കൊട്ടിക്കലാശം പൂർത്തിയായി : അവകാശവാദങ്ങളും ആരോപണ പ്രത്യാരോപണങ്ങളുമായി മുന്നണികൾ
മനാമ : ഇന്ത്യൻ സ്കൂളിന്റെ അടുത്ത മൂന്ന് വർഷത്തേയ്ക്കുള്ള ഭരണം തങ്ങളുടേതാക്കിത്തീർക്കാൻ കയ്യും മെയ്യും മറന്ന് അവസാന വട്ട പ്രവർത്തനത്തിലാണ് പാനലുകൾ. പ്രധാനമായും ഇന്ത്യൻ സ്കൂളിൽ ഭരണം നടത്തിയവരും ഇപ്പോൾ ഭരിക്കുന്നവരും തമ്മിൽ തന്നെയാണ് പ്രധാന മത്സരങ്ങൾ. ഇതോടൊപ്പം പല കമ്മിറ്റികളിൽ നിന്നും പരസ്പരം കാലുമാറിയവരും കാല് വാരിയവരും മറുപക്ഷങ്ങളിൽ ചേക്കേറിയവരും കമ്മിറ്റിയിൽ നിന്ന് അടർന്ന് പോയവരും ആയിട്ടുള്ള രക്ഷിതാക്കളും അവരെ പിന്തുണയ്ക്കുന്ന കുറെ ആളുകളുമാണ് യഥാർത്ഥത്തിൽ ഇത്തവണ മത്സരം കാഴ്ചവെയ്ക്കുന്നത്. ഇന്ത്യൻ സ്കൂൾ നിലവിലെ ഭരണ സമിതിക്കും മുൻപുള്ള ഭരണ സമിതിയുടെ രണ്ട് പ്രവർത്തന കാലഘട്ടത്തിലും സ്കൂൾ ചെയർമാനായിരുന്ന പി.വി രാധാകൃഷ്ണ പിള്ളയുടെ പാനൽ നേതൃത്വം നൽകുന്ന യു.പി.എ എന്ന പാനലും, മൂന്ന് വർഷം മുൻപത്തെ ചെയർമാനായിരുന്ന എബ്രഹാം ജോൺ നയിക്കുന്ന യു.പി.പി പാനലും, കേരളീയ സമാജം സാഹിത്യവിഭാഗം മുൻ കൺവീനറായിരുന്നിട്ടുള്ള വിപിൻ കുമാറിന്റെ നേതൃത്വത്തിലുള്ള പി.പി.എ പാനലുമാണ് പ്രധാന മത്സരം.
യു.പി.എയെ ഫ്രാൻസിസ് കൈതാരത്തിന്റെയും, യു.പി.പിയെ അജയകൃഷ്ണനും, പി.പി.എയെ നിലവിലെ സ്കൂൾ ചെയർമാനായ പ്രിൻസ് നടരാജനുമാണ് നയിക്കുന്നത്. മുഴുവൻ പാനൽ അംഗങ്ങളുമായിട്ടാണ് ഇവർ മത്സരിക്കുന്നത്. ഇതോടൊപ്പം പുതുതായി രംഗത്തെത്തിയ ഐ.പി.എൽ എന്ന പാനലും മൂന്ന് അംഗങ്ങളുടെ പാനലുമായി മുൻ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനി കൂടിയായ രാഖി ജനാർദ്ദനനും മത്സരരംഗത്തുണ്ട്. ആരോപണ പ്രത്യാരോപണങ്ങളും, കുറ്റങ്ങളും നിറച്ചുകൊണ്ട് മലയാളികൾ അടങ്ങുന്ന പാനൽ തന്നെയായിരിക്കും ഇന്ത്യൻ സ്കൂളിന്റെ ചുക്കാൻ പിടിക്കുകയെന്ന് ഏതാണ്ട് ഉറപ്പിച്ച മട്ടാണ്. എല്ലാ പാനലുകളും അന്യസംസ്ഥാനക്കാർക്ക് ഒരു സീറ്റ് നീക്കിവെച്ചപ്പോൾ തമിഴ്നാട് പ്രതിനിധികളെ കൂടുതൽ ഉൾപ്പെടുത്തിയാണ് ഐ.പി.എൽ പാനൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചിട്ടുള്ളത്. വിവിധ പാനലുകൾ ഇതിനോടകം വിവിധ പ്രദേശങ്ങളെയും സംഘടനകളെയും കേന്ദ്രീകരിച്ചുകൊണ്ട് ഉത്സാഹപൂർവ്വം ക്യാന്പയിനുകൾ സംഘടിപ്പിച്ചിട്ടുണ്ട്. ഓരോ പ്രദേശത്തെ സംഘടനകളുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും സ്വാധീനമുള്ളവരെ ഉപയോഗപ്പെടുത്തി ടെലിഫോൺ ക്യാന്പയിനും വളരെ വിപുലമായി നടക്കുന്നുണ്ട്. വിജയം തങ്ങളുടെ പക്ഷത്ത് ഉറപ്പാണെന്ന് എല്ലാ പാനലുകളും ഉറപ്പിക്കുന്പോൾ യഥാർത്ഥ വിജയം ആർക്കെന്ന് പ്രവചിക്കാൻ കഴിയാത്ത വിധത്തിലാണ് നിലവിലെ അവസ്ഥ.
