സംവേദനം സാംസ്കാരിക കൂട്ടായ്മ പ്രവർത്തനമാരംഭിച്ചു
മനാമ : ബഹ്‌റൈനിലെ പുതിയൊരു സാംസ്കാരിക കൂട്ടായ്മയ്ക്ക് കൂടി തുടക്കം കുറിച്ചു. സംവേദനം എന്ന പേരിൽ ആരംഭിച്ച സാംസ്കാരിക കൂട്ടായ്മ പ്രശസ്ത സാഹിത്യകാരൻ പി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഇക്കാലത്ത് സാംസ്കാരിക പ്രവർത്തകരും എഴുത്തുകാരും ഇരുട്ടിൽ നടക്കാൻ ശീലിക്കേണ്ടതുണ്ടെന്നും നമ്മുടെ പൂർവ്വികർ ഇത്തരത്തിൽ കൊടും കൂരിരിട്ടിലൂടെ ബഹുകാതം നടന്നാണ് വെളിച്ചത്തിന്റെ സ്വാതന്ത്രകിരണങ്ങളെ കൈയ്യെത്തിപ്പിടിച്ചതെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.
ഹിറ്റ്‌ലറെപ്പോലുള്ള ഏകാധിപതികളെ തരണം ചെയ്താണ് സ്വാതന്ത്രേച്ഛുക്കൾ മുന്നോട്ട് പോയതെന്നും അതിനാൽ ഇന്ന് കാണുന്ന ഇരുട്ടിനെ നിശ്ചയത്തിലൂടെ നടന്ന് തരണം ചെയ്യാൻ നമുക്ക് കഴിയുമെന്നും പി. സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. ഉദ്ഘാടന സമ്മേളനത്തിൽ എഴുത്തും പ്രതിരോധവും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എല്ലാ മനുഷ്യരും കാലത്തിന്റെ ചുവരിൽ അവരവരുടെ കൈയ്യൊപ്പ് ചാർത്തിയാണ് കടന്നുപോകുന്നത്. അത് പലവിധത്തിലാകാം, അവനവനെ അടയാളപ്പെടുത്താനുള്ള ശ്രമമാണ് എഴുത്ത്. ഒരു ചിത്രകാരൻ നീലയ്ക്കുള്ളിൽ പുതിയ നീല നിറങ്ങളെ കണ്ടെത്തുന്നതുപോലെ കൂട്ടായ്മയ്ക്കുള്ളിൽ പുതിയ കൂട്ടായ്മകളെ കണ്ടെത്തുകയും ഡിസ്കോഴ്സുകൾക്കുള്ള സാധ്യതയെ അനന്തമായി തുറന്നിടുകയും വേണം, അതാണ് സംവേദനവും ചെയ്യുന്നത്. വിയോജിക്കാനും കലഹിക്കാനുമുള്ള അവകാശം നിലനിർത്തുന്നതിനാണ് ഇന്ന് നാം സമരം ചെയ്യുന്നത്. കലഹിക്കുന്നവനെ വിശ്വാസിയായിരിക്കുന്നുള്ളൂ. കലഹം തന്നെയാണ് സ്നേഹവും. ഒരു പ്രതികരണവും ഇല്ലാതെ അനുസരിക്കുന്നവനിൽ നിന്നും വ്യത്യസ്തമായി ഒരു കരച്ചിൽ കൊണ്ടെങ്കിലും പ്രതികരിക്കേണ്ടതുണ്ട്. ഒരു വിശുദ്ധ ക്ഷോഭം വിലാപത്തിൽ അടങ്ങിയിട്ടുണ്ട്. പ്രവാസികൾ ദൂരെനിന്ന് നോക്കിക്കാണുന്നതുകൊണ്ട് നാട്ടിൽ ജീവിക്കുന്നവരെക്കാളധികം വർത്തമാന ഇന്ത്യയുടെ നേർചിത്രം മനസ്സിലാക്കുകയും അതിനാൽ ഇത്തരത്തിലുള്ള സംവേദനങ്ങൾ രൂപപ്പെടുകയും ചെയ്യുന്നു. ഒരു നദി രാഷ്ട്രങ്ങളുടെ അതിരുകളെ ഭേദിച്ച്പോയി, നദി ഒരുമിപ്പിച്ചവരുടെ ഒരു രാഷ്ട്രം ഉണ്ടാക്കുന്നു. ഇതാണ് ഗുലാം അലി ചെയ്യുന്നത്, അലിയുടെ പാട്ടിൽ ഒന്നിച്ചവരുടെ, ബോബ് മാർലിയുടെ പാട്ടിലൊന്നിച്ചവരുടെ ഒരു ദേശമുണ്ട്. അത് ഒരുപക്ഷേ ഇന്ന് കാണുന്ന ദേശരാഷ്ട്രങ്ങളുടെ അതിരുകളെ കടന്ന് പോകുന്ന ഒന്നാവാമെന്നും പി. സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.
സംവേദനം പ്രസിഡണ്ട് അനിൽ വേങ്കോട് അദ്ധ്യക്ഷത വഹിച്ചു. ഫസൽ പേരാന്പ്ര സ്വാഗതവും പങ്കജ് നാഭൻ നന്ദിയും പറഞ്ഞു. സുധീശ് രാഘവൻ, സിറാജ് പള്ളിക്കര, അഷറഫ് പള്ളിക്കര, രജ്ഞൻ ജോസഫ്, സജിമാർക്കോസ് എന്നിവർ നേതൃത്വം നൽകി.


