അനധികൃത മാംസ കച്ചവടക്കാർക്കെതിരെ നടപടി
മനാമ : ബഹ്റൈനിൽ വൃത്തിഹീനമായ സാഹചര്യത്തിൽ മാംസ വിൽപ്പന നടത്തുന്ന അനധികൃത തെരുവ് കച്ചവടക്കാർക്കെതിരെ നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇത്തരത്തിൽ അനധികൃതമായി കച്ചവടം നടത്തുന്നവരെ കണ്ടെത്തിയതായും ആരോഗ്യ മന്ത്രാലയം ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിൽ സ്ഥിരീകരിച്ചു.
തെരുവിൽ മാംസം വിൽക്കുന്ന കച്ചവടക്കാരുടെ ചിത്രങ്ങൾ രാജ്യത്തെ സാമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇവ ആരോഗ്യ മന്ത്രാലയം നിരീക്ഷിക്കുകയും പൊതുജനങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്കയുള്ളതിനാൽ ഉടൻ തന്നെ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകുകയും ചെയ്തു. വ്യവസായ− വാണിജ്യ− ടൂറിസം വകുപ്പുകളുടെ ഉപഭോക്തൃ സംരക്ഷണ നിയമവുമായി ബന്ധപ്പെട്ടാണ് നടപടികൾ സ്വീകരിക്കുന്നത്.
അനധികൃത വിൽപ്പന നടന്ന സ്ഥലം ഉദ്യോഗസ്ഥർ സന്ദർശിച്ചതായും, ആവശ്യമായ നടപടികൾ പാലിച്ച് കടകൾ നീക്കം ചെയ്തതായും മന്ത്രാലയം സ്ഥിരീകരിച്ചു. രാജ്യത്തെ പൗരൻമാർക്കും പ്രവാസികൾക്കും ആരോഗ്യ സംരക്ഷണവും ഉയർന്ന നിലവാരത്തിലുള്ള സേവനങ്ങളും ലഭ്യമാകുന്നുണ്ടെന്ന് മന്ത്രാലയം ഉറപ്പുവരുത്തുമെന്നും പകർച്ചവ്യാധികൾ തടയുന്നതിനും പൊതുജനങ്ങളെ സംരക്ഷിക്കുന്നതിനുമായി പ്രാദേശിക വിപണികൾ നിരീക്ഷിക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

