ആർ.എസ്.സി നാഷണൽ സാഹിത്യോത്സവ് ഇന്ന്
മനാമ: പ്രവാസി മലയാളികളുടെ കലാ, സാഹിത്യാഭിരുചികളെ കണ്ടെത്താനും അവയുടെ പരിപോഷണത്തിനുമായി റിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) സംഘടിപ്പിക്കുന്ന സാഹിത്യോത്സവ് ബഹ്റൈൻ നാഷണൽതല മത്സരം ഇന്ന് ഉച്ചയ്ക്ക് 2 മണി മുതൽ റിഫ ഇന്ത്യൻ സ്കൂൾ ക്യാന്പസിൽ നടക്കും. മാപ്പിളപ്പാട്ട്, മാലപ്പാട്ട്, കഥ പറയൽ, ആംഗ്യപ്പാട്ട്, ജലഛായം, ദഫ്, ഖവാലി, കഥ, കവിത രചനകൾ, കവിതാ പാരായണം, ഭാഷാ കേളി, വിവിധ ഭാഷകളിലെ പ്രസംഗങ്ങൾ, വിവർത്തനം, വായന തുടങ്ങി 73 ഇനങ്ങളിലായി കെ.ജി വിദ്യാർത്ഥികൾ മുതൽ 35 വയസ് വരെയുള്ള യുവതി, യുവാക്കൾ വരെ വിവിധ വിഭാഗങ്ങളിലായാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്.
ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ആരംഭിക്കുന്ന സാഹിത്യോത്സവിന്റെ ഔപചാരിക ഉദ്ഘാടന കർമ്മം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. പ്രമുഖ സാഹിത്യകാരനും ചെറുകഥാ കൃത്തുമായ പി.കെ. പാറക്കടവ് മുഖ്യാതിഥിയാവും. വൈകീട്ട് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ എസ്.എസ്.എഫ് മുൻ സംസ്ഥാന പ്രസിഡണ്ട് സ്വാദിഖ് സഖാഫി പെരിന്താറ്റിരി സന്ദേശ പ്രഭഷണം നടത്തും.
ആർ.എസ്.സി നാഷണൽ സാഹിത്യോത്സവ് വിശദീകരിച്ച്കൊണ്ട് നാഷണൽ ജനറൽ കൺവീനർ വി.പി.കെ മുഹമ്മദ്, മുൻ ജനറൽ കൺവീനർ അബ്ദുൽ ജലീൽ എടക്കുളം, നാഷണൽ കലാലയം കൺവീനർ ഫൈസൽ ചെറുവണ്ണൂർ, റിസാല കൺവീനർ സുനീർ നിലന്പൂർ, കൺവീനർ നജ്മുദ്ദീൻ പഴമള്ളൂർ, നാഷണൽ എക്സിക്യുട്ടീവ് അംഗം ഫൈസൽ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് സംസാരിച്ചു.

