ബോണക്കാട് പ്രശ്നം : ആരാധനാ സ്വാതന്ത്ര്യം ഹനിക്കില്ലെന്ന് മന്ത്രി
തിരുവനന്തപുരം : ബോണക്കാട് കുരിശുമലയിൽ കുരിശ് സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന് സർക്കാർ സഭാനേതൃത്വത്തെ അറിയിച്ചു. മലയിലേക്ക് കുരിശുമായി പോകാൻ അനുവദിക്കില്ല. എന്നാൽ ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കില്ലെന്നും നിയന്ത്രണവിധേയമായി ആരാധന അനുവദിക്കുമെന്നും വനംമന്ത്രി കെ. രാജു പറഞ്ഞു.
അതേസമയം, കുരിശ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച മുതൽ നടത്താനിരുന്ന പ്രത്യക്ഷസമരം സഭാനേതൃത്വം മാറ്റിവെച്ചു. വനംമന്ത്രി കെ. രാജുവുമായി സഭാനേതൃത്വം നടത്തിയ ചർച്ചയിലാണ് സമവായ സാധ്യതകൾ ഉണ്ടായിരിക്കുന്നത്. വിഷയത്തിൽ പ്രശ്‌നപരിഹാരത്തിന് സാധ്യത തേടുമെന്ന് മന്ത്രി വ്യക്തമാക്കി. കുരിശുമലയിലേക്ക് കുരിശുമായി പോകാൻ അനുവദിക്കില്ല.
എന്നാൽ നിയന്ത്രണവിധേയമായി ആരാധന അനുവദിക്കും. വിശേഷദിവസങ്ങളിലും ആരാധന അനുവദിക്കുമെന്നും മന്ത്രി സഭാപ്രതിനിധികളെ അറിയിച്ചു. ഈസ്റ്റർ കാലത്ത് കുരിശുമല തീർത്ഥാടനത്തിന് അഞ്ച് ദിവസം അനുമതി നൽകും. കുരിശ് കൊണ്ടുപോകാൻ അനുവദിക്കില്ല. സഭാനേതൃത്വം ആവശ്യപ്പെട്ട മറ്റ് വിശേഷ ദിവസങ്ങളിലും നിയന്ത്രണത്തിന് വിധേയമായി ആരാധന അനുവദിക്കും. 2000 പേരെയൊന്നും വനത്തിലേക്ക് കടത്തിവിടാൻ സാധിക്കില്ല. നിയന്ത്രണവിധേയമായി വന്നാൽ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
വിഷയത്തിൽ മുഖ്യമന്ത്രിയുമായി ചർച്ച നടത്തുന്നത് വരെ പ്രത്യക്ഷ സമരങ്ങളിൽ നിന്ന് പിന്‍മാറാൻ സഭാ നേതൃത്വം തീരുമാനിച്ചതായി നെയ്യാറ്റിൻകര രൂപതാ ആർച് ബിഷപ് സൂസെപാക്യം പറഞ്ഞു. നേരത്തെ തന്ന ഉറപ്പുകൾ ലംഘിക്കില്ലെന്ന് ചർച്ചയിൽ മന്ത്രി വ്യക്തമാക്കിയതായി ആർച് ബിഷപ് സൂസെപാക്യം പറഞ്ഞു.
ആരാധനാ സ്വാതന്ത്ര്യത്തിനായി മുഖ്യമന്ത്രിയെ കാണുമെന്നും ചർച്ചയിൽ ഉറപ്പ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സൂസെപാക്യം പറഞ്ഞു.ബോണക്കാട് കുരിശ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സഭ നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചിരുന്നു.
തുടർന്ന് ആരാധനാ സ്വാതന്ത്ര്യത്തിനായി ചൊവ്വാഴ്ച മുതൽ പ്രത്യക്ഷ സമരത്തിന് സഭാ നേതൃത്വം ആഹ്വാനം ചെയ്തിരുന്നു. ചൊവ്വാഴ്ച രാജ്ഭവൻ മാർച്ചും പ്രതിഷേധസമരവും നടത്താനാണ് തീരുമാനിച്ചിരുന്നത്.

