ഒരു ജോടി ചെരുപ്പും ഡിഎൻഎ പരിശോധനയും കുടുക്കി; ബഹ്റൈനിൽ വീട്ടിൽ കയറി ആക്രമിച്ച മോഷ്ടാക്കൾക്ക് ഏഴ് വർഷം തടവ്
പ്രദീപ് പുറവങ്കര
മനാമ: വീട്ടിൽ അതിക്രമിച്ചു കയറി വീട്ടുടമയെ ലോഹവസ്തു കൊണ്ട് ആക്രമിക്കുകയും 305 ദിനാറിന്റെ പണവും വിലപിടിപ്പുള്ള വസ്തുക്കളും കവരുകയും ചെയ്ത കേസിൽ രണ്ട് പേർക്ക് ഏഴ് വർഷം വീതം തടവ് ശിക്ഷ വിധിച്ചു. പിടിച്ചെടുത്ത സാധനങ്ങൾ കണ്ടുകെട്ടാനും ഫസ്റ്റ് ഹൈ ക്രിമിനൽ കോടതി ഉത്തരവിട്ടു. വീട്ടുടമ പുറത്തുപോയ നേരത്ത് വീടിന്റെ വാതിൽ തുറന്നുകിടക്കുന്ന വിവരം അയൽവാസിയാണ് ഫോണിലൂടെ അറിയിച്ചത്. ഉടൻ വീട്ടിലെത്തിയ ഉടമ പ്രതികളെ അകത്ത് കണ്ടു. രണ്ടാം പ്രതിയെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ഒന്നാം പ്രതി ലോഹവസ്തു കൊണ്ട് മുഖത്ത് അടിക്കുകയും മുറിവേൽപ്പിക്കുകയും ചെയ്ത ശേഷം ഇരുവരും കടന്നുകളഞ്ഞു.
പരിക്കേറ്റയാളെ ശ്രദ്ധിച്ച ദൃക്സാക്ഷി പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് ആംബുലൻസിൽ എത്തി ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടിൽ നടത്തിയ പരിശോധനയിൽ 250 ദിനാർ ഉണ്ടായിരുന്ന പേഴ്സും 55 ദിനാർ വിലമതിക്കുന്ന മൂന്ന് വനിതാ വാച്ചുകളും മോഷണം പോയതായി വ്യക്തമായി. വീടിന് സമീപത്ത് നിന്ന് കണ്ടെത്തിയ ചെരുപ്പിൽ നിന്നുള്ള കോശങ്ങൾ രണ്ടാം പ്രതിയുടേതാണെന്ന് ഫോറൻസിക് പരിശോധനയിൽ സ്ഥിരീകരിച്ചു. ഒന്നാം നിലയിലെ കിടപ്പുമുറിയിലെ കാബിനറ്റ് ഹാൻഡിലിൽ നിന്ന് ശേഖരിച്ച സാമ്പിളിൽ ഒന്നാം പ്രതിയുടെ ഡിഎൻഎയും തെളിഞ്ഞു.
ചെറുത്തുനിൽപ്പ് ഇല്ലാതാക്കി വസ്തുക്കൾ കൈക്കലാക്കാനായി ലോഹവസ്തു കൊണ്ട് ആക്രമിച്ച ശേഷം ബലപ്രയോഗത്തിലൂടെ മോഷണം നടത്തിയതിനും, അക്രമം നടത്തുകയെന്ന ഉദ്ദേശത്തോടെ അനധികൃതമായി വീട്ടിൽ കയറിയതിനുമാണ് പബ്ലിക് പ്രോസിക്യൂഷൻ ഇരുവർക്കുമെതിരെ കുറ്റം ചുമത്തിയത്.
zxcxcxzc


