്കുന്നത്.