നിലവിലെ ഭരണത്തിന്റെ മേന്മയും സുതാര്യതയും തങ്ങൾക്കനുകൂലമാക്കുമെന്ന് പി.പി.എ അവകാശവാദം ഉന്നയിക്കുന്പോൾ തീർത്തും കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവുമാണ് നിലവിലെ കമ്മിറ്റിയുടെ മുഖമുദ്രയെന്ന് അവർക്കെതിരെ മറുപക്ഷങ്ങളും ആരോപിക്കുന്നു. ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിച്ച തങ്ങൾക്കനുകൂലമാണ് വോട്ടർമാരെന്ന വാദമാണ് യു.പി.പിക്കുള്ളത്. റിഫ ക്യാന്പസ് കരാർ, ബാങ്ക് ലോൺ തിരിച്ചടവ് എന്നിവയുടെ ബാധ്യതകൾ വരുത്തിവെച്ച കമ്മിറ്റിയെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രക്ഷിതാക്കൾ പരാജയപ്പെടുത്തിയതാണെന്നും ആ കമ്മിറ്റിയെ വീണ്ടും തിരിച്ചെടുക്കേണ്ടതില്ലെന്നുമാണ് മറ്റ് എതിർ പാനലുകാരുടെ പക്ഷം. തങ്ങൾ ഭരിച്ചിറങ്ങുന്പോൾ ലാഭത്തിലായിരുന്ന സ്കൂളിനെ പിന്നീട് വന്നവരാണ് കടക്കെണിയിലാക്കിയെതെന്നാണ് യു.പി.എ ആരോപിക്കുന്നത്. കാലുമാറിയവരെയും കൂറുമാറിയവരെയും കൂട്ടിപ്പിടിച്ചുണ്ടാക്കിയ മുന്നണിയെ രക്ഷിതാക്കൾ തിരിച്ചറിയണമെന്ന് മറുപക്ഷവും വാദിക്കുന്നു. എല്ലാ പാനലുകളിൽ നിന്നുമുള്ളവരെ തിരഞ്ഞെടുത്തുകൊണ്ട് പാനൽ രാഷ്ട്രീയത്തിന് അന്ത്യം കുറിക്കണമെന്നാണ് വോയിസ് ഓഫ് പാരന്റ്സ് ആവശ്യപ്പെടുന്നത്. എന്നാൽ ജയിച്ചുകഴിഞ്ഞാൽ ആരുടെയൊപ്പം ഭരിക്കണമെന്ന് പോലും അറിയാത്ത പാനലാണിതെന്ന് പരിഹസിക്കുകയാണ് മറ്റ് പാനലുകാർ.
ആരെയും കുറ്റം പറയാതെ വലിയ തോതിൽ ക്യാന്പയിനുകൾ സംഘടിപ്പിക്കാതെ തങ്ങളുടെ സ്വാധീനത്തിലുള്ളവരുടെ വോട്ട് പരമാവധി സ്വന്തമാക്കാൻ തമിഴ് വിഭാഗമായ ഐ.പി.എലും നിശബ്ദ പ്രചാരണം നടത്തുന്നുണ്ട്. എന്തായാലും ഇന്ത്യൻ സമൂഹത്തിന്റെ ഏറ്റവും വലിയ സ്കൂൾ ആര് ഭരിക്കുമെന്നുള്ള കാര്യം അറിയാനുള്ള ആകാംക്ഷയിലാണ് ബഹ്റൈനിലെ ഇന്ത്യൻ പൊതുസമൂഹം.

