ബഹ്റൈൻ ഇന്ത്യൻ സ്കൂളിന്റെ പുതിയ ഭരണസമിതി അധികാരമേറ്റു
മനാമ : ബഹ്റൈനിലെ ഇന്ത്യൻ സ്കൂളിൽ നടന്ന എക്സിക്യുട്ടീവ് കമ്മിറ്റി തിരഞ്ഞെടുപ്പിന് ശേഷം പ്രിൻസ് നടരാജൻ ചെയർമാനായുള്ള പുതിയ കമ്മിറ്റി അധികാരമേറ്റു. കഴിഞ്ഞ കമ്മിറ്റിയിലെ അംഗമായിരുന്ന സജി ആന്റണിയാണ് പുതിയ സെക്രട്ടറി. സാന്പത്തിക കാര്യങ്ങളുടെ മേൽനോട്ടം ബിനു മണ്ണിൽ വർഗ്‍ഗീസിനാണ് ലഭിച്ചിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട ഏഴ് അംഗങ്ങളും, ഒരു തുടർച്ചാ അംഗവും, മന്ത്രാലയം പ്രതിനിധിയും, സ്റ്റാഫ് പ്രതിനിധിയും, പ്രിൻസിപ്പലും അടങ്ങുന്നതാണ് സ്കൂൾ ഭരണസമിതി.
മുഹമ്മദ് ഖുർഷിദ് ആലാം ആണ് തുടർച്ചാ അംഗം. പ്രേമലതാ എൻ.എസ്, രാജേഷ് എം, ജായഫർ മൈദാനി, വി. അജയകൃഷ്ണൻ എന്നിവരാണ് മറ്റ് നിർവ്‍വാഹക സമിതി അംഗങ്ങൾ. ഇവരെ കൂടാതെ ഇന്ത്യൻ സ്കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപകനായ ജോൺസൺ കെ. ദേവസ്യ സ്റ്റാഫ് പ്രതിനിധി എന്ന രീതിയിലും പ്രവർത്തിക്കും. അക്കാദിമിക മികവും, സുതാര്യതയും, സാന്പത്തിക അച്ചടക്കവുമാണ് തങ്ങളുടെ ഭരണസമിതി ലക്ഷ്യമിടുന്നതെന്ന് ചെയർമാൻ പ്രിൻസ് നടരാജൻ അറിയിച്ചു.

