സർക്കാർ താൽക്കാലിക ജീവനക്കാരെ ഒരു വർഷത്തിന് ശേഷം സ്ഥിരപ്പെടുത്തുന്ന ബില്ലിനെ എതിർത്ത് ശൂറ കൗൺസിൽ


പ്രദീപ് പുറവങ്കര

മനാമ: സർക്കാർ താൽക്കാലിക ജീവനക്കാരെ ഒരു വർഷത്തിന് ശേഷം സ്ഥിരപ്പെടുത്തുന്ന ബില്ലിനെ എതിത്ത് ശൂറ കൗൺസിൽ. ബഹ്‌റൈനിലെ താൽക്കാലിക, പാർട്ട് ടൈം ജീവനക്കാരെ 12 മാസത്തെ സേവനത്തിന് ശേഷം സ്ഥിരപ്പെടുത്താൻ വ്യവസ്ഥ ചെയ്യുന്ന പാർലമെന്ററി ബിൽ ഞായറാഴ്ചത്തെ ശൂറ കൗൺസിൽ യോഗത്തിൽ തള്ളിക്കളയാനാണ് സാധ്യത. നിലവിലില്ലാത്ത തസ്തികകളിലേക്ക് ജീവനക്കാരെ നിയമിക്കേണ്ട അവസ്ഥ ഇത് മന്ത്രാലയങ്ങൾക്ക് ഉണ്ടാക്കുമെന്ന് ശൂറ കൗൺസിലിന്റെ ലെജിസ്ലേറ്റീവ് ആൻഡ് ലീഗൽ അഫയേഴ്സ് കമ്മിറ്റി മുന്നറിയിപ്പ് നൽകി. ബിൽ നിരസിക്കാൻ ദലാൽ അൽ സായിദിന്റെ നേതൃത്വത്തിലുള്ള സമിതി അംഗങ്ങളോട് ആവശ്യപ്പെട്ടു.

ഒഴിവോ സാമ്പത്തിക സൗകര്യമോ ജീവനക്കാരുടെ എണ്ണത്തിൽ പരിധിയോ ഇല്ലാത്ത സാഹചര്യത്തിൽ, സേവന കാലാവധി മാത്രം മാനദണ്ഡമാക്കി സ്ഥിരനിയമനം നൽകുന്നത് പ്രായോഗികമല്ലെന്ന് സമിതി വ്യക്തമാക്കി. നിയമം നിലവിൽ വന്ന് ഒരു വർഷത്തിനുള്ളിൽ നിലവിലുള്ള താൽക്കാലിക, പാർട്ട് ടൈം ജീവനക്കാരുടെ പദവിയും പുതിയ ചട്ടങ്ങൾക്ക് അനുസൃതമായി മാറ്റണമെന്നാണ് ബില്ലിൽ പറയുന്നത്. എന്നാൽ ശമ്പളപ്പട്ടികയിൽ ഒരു വർഷം പൂർത്തിയാക്കിയതുകൊണ്ട് മാത്രം സ്ഥിരമായ ഒരു ജോലി കാത്തിരിപ്പുണ്ടാകണമെന്നില്ലെന്ന് സമിതി ചൂണ്ടിക്കാട്ടി.

തസ്തികയോ ഫണ്ടോ ഇല്ലാത്ത നിയമന നടപടികൾ സ്വീകരിക്കാൻ വകുപ്പുകൾ നിയമപരമായി നിർബന്ധിതരാകാൻ ബിൽ കാരണമായേക്കാമെന്നും മുന്നറിയിപ്പുണ്ട്. സിവിൽ സർവീസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം 2026 ഒക്ടോബറിൽ 83 ബഹ്‌റൈൻ പൗരന്മാർ മാത്രമാണ് സർക്കാരിൽ താൽക്കാലിക ജോലിയിലുള്ളത്; 2023 നവംബറിൽ ഇത് 198-ഉം 2025 ഡിസംബറിൽ 112-ഉം ആയിരുന്നു. കൂടാതെ 135 പേർ പാർട്ട് ടൈം ജോലി ചെയ്യുന്നുണ്ട്. ഈ കണക്കുകൾ പ്രകാരം ഹ്രസ്വകാല നിയമനങ്ങൾ നിയമഭേദഗതി ആവശ്യപ്പെടുന്നത്ര വ്യാപകമായ പ്രശ്നമല്ലെന്ന് സമിതി വിലയിരുത്തി.

സ്ഥിരപ്പെടുത്തുന്നതിന് മുൻപുള്ള യോഗ്യതാ പരിശോധന ബില്ലിൽ നിന്ന് ഒഴിവാക്കിയതിനെയും സമിതി വിമർശിച്ചു. പരിശോധന ഒഴിവാക്കുന്നത് നീതിപൂർവ്വമായ നിയമനങ്ങളെ ബാധിക്കുമെന്നും സമാന ജോലികൾ തേടുന്ന മറ്റ് യോഗ്യരായ ബഹ്‌റൈൻ പൗരന്മാർക്ക് തിരിച്ചടിയായേക്കാമെന്നും സമിതി വ്യക്തമാക്കി. അവധിയിലുള്ളവർക്ക് പകരമായോ ഹ്രസ്വകാല ജോലികൾക്കോ നിശ്ചിത കാലാവധിയുള്ള പ്രോജക്റ്റുകൾക്കോ ആണ് താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നത്. സീസണൽ ജോലികൾക്കും പ്രത്യേക ചുമതലകൾക്കും മുഴുവൻ സമയ ജീവനക്കാർ ആവശ്യമില്ലാത്ത ജോലികൾക്കുമാണ് പാർട്ട് ടൈം ജീവനക്കാരെ നിയോഗിക്കുന്നത്.

article-image

sfdfsfdfds

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed