കൊച്ചിയിൽ കോൺക്രീറ്റ് നിറച്ച വീപ്പയ്ക്കുള്ളിൽ അസ്ഥികൂടം
കൊച്ചി : വീപ്പയ്ക്കുള്ളിൽ കോൺക്രീറ്റ് നിറച്ച് കായലിൽ തള്ളിയ നിലയിൽ അസ്ഥികൂടം കണ്ടെത്തി. കുന്പളം ശാന്തിതീരം ശ്മശാനത്തിന് സമീപം കായൽ നിന്ന് ലഭിച്ച വീപ്പയ്ക്കുള്ളിലായിരുന്നു മനുഷ്യന്‍റെ തലയോട്ടി ഉൾപ്പടെയുള്ള അസ്ഥികൂടം കണ്ടെത്തിയത്.
അസ്ഥികൂടത്തിന് ഒരു വർഷത്തിലധികം പഴക്കമുണ്ടെന്ന് സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. ആരെയെങ്കിലും കൊലപ്പെടുത്തിയ ശേഷം വീപ്പയ്ക്കകത്തിട്ട് കോൺക്രീറ്റ് നിറച്ച് കായലിൽ ഇട്ടതാകാമെന്നാണ് പോലീസ് നിഗമനം. വീപ്പയ്ക്കകത്ത് ഇഷ്ടിക നിരത്തിയശേഷം കോൺക്രീറ്റ് നിറച്ച നിലയിലായിരുന്നു. സംഭവത്തിൽ പോലീസ് വിശദമായ പരിശോധന നടത്തിവരികയാണ്. അസ്ഥികൂടത്തിന്‍റെ പഴക്കവും മറ്റും അറിയാൻ അവശിഷ്ടങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കുമെന്ന് പോലീസ് പറഞ്ഞു.

