ക്രിസ്തുമസ്, നവവത്സര ആഘോഷം : വിമാന കന്പനികൾക്ക് ഉണർവ്വ്
മനാമ : ക്രിസ്തുമസ്, നവവത്സരാഘോഷങ്ങൾ സജീവമായതോടെ ബഹ്റൈൻ വിമാനത്താവളത്തിലും തിരക്ക് വർദ്ധിച്ചു. ബഹ്റൈൻ ദേശീയ ദിനാഘോഷത്തിനോടനുബന്ധിച്ച് ലഭിച്ച അവധികളും പരമാവധി മുതലാക്കി നാട്ടിലേയ്ക്കും മറ്റ് വിദേശരാജ്യങ്ങളിലേയ്ക്കും യാത്ര ചെയ്യുന്നവരിൽ പ്രവാസികളുടെ എണ്ണവും ഏറെയാണ്. മിക്ക വിദ്യാലയങ്ങളിലും ഈ നേരത്ത് ഹ്രസ്വമായ അവധി നൽകിയതും യാത്ര ചെയ്യാൻ പലരെയും പ്രേരിപ്പിക്കുന്നുണ്ട്. സാന്പത്തിക പ്രതിസന്ധി തുടരുന്നത് കാരണം കൂടുതൽ പേർ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് എയർലൈൻസുകളെയാണ്. ഇതോടൊപ്പം ടിക്കറ്റ് ചാർജ്ജ് കുറവാണെങ്കിൽ ഒന്നോ രണ്ടോ വിമാനത്താവളങ്ങളിൽ ഇറങ്ങി കയറാനും മിക്കവർക്കും ഇത്തവണ മടിയില്ല.
ഓൺലൈനിലൂടെ ഏറ്റവും ചുരുങ്ങിയ നിരക്കിൽ ടിക്കറ്റുകൾ വാങ്ങാൻ സാധിക്കുന്നത് കാരണം ട്രാവൽ ഏജൻസികൾ പലരും പാക്കേജ് ടൂറുകൾ ഒരുക്കിയാണ് ഉപഭോക്താക്കളെ സംതൃപ്തിപ്പെടുത്തുന്നത്. ഡിസംബർ പകുതിയോടെ ആരംഭിക്കുന്ന ഈ ഒരു പ്രവണത ജനുവരി പകുതി വരെയാണ് നീളുക എന്ന് ട്രാവൽ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ അറിയിച്ചു.

