ബജറ്റ് കമ്മി കുറയ്ക്കാൻ നിർദ്ദേശം സമർപ്പിച്ചു
മനാമ : പെട്രോളിയം ഉൽപ്പന്നങ്ങളിൽനിന്നുള്ള വരുമാനം ബജറ്റിൽ ഉൾപ്പെടുത്തുന്നതിന് എം.പി മുഹമ്മദ് അൽ എമാദി നിർദ്ദേശം സമർപ്പിച്ചു. ഇത് രാജ്യത്തിന്റെ വരുമാനം വർദ്ധിപ്പിക്കാനും കമ്മി, പൊതു കടം എന്നിവ കുറയ്ക്കാനും സഹായിക്കുമെന്ന് എം.പി പറഞ്ഞു. ബജറ്റിൽ പെട്രോളിയം മേഖലയുടെ സംഭാവന എണ്ണ −ഇതര വരുമാനങ്ങളേക്കാൾ വലുതാണെന്നും അതിനാൽ സന്പദ്ഘടന മെച്ചപ്പെടുത്തുകയും ഇതിലൂടെ പൗരന്മാർക്ക് നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. ആഗോള വിപണിയിൽ വില കുറയുന്നതിനും ഈ പദ്ധതി പരിഹാരമാകും.
2014 മുതൽ എണ്ണ വില കുറയുകയും, രാജ്യത്തിന്റെ പൊതു ബജറ്റിൽ കാര്യമായ സ്വാധീനം ചെലുത്തുകയും ചെയ്തതായും അൽ എമാദി പറഞ്ഞു. രാജ്യത്തിന്റെ ബജറ്റ് എണ്ണയിൽനിന്നുള്ള വരുമാനം അടിസ്ഥാനമാക്കിയാണെന്നും അതുകൊണ്ട്, ലഭ്യമായ എല്ലാ വിഭവങ്ങളിൽനിന്നുമുള്ള വരുമാനം പൊതു ബജറ്റിൽ ഉൾപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പെട്രോളിയം ഉൽപ്പന്നങ്ങളിൽനിന്നുള്ള വരുമാനം പൊതു ബജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും, ഓയിൽ ആൻഡ് ഗ്യാസ് ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അടുത്ത സാന്പത്തിക വർഷത്തെ പൊതുബജറ്റിൽ പെട്രോളിയം ഉൽപ്പന്നങ്ങളിൽനിന്നുള്ള വരുമാനം ഉൾപ്പെടുത്തുന്നതിന് ആവശ്യമായ നടപടിക്രമങ്ങൾ സ്വീകരിക്കണമെന്ന് പാർലമെന്റിലെ ഫിനാൻഷ്യൽ ആന്റ് എക്കണോമിക് കമ്മിറ്റി അംഗം കൂടിയായ അൽ എമാദി കൂട്ടിച്ചേർത്തു.

