സൈബർ ലോകത്തോടുള്ള ആഭിമുഖ്യം ബന്ധങ്ങളിൽ ആഘാതമുണ്ടാക്കി : ഗോപിനാഥ് മുതുകാട്
മനാമ : സൈബർ ലോകത്തോടുള്ള പുതിയ തലമുറയുടെ ആഭിമുഖ്യം വ്യക്തിജീവിതത്തിലും കുടുംബ ബന്ധങ്ങളിലും ആഴത്തിൽ സ്വാധീനം ചെലുത്തുന്നതായി പ്രശസ്ത മജീഷ്യനും പ്രഭാഷകനുമായ പ്രഫ. ഗോപിനാഥ് മുതുകാട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കൗമാരക്കാരുടെ ജീവിതത്തിൽ സൈബർ അടിമത്തം ഗുരുതരമായ പ്രശ്‌നങ്ങൾക്ക് കാരണമാകുന്നത് പോലെ കുടുംബ ബന്ധങ്ങളെ ഉലയ്ക്കുന്ന തരത്തിൽ മുതിർന്നവരിലും സൈബർ സ്വാധീനം ശക്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജീവിതത്തിൽ ഒരു മൂല്യത്തിനും വില കൽപ്പിക്കേണ്ടതില്ലെന്ന പുതിയ ബോധമാണ് സൃഷ്ടിക്കപ്പെടുന്നത്. ബന്ധങ്ങളുടെ ഊഷ്മളത ചോർന്ന് പോകുന്നു. ഇത്തരത്തിൽ കൗമാരം അഭിമുഖീകരിക്കുന്ന നിരവധി വിഷയങ്ങൾ ഗൗരവമായി കാണേണ്ടതുണ്ട്. കുടുംബത്തോടൊപ്പം ഇരുത്തിക്കൊണ്ടു തന്നെ ഇത്തരം പ്രശ്‌നങ്ങൾക്കു പരിഹാരം നിർദ്ദേശിക്കാനുള്ള ശ്രമമാണ് തന്റെ ‘എം ക്യൂബ്’ (മോൾഡിംഗ് മൈൻഡ്‌സ് മാജിക്കലി) എന്ന പരിപാടിയെന്ന് അദ്ദേഹം പറഞ്ഞു.
‘എം ക്യൂബ്’ പരിപാടി ഇന്ന് ബഹ്‌റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടക്കും. വൈകീട്ട് 6.30 മുതലാണ് മാജിക്കിനെ സംയോജിപ്പിച്ചുള്ള മോട്ടിവേഷൻ ക്ലാസ്സ് നടക്കുക. തികച്ചും സൗജന്യമായ ‘എം ക്യൂബ്’ പരിപാടിയിലേക്ക് തൽപ്‍പരരായ മുഴുവൻ ബഹ്‌റൈൻ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 33750999, 39853118, 39678075, 33049498. ബഹ്‌റൈനുമായി തനിക്ക് വലിയ അത്മബന്ധമുണ്ടെന്നും അതിനാൽ ബഹ്‌റൈനി സമൂഹത്തെ അഭിസംബോധന ചെയ്യാൽ ലഭിക്കുന്ന അവസരം ആവേശം പകരുന്നതാണെന്നും മുതുകാട് കൂട്ടിച്ചേർത്തു.
ഭിന്നശേഷിയുള്ള കുട്ടികൾക്കായി കൊയിലാണ്ടിയിൽ പ്രവർത്തിക്കുന്ന നെസ്റ്റ് ഇന്റർനാഷനൽ അക്കാദമി ആന്റ് റിസർച്ച് സെന്ററി(നിയാർക്ക്)ന്റെ ബഹ്‌റൈൻ ചാപ്റ്റർ സംഘടിപ്പിക്കുന്ന പരിപാടിയിൽ ആത്മാർഥമായാണ് താൻ പങ്കെടുക്കുന്നത്. ഇത്തരത്തിലുള്ള കുട്ടികളെ ജീവിതത്തിന്റെ മുഖ്യധാരയിൽ എത്തിക്കുന്നതിന് തന്റെ നേതൃത്വത്തിലുള്ള മാജിക് അക്കാഡമി പ്രധാന പങ്കു വഹിക്കുന്നു. ഇങ്ങനെയുള്ള ഒരു കുട്ടി ജനിക്കുന്നതോടെ അതു കുടുംബത്തിൽ ഉണ്ടാക്കുന്ന ആഘാതം വളരെ വലുതാണ്. ഇത്തരത്തിൽ ജനിക്കുന്നവരുടെ പരിശീലനത്തിനും പുനരധിവാസത്തിനും അന്താരാഷ്ട്ര തലത്തിൽ ലഭ്യമായ ഏറ്റവും പുതിയ സങ്കേതങ്ങൾ പ്രയോജനപ്പെടുത്തേണ്ടതുണ്ട്. സർക്കാർ മുന്നോട്ടു വെച്ച ഇത്തരം പ്രവർത്തനങ്ങളിൽ പങ്കാളിയായതിന്റെ അനുഭവം അദ്ദേഹം വിശദമാക്കി. കൊയിലാണ്ടിയിൽ പ്രവർത്തിച്ചു വരുന്ന നെസ്റ്റ് ഈയിടെ സന്ദർശിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. കൊയിലാണ്ടി താലൂക്കിലെ പന്തലായനിയിൽ മൂന്ന് ഏക്കർ എഴുപത് സെന്റ് സ്ഥലത്തു ഇക്കഴിഞ്ഞ ജൂലൈ മാസം മുഖ്യമന്ത്രി പിണറായി വിജയൻ നിയാർക്കിന്റെ കെട്ടിടത്തിന് തറക്കല്ലിട്ട് നിർമ്‍മാണം തുടങ്ങുന്നതിനോടനുബന്ധിച്ചു നാട്ടിലും വിദേശ ചാപ്റ്ററുകളിലും നടന്ന് വരുന്ന ക്യാന്പയിന്റെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ നെസ്റ്റ് കൊയിലാണ്ടി ചെയർമാൻ അബ്ദുല്ല കരുവാഞ്ചേരി, ജനറൽ സെക്രട്ടറി സി.കെ യൂനുസ്, നിയാർക്ക് ഗ്ലോബൽ വൈസ് ചെയർമാൻ അബ്ദുൽ നാസർ, നിയാർക്ക് ബഹ്‌റൈൻ ചാപ്റ്റർ ചെയർമാൻ കെ.ടി സലിം, ട്രഷറർ അസീൽ അബ്ദുറഹിമാൻ എന്നിവർ സംബന്ധിച്ചു.

