തങ്ങൾ അവഗണിക്കപ്പെട്ടുവെന്ന പരാതിയുമായി ഒ.ഐ.സി.സി വിമത വിഭാഗം രംഗത്ത്
മനാമ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ബഹ്റൈൻ സന്ദർശനവുമായി ബന്ധപ്പെട്ട് തങ്ങളെ പൂർണ്‍ണമായും അവഗണിക്കുന്ന നടപടിയാണ് ബഹ്റൈൻ ഒ.ഐ.സി.സിയുടേതും രാജു കല്ലുംപുറത്തിന്റെതുമെന്ന് വിമത ഒ.ഐ.സി.സി നേതാക്കൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
2014 സപ്തംബർ 18ന് നടന്ന നാഷണൽ കമ്മിറ്റി തിരഞ്ഞെടുപ്പിലൂടെ അംഗങ്ങളായ 29 പേരെയാണ് ഇപ്പോഴത്തെ പരിപാടിയിൽ നിന്നും മാറ്റിനിർത്തിയിരിക്കുന്നത്. ആകെ 86 അംഗങ്ങളുള്ള ഈ കമ്മിറ്റി രണ്ട് ഗ്രൂപ്പുകളായി മത്സരിച്ചതിന് ശേഷം നിലവിൽ വന്നതാണ്. ഒന്പത് വോട്ടിന്റെ ഭൂരിപക്ഷത്തിൽ പ്രസിഡണ്ടായ രാജു കല്ലുംപുറം തുടക്കം മുതൽക്ക് തന്നെ തനിക്കെതിരെ മത്സരിച്ചവരെയൊക്കെ ഒ.ഐ.സി.സിയുടെ ഒരു പരിപാടിയിലും പങ്കെടുപ്പിക്കാതെ മാറ്റി നിർത്തുകയാണ്. പിന്നീട് ഒ.ഐ.സി.സിയുടെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തന്പോൾ ജനാധിപത്യ മര്യാദ പാലിക്കാതെ സ്വന്തം കൂട്ടാളിയെ തന്നെ തന്റെ സ്ഥാനത്തേയ്ക്ക് നിയമിക്കുകയാണ് ഉണ്ടായത്. ആ പ്രസിഡണ്ടിനെ ഒരു കാരണവശാലും ഞങ്ങൾ അംഗീകരിക്കുന്നില്ല. സ്വന്തം വ്യക്തി താത്പര്യം മാത്രം മുന്പോട്ട് വെച്ചുകൊണ്ടാണ് രാജു കല്ലുംപുറം പോകുന്നതെന്നും, ഇതിനായി ഒ.ഐ.സി.സി എന്ന പ്രസ്ഥാനത്തെ ഉപയോഗിക്കുന്നത് ഒരിക്കലും സമ്മതിച്ചുകൊടുക്കാൻ സാധിക്കില്ലെന്നും വിമതർ പ്രസ്താവിച്ചു. ആയിരത്തി അഞ്ഞൂറിൽപരം അംഗങ്ങളുള്ള ഒ.ഐ.സി.സിയുടെ ഇപ്പോഴത്തെ അവസ്ഥ പരിതാപകരമാണ്.
മൂന്ന് തിരഞ്ഞെടുപ്പുകൾ നാട്ടിൽ നടന്നിട്ടും ഒരിക്കൽ പോലും ഒരു പ്രവർത്തനവും നടത്താത്ത രാജു കല്ലുംപുറം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഇവിടുത്തെ സംഘടനയായ പ്രതിഭയെ സഹായിക്കുന്ന നിലപാടുകളാണ് സ്വീകരിച്ചു വരുന്നത്. പിണറായി വിജയൻ വന്നപ്പോൾ എയർപോർട്ടിൽ സ്വീകരിച്ച് അനുഗമിച്ച ഏക വ്യക്തിയും ഇദ്ദേഹമായിരുന്നു. ഉമ്മൻ ചാണ്ടിയെ പോലെ ആരാധ്യനായ നേതാവ് വരുന്പോൾ അദ്ദേഹത്തിന് പൂർണ്ണമായ തലത്തിൽ ഒരു സ്വീകരണം നൽകാനായി കോൺഗ്രസ് പ്രവർത്തകരെ ഒന്നിച്ച് നിർത്തി ഒരു സ്വാഗതസംഘം രൂപിക്കരിക്കാൻ സാധിക്കാത്തത് പ്രതിക്ഷേധാർഹമാണ്. ജനകീയ നേതാവായ ഉമ്മൻ ചാണ്ടി വരുന്പോൾ ആളെ കൂട്ടേണ്ടത് ഗാനമേള വെച്ചല്ലെന്നും, അത് അദ്ദേഹത്തെ അപഹസിക്കുന്നതിന് തുല്യമാണെന്നും വാർത്തസമ്മേളനത്തിൽ പങ്കെടുത്തവർ ആരോപിച്ചു.
ഉമ്മൻ ചാണ്ടിയുടെ സന്ദർശന വേളയിൽ അദ്ദേഹത്തെ പ്രത്യേകമായി കണ്ട് ഈ കാര്യങ്ങൾ ധരിപ്പിക്കാൻ സാധിക്കുമെന്ന് തന്നെയാണ് തങ്ങളുടെ വിശ്വാസമെന്നും വിമതർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ലതീഷ് ഭരതൻ, രാജ് ലാൽ, സിംസൺ ചാക്കോ തുടങ്ങിയവർ പങ്കെടുത്തു.

