ഗു­ജറാ­ത്ത് അനു­ഭവ പാ­ഠമാ­കണമെ­ന്ന് ഉമ്മൻ‍ചാ­ണ്ടി­


മനാമ : ഗുജറാത്തിൽ നടന്ന തിരഞ്ഞെടുപ്പ് ജനാധിപത്യ മതേതര കക്ഷികൾക്ക് അനുഭവപാഠമാകണമെന്ന് മുൻ‍ മുഖ്യമന്ത്രി ഉമ്മൻ‍ ചാണ്ടി പ്രസ്താവിച്ചു. രണ്ട് ദിവസത്തെ ഹ്രസ്വ സന്ദർ‍ശനത്തിനായി ബഹ്റൈനിലെത്തിയ അദ്ദേഹം ഇന്ന് രാവിലെ ജുഫൈറിൽ‍ വിളിച്ച് ചേർ‍ത്ത വാർ‍ത്താസമ്മേളനത്തിൽ‍ സംസാരിക്കുകയായിരുന്നു. മതേതര ജനാധിപത്യ കക്ഷികളുടെ ഇടയിൽ‍ ഭിന്നിപ്പ് സൃഷ്ടിച്ചത് കൊണ്ട്  മാത്രമാണ് ബിജെപിക്ക് ഇവിടെ വിജയിക്കാൻ‍ സാധിച്ചത്. ഈ തിരഞ്ഞെടുപ്പോടെ രാഹുൽ‍ ഗാന്ധി ഇന്ത്യയിലെ വലിയൊരു വിഭാഗം ജനങ്ങളുടെ പ്രതീക്ഷയായി മാറികഴിഞ്ഞു. ഇന്ത്യയിലെ രാഷ്ട്രീയ ഭൂമികയിലെ തന്നെ വലിയ മാറ്റങ്ങളാണ് വരാനിരിക്കുന്നത്. കോൺ‍ഗ്രസ് പ്രസ്ഥാനത്തിന് മതേതരത്വം ജീവവായുവാണ്. ഒരിക്കലും ആ തീരുമാനത്തിൽ‍ നിന്ന് കോൺ‍ഗ്രസ് വ്യതിചലിച്ചിട്ടില്ല. അതേസമയം എത്രയോ തവണ വർ‍ഗ്ഗീയ കക്ഷികളുമായി ചേർ‍ന്നവരാണ് കമ്മ്യൂണിസ്റ്റുകാർ‍. എന്നിട്ട് പോലും വർ‍ഗ്ഗീയതയെ എതിർ‍ക്കുക എന്ന വലിയ ലക്ഷ്യത്തിന്റെ പേരിൽ‍ പലപ്പോഴും ഇടതുപക്ഷത്തെ സഹായിക്കാൻ‍ കോൺ‍ഗ്രസ്സ് ശ്രമിച്ചിട്ടുണ്ട്.

പശ്ചിമ ബംഗാളിൽ‍ ഒരു രാജ്യസഭാ സീറ്റുള്ള കോൺ‍ഗ്രസ്സ് ഇതു കാരണമാണ് ആ സീറ്റ് യെച്ചൂരിക്ക് വേണ്ടി വാഗ്ദാനം ചെയ്തത്. അത് കേവല ഔദാര്യമായിരുന്നില്ല മറിച്ച് രാജ്യത്തിന്റെ വിശാലമായ താത്പര്യങ്ങളെ സംരക്ഷിക്കാനുള്ള ശ്രമം ആയിരുന്നു. എന്നാൽ‍ സിപിഎമ്മിന്റെ കേരളഘടകത്തിന്റെ എതിർ‍പ്പ് കാരണം യെച്ചൂരിയെ രാജ്യസഭയിലെത്തിക്കാൻ‍ സാധിച്ചില്ല. അഴിമതി ആരോപണങ്ങൾ‍ ഉന്നയിക്കുന്നവർ‍ കഴന്പുള്ള ആരോപണങ്ങൾ‍ അല്ല പലപ്പോഴും ആരോപിക്കുന്നതെന്നും, ഇത് എല്ലാ കക്ഷികളും തിരിച്ചറിയണമെന്നും പറഞ്ഞ ഉമ്മൻ‍ ചാണ്ടി ബോഫേഴ്സ് ആരോപണം ഉന്നയിച്ചവർ‍ക്ക് പിന്നീട് അധികാരത്തിലെത്തിയിട്ട് പോലും അതിനെ പറ്റി അന്വേഷിക്കാനോ എന്തെങ്കിലും കണ്ടെത്താനോ സാധിച്ചിട്ടില്ലെന്നും ഉദാഹരണമായി ചൂണ്ടിക്കാട്ടി.

