പതിവ് തെറ്റിക്കാതെ ഉമ്മൻ ചാണ്ടി : രണ്ട് ദിവസത്തെ സന്ദർശനത്തിൽ മുപ്പതോളം പരിപാടികൾ
പതിവ് തെറ്റിക്കാതെ ഉമ്മൻ ചാണ്ടി; രണ്ട് ദിവസത്തെ സന്ദര്‍ശനത്തില്‍ മുപ്പതോളം പരിപാടികൾ
മനാമ : പ്രവാസലോകത്ത് എത്തുന്ന കേരളത്തില്‍ നിന്നുള്ള രാഷ്ട്രീയ നേതാക്കളില്‍ എന്നും ജനകീയ സാന്നിദ്ധ്യമാകാറുള്ള മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇത്തവണയും പതിവ് തെറ്റിക്കുന്നില്ല. രണ്ട് ദിവസങ്ങളിലായി സ്വകാര്യ സന്ദര്‍ശനങ്ങള്‍ അടക്കം മുപ്പതോളം പരിപാടികളാണ് അദ്ദേഹത്തിന് ബഹ്റൈനിലുള്ളത്. ഇന്ന് പുലര്‍ച്ചയോടെയുള്ള ഗള്‍ഫ് എയര്‍ വിമാനത്തില്‍ ബഹ്റൈനിലെത്തിയ അദ്ദേഹത്തെ വിമാനത്താവളം മുതല്‍ അനുയായികള്‍ പൊതിഞ്ഞിരുന്നു. ഇവിടെ ഉണ്ടായ സ്വീകരണ ചടങ്ങില്‍ നിരവധി പേരാണ് പങ്കെടുക്കാനെത്തിയത്. ഇന്ന് രാവിലെ വാര്‍ത്തസമ്മേളനത്തിന് ശേഷം ബഹ്റൈന്‍ ക്രൗണ്‍ പ്രിന്‍സ് കോര്‍ട്ട് പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ ദെയ്ജ് അല്‍ ഖലീഫ, ഡെപ്പ്യൂട്ടി പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ മുബാറക്ക് അല്‍ ഖലീഫയെയും കണ്ട് കൂടികാഴ്ച്ച നടത്തി. ഇന്ന് വൈകുന്നേരം 7.30 ഓടെ ബഹ്റൈന്‍ കേരളീയ സമാജത്തില്‍ വെച്ച് നടക്കുന്ന ഓവര്‍സീസ് കള്‍ച്ചറല്‍ കോണ്‍ഗ്രസ്സ് സംഘടിപ്പിക്കുന്ന ബഹ്റൈന്‍ ദേശീയ ദിനാഘോഷപരിപാടിയില്‍ അദ്ദേഹം സംബന്ധിക്കും.
നാളെയാണ് സ്വീകരണചടങ്ങുകള്‍ ഏറെയുള്ളത്. രാവിലെ എട്ട് മണിക്ക് സെന്‍ട്രല്‍ മാര്‍ക്കറ്റ് സന്ദര്‍ശനമാണ് പ്രാതലിന് ശേഷമുള്ള ആദ്യ ചടങ്ങ്. തുടര്‍ന്ന് 9.30യോടെ സെന്റ് പീറ്റേര്‍സ് പള്ളിയില്‍ അദ്ദേഹം എത്തും. ഇവിടെ നിന്ന് 10 മണിയോടെ സിഞ്ചിലുള്ള ഫ്രണ്ട്സ് അസോസിയേഷന്റെ സ്വീകരണ ചടങ്ങില്‍ പങ്കെടുത്തതിന് ശേഷം സല്‍മാനിയയിലുള്ള സെന്റ് മേരീസ് ഓര്‍ത്തോഡക്സ് ചര്‍ച്ചില്‍ അദ്ദേഹം പോകും. അവിടെ നിന്ന് 11.30ഓടെ ഷിഫാ അല്‍ജസീറ മെഡിക്കല്‍ സെന്ററില്‍ എത്തുന്ന അദ്ദേഹം തുടര്‍ന്ന് സല്‍മാനിയയിലുള്ള സിഎസ് ഐ പള്ളി സന്ദര്‍ശിക്കും. ഹിദ്ദിലുള്ള ദാര്‍ അല്‍ഷിഫ ഹോസ്പിറ്റലിലും ഇതിന് ശേഷം അദ്ദേഹം സന്ദര്‍ശിക്കും. ഉച്ച ഭക്ഷണത്തിന് ശേഷം അദ്ദേഹം താമസിക്കുന്ന ജുഫൈറിലെ പാര്‍ക്ക് റെജീസ് ഹൊട്ടലില്‍ സന്ദര്‍ശകരെ അദ്ദേഹം കാണും. വൈകുന്നേരം നാല് മണി മുതല്‍ സല്‍മാനിയയിലെ സിംസ് ഹാളില്‍ പുതുപ്പള്ളി അസോസിയേഷന്റെ യോഗത്തില്‍ അദ്ദേഹം പങ്കെടുക്കും. ഇതിന് ശേഷം തൊട്ടടുത്ത് തന്നെ സ്ഥിതി ചെയ്യുന്ന ശ്രീനാരായണ കള്‍ച്ചല്‍ സൊസെറ്റിയിലെ സ്വീകരണ ചടങ്ങില്‍ പങ്കെടുക്കും. ഇവിടെ നിന്നും അഞ്ച് മണിയോടെ കോട്ടയം ജില്ലക്കാരുടെ കൂട്ടായ്മ കലവറ ഹാളില്‍ വെച്ച് നല്‍കുന്ന സ്വീകരണത്തില്‍ പങ്കെടുത്തതിന് ശേഷം കാനൂ ഗാര്‍ഡനിലെ ഗുരുദേവ കള്‍ച്ചറല്‍ സെന്റര്‍ സന്ദര്‍ശിക്കും. ആറ് മണിയോടെ ഉമല്‍ഹസം ബാങ്കോങ്ക് ഹാളില്‍ ഒഐസിസി യൂത്ത് വിങ്ങിന്റെ സ്വീകരണ ചടങ്ങില്‍ പങ്കെടുത്തിന് ശേഷം കാള്‍ട്ടണ്‍ ഹൊട്ടലില്‍ വെച്ച് നടക്കുന്ന മെട്രോകൊച്ചി എന്ന ഫിലിം ഫെസ്റ്റിവലിലും അദ്ദേഹം പങ്കെടുക്കും. 7 മണിയോടെ സെന്റ് പോള്‍സ് പള്ളിയില്‍ എത്തുന്ന മുന്‍ മുഖ്യമന്ത്രി അതിന് ശേഷം സല്‍മാനിയയിലെ ഒഐസിസി ഓഫീസ് സന്ദര്‍ശിക്കും. തുടര്‍ന്ന് കേരള കാത്തലിക്ക് അസോസിയേഷന്‍ നിര്‍മ്മിച്ച പുതിയ വികെഎല്‍ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. 8 മണിക്ക് ഇസാടൗണിലെ ഇന്ത്യന്‍ സ്കൂളില്‍ വെച്ച് കെ എം സി സി സംഘടിപ്പിക്കുന്ന ദേശീയ ദിനാഘോഷത്തില്‍ പങ്കെടുത്തതതിന് ശേഷം സനദിലെ മാര്‍ത്തോമ ചര്‍ച്ചിലും അദ്ദേഹം അതിഥിയായി എത്തും. ഇവിടെ നിന്ന് റിഫ ഇന്ത്യന്‍ സ്കൂളില്‍ റിസാല സ്റ്റഡി സെന്ററിന്റെ സാഹിത്യോത്സവ് 2017ലും അദ്ദേഹം മുഖ്യാതിഥിയായി പങ്കെടുക്കും. തുടര്‍ന്ന് നാളെ രാത്രി തന്നെയുള്ള ഗള്‍ഫ് എയര്‍ വിമാനത്തില്‍ ഉമ്മന്‍ ചാണ്ടി നാട്ടിലേയ്ക്ക് തിരിക്കും.

