6 വയസിന് താഴെയുള്ളവർക്ക് സ്കൂളുകളിൽ പ്രവേശനം നൽകാൻ നിർബന്ധിതരല്ലെന്ന് വിദ്യാഭ്യാസ മന്ത്രി
മനാമ : പബ്ലിക് സ്കൂളുകളിൽ ഒന്നാം ക്ലാസിൽ ആറ് വയസിന് താഴെയുള്ള വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകാൻ വിദ്യാഭ്യാസ മന്ത്രാലയം നിർബന്ധിതരല്ലെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. മജിദ് അൽ നുഐമി പറഞ്ഞു. ഈ വർഷം പബ്ലിക് സ്കൂളുകളിൽ ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം നൽകാത്തതിനെക്കുറിച്ച് പാർലിമെന്റിൽ എംപി മുഹമ്മദ് അൽ ജൗദറുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. “സ്കൂൾ വർഷത്തിന്റെ ആരംഭം മുതൽ വിദ്യാഭ്യാസം ലഭ്യമാക്കുക എന്നത് ആറ് വയസ് മുതലുള്ള കുട്ടികളുടെ അവകാശമാണെന്നും, അവർക്ക് വിദ്യാഭ്യാസം നൽകുക എന്നത് രാജ്യത്തിന്റെ വിദ്യാഭ്യാസ നിയമം ഉറപ്പുനൽകുന്നുവെന്നും അൽ നുഐമി വ്യക്തമാക്കി.
ആറ് വയസ് പൂർത്തിയായ എല്ലാ കുട്ടികൾക്കും സ്കൂളുകളിൽ സീറ്റുകൾ ഉറപ്പാക്കുന്നതിന് ഈ വർഷം മന്ത്രാലയത്തിനായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്കൂളുകളിൽ അവശേഷിക്കുന്ന സീറ്റുകളെക്കുറിച്ച് പഠിച്ചതിനുശേഷം 2011 സപ്തംബർ, ഒക്ടോബർ, നവംബർ മാസങ്ങളിൽ ജനിച്ച കുട്ടികൾക്കും (ആറ് വയസിനെക്കാൾ 1−3 മാസം വരെ കുറവ്) പ്രവേശനം നൽകിയിട്ടുണ്ട്. ഈ രീതിയിൽ ആറ് വയസിൽ താഴെയുള്ള കുട്ടികളിൽ പബ്ലിക് സ്കൂളുകളിൽ ചേർന്നവരുടെ എണ്ണം 3,400 ആണ്. ഇത് 5 പുതിയ പ്രൈമറി സ്കൂളുകളിലെ ശേഷിക്ക് തുല്യമാണ്. ഇതിൽ 2011 ഡിസംബറിൽ ജനിച്ചവർ 1,300 കുട്ടികളാണെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. വികസിത രാജ്യങ്ങളുൾപ്പെടെ ലോകത്തിലെ മിക്ക രാജ്യങ്ങളും ആറ് വയസ് പൂർത്തിയായവർക്കാണ് അഡ്മിഷൻ നൽകുന്നത്. പ്രാഥമിക വിദ്യാലയ ജീവിതം ആരംഭിക്കുന്നതിന് ഉചിതമായ പ്രായം കുറഞ്ഞത് ആറ് വയസ് ആണെന്നാണ് പല വിദ്യാഭ്യാസ പഠനങ്ങളും സൂചിപ്പിക്കുന്നത്. ആ പ്രായത്തിന് താഴെയുള്ള കുട്ടികൾക്ക് പഠിക്കുന്ന കാര്യങ്ങൾ പൂർണ്ണമായി ഉൾക്കൊള്ളാൻ കഴിയാത്തത് ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. ആ പ്രായത്തിന് മുന്പേ അവർ അവരുടെ കുട്ടിക്കാലം മുഴുവൻ ആസ്വദിക്കണമെന്നും ഡോ. അൽ നുഐമി കൂട്ടിച്ചേർത്തു.
ഈ വർഷമാദ്യം ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് മന്ത്രാലയം പ്രവേശനം നിഷേധിച്ചിരുന്നു. മന്ത്രാലയത്തിന്റെ തീരുമാനം കുട്ടികളുടെ വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിക്കുമെന്ന് പരാതി ഉയർന്നതിനെത്തുടർന്നാണ് എംപി വിഷയം സഭയിൽ ഉന്നയിച്ചത്.