കേരളത്തിലെ കെപിസിസി സംവിധാനം ശക്തമാണെന്നതിന്റെ തെളിവായിരുന്നു രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കത്തിന്റെ വൻ‍വിജയം. സംസ്ഥാന സർ‍ക്കാരിനെതിരെയുള്ള ശക്തമായ വികാരമാണ് ജനങ്ങളുടെ ഇടയിലുള്ളത്. സാന്പത്തികമായി ഏറെ പ്രതിസന്ധികൾ‍ നേരിടുകയാണ് ഇപ്പോൾ‍ സംസ്ഥാനം. പഞ്ചായത്തുകൾ‍ക്ക്  ചെറിയ ബില്ലുകൾ‍ പോലും മാറ്റി കൊടുക്കാൻ‍ സാധിക്കുന്നില്ല. അതിനിടെ വന്ന ചുഴലികാറ്റ് ദുരന്തം ഈ സാന്പത്തിക ബുദ്ധിമുട്ടുകൾ‍ക്ക് ആക്കം കൂട്ടിയിരിക്കുന്നു. ഇതിനെ നേരിടാനുള്ള ശ്രമങ്ങൾ‍ സംസ്ഥാന സർ‍ക്കാർ‍ നടത്തുന്നുമില്ല. ജേക്കബ് തോമസിന്റെ സസ്പെൻ‍ഷനെ പറ്റി താൻ‍ ഒന്നും പറയാൻ‍ ആഗ്രഹിക്കുന്നില്ലെന്നും കെപിസിസിയുടെ അഭിപ്രായത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വീരേന്ദ്രകുമാറിന്റെ രാജ്യസഭാഗ്വതം രാജിവെച്ച നടപടി സാങ്കേതികമാണെന്നും, ബിജെപിയെ അനുകൂലിക്കുന്ന നിതീഷ് കുമാറിന്റെ പാർ‍ട്ടിയുടെ പ്രതിനിധി എന്ന നിലയിൽ‍ അദ്ദേഹത്തിന് പ്രവർ‍ത്തിക്കാൻ‍ താത്പര്യമില്ലാത്തത് കാരണമാണ് രാജിയെന്നും യുഡിഎഫിൽ‍ നിന്ന് അദ്ദേഹം മാറിപോകുമെന്ന് കരുതുന്നില്ലെന്നും ഉമ്മൻ‍ ചാണ്ടി പറഞ്ഞു. 

ബഹ്റൈനിലെ ഓവർ‍സീസ് കൾ‍ച്ചറൽ‍ കോൺ‍ഗ്രസ്സിലെ ആഭ്യന്തര പ്രശ്നങ്ങൾ‍ താനറിഞ്ഞിട്ടുണ്ടെന്നും, പരാതിയുള്ളവരുമായി താൻ‍ സംസാരിക്കുമെന്നും പറഞ്ഞ ഉമ്മൻ‍ ചാണ്ടി പക്ഷെ ഈ കാര്യത്തിൽ‍ അന്തിമമായി തീരുമാനങ്ങളെടുക്കേണ്ടത് കെപിസിസിയാണെന്നും, പ്രവാസ ലോകത്തെ ഒഐസിസി ഘടങ്ങളെ നിയന്ത്രിക്കാനുള്ള കമ്മിറ്റി പ്രവർ‍ത്തിക്കുന്നുണ്ടെന്നും കൂട്ടിചേർ‍ത്തു. എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനുള്ള ശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed