കാരുണ്യത്തിന്റെ വഴിയേ ശോഭ ജോർജ്ജ്
മനാമ : സാധാരണ വീട്ടമ്മയായിരുന്ന ശോഭ ജോർജ്ജ് നാൽപ്പതാമത്തെ വയസ്സിലാണ് തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ വളണ്ടിയറായി സേവന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു തുടങ്ങിയത്. ശോഭ ജോർജ്ജിന്റെ പിതാവിന് ഹാർട്ട് അറ്റാക്ക് വന്നു ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കിയ സമയത്തു ഒത്തിരിപേർ നിരവധി സഹായങ്ങളുമായി മുന്നോട്ടു വന്നിരുന്നു. ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്ന അത്തരം സമീപനങ്ങളോട് തോന്നിയ ആദരവാണ് പിന്നീട് അവരെയും കാരണ്യത്തിന്റെ വഴിയിലൂടെ നടക്കാൻ പ്രേരിപ്പിച്ചത്. റീജിയണൽ കാൻസർ സെന്ററിൽ കാൻസർ രോഗികൾ അനുഭവിക്കുന്ന ദുരിതങ്ങൾ മനസ്സിലാകുകയും, അവർക്കു വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന തന്റെ ആശയം സമാന മനസ്കരായ സുഹൃത്തുക്കളോട് പങ്ക് വെച്ചു തുടങ്ങിയതാണ് പിന്നീട് കെയർ പ്ലസ് എന്ന സ്ഥാപനത്തിന് തന്നെ രൂപം നൽകിയത്. കെയർ പ്ലസ് എന്ന സ്ഥാപനത്തിന്റെ ഇന്നത്തെ വളർച്ചയിൽ തുടക്കം മുതൽ സഹായങ്ങൾ തേടി വിവിധ സ്ഥാപനങ്ങളെയും, വ്യക്തികളെയും സമീപിക്കുകയും, രോഗിക്കും, അവരുടെ കുടുംബത്തിനും കൗൺസിലിങ് നൽകി ആത്മവിശ്വാസം പകരുകയും ചെയ്തു കൊണ്ട് കെയർ പ്ലസ്സിന്റെ പ്രവർത്തനങ്ങളിൽ സജീവ സാന്നിദ്ധ്യമായി, സമൂഹത്തിനു മാതൃകയായി ഇന്നും ശോഭാ ജോർജ്ജ് മുന്നോട്ടു കൊണ്ട് പോകുന്നു. 2017ൽ തന്റെ ഭർത്താവിന്റെ മരണശേഷം മാനസികമായി അൽപ്പം തളർന്നെങ്കിലും വീണ്ടും സേവനരംഗത്തേക്കു മടങ്ങിപ്പോകാൻ തീരുമാനിച്ച ഇവർ ഇപ്പോൾ സമയം തീരെ പാഴാക്കാതെയാണ് പ്രവർത്തിച്ചു വരുന്നത്. രണ്ടാഴ്ചത്തെ സന്ദർശനത്തിനായി ഇപ്പോൾ ബഹ്റൈനിൽ എത്തിയ അവർക്ക് പ്രധാനമായും ഉള്ള ഒരു ലക്ഷ്യം കാൻസർ ബാധിച്ചു മരണമടഞ്ഞ നവാസ് എന്ന സ്വദേശിയുടെ ആശ്രയമറ്റ കുടുംബത്തിനെ സഹായിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുക എന്നതാണ്.
തിരുവനന്തപുരം പൂഴിക്കുന്ന് സ്വദേശിയാണ് നവാസ്. മുപ്പത്തിആറാമത്തെ വയസ്സിൽ കാൻസർ ബാധിച്ച ഇദ്ദേഹത്തിനെ 2016ൽ കെയർ പ്ലസ്സിനു കൈമാറുകയായിരുന്നു. എന്നാൽ അധികം വൈകാതെ 38ാമത്തെ വയസ്സിൽ അദ്ദേഹം മരിച്ചു. മരപ്പണിക്കാരനായ നവാസ് കുടുംബത്തിന്റെ ഏക ആശ്രയമാണ്. ഭാര്യ ഷീജയും മൂന്ന് ചെറിയ കുട്ടികളും അടങ്ങുന്നതാണ് കുടുംബം. മൂത്തമകന് 11 വയസ്സാണ്. അതിനു താഴെ പത്തുവയസ്സുള്ള മകനും, മൂന്ന് വയസ്സുള്ള പെൺകുഞ്ഞുമാണ് ഉള്ളത്. ഏകദേശം അഞ്ച് ലക്ഷം രൂപയുടെ കടബാധ്യത ബാക്കി വെച്ചു കൊണ്ടാണ് നവാസ് വേദനയുടെ ലോകത്ത് നിന്ന് മറഞ്ഞ് പോയത്. ഇദ്ദേഹത്തെ സഹായിക്കാൻ താത്പര്യമുള്ളവർക്ക് നവാസിന്റെ ഭാര്യ ഷീജ ബിവിഎ എന്ന പേരിൽ േസ്റ്ററ്റ് ബാങ്ക് ഓഫ് ഇന്ത്യ പപ്പനംകോഡ് ബ്രാഞ്ചിലെ 67155432164 എന്ന അക്കൗണ്ട് നന്പറിൽ പണമയക്കാവുന്നതാണ്. ഇവരുമായി ബന്ധപ്പെടാൻ ആഗ്രഹിക്കുന്നവർ 04712491624 എന്ന നന്പറിലാണ് വിളിക്കേണ്ടത്. ഡിസംബർ 28 വരെ ബഹ്റൈനിലുള്ള ശോഭ ജോർജ്ജുമായി ബന്ധപ്പെടാൻ താത്പര്യമുള്ളവർക്ക് 39145804 എന്ന നന്പറിൽ വിളിക്കാവുന്നതാണ്.

