ഷോപ്പിംഗ് ഫെസ്റ്റിവൽ മുതൽ മുഹറഖ് നൈറ്റ്സ് വരെ; സെലിബ്രേറ്റ് ബഹ്‌റൈൻ 2026'-ന് ഡിസംബറിൽ തുടക്കമാകും
പ്രദീപ് പുറവങ്കര
മനാമ: ഷോപ്പിംഗും സാംസ്കാരിക പരിപാടികളും കുടുംബ വിനോദങ്ങളും കായിക മത്സരങ്ങളുമായി ഡിസംബർ മാസത്തിൽ ബഹ്‌റൈൻ ആഘോഷങ്ങളിലേക്ക്. 'ലിവ് എവരി മൊമെന്റ്' എന്ന പ്രമേയത്തിൽ 'സെലിബ്രേറ്റ് ബഹ്‌റൈൻ 2026' ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി (ബിടിഇഎ) പ്രഖ്യാപിച്ചു. അഞ്ചാം പതിപ്പിലേക്ക് കടക്കുന്ന ആഘോഷങ്ങളിൽ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ വിവിധ ഗവർണറേറ്റുകളിലായി വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.
ഡിസംബർ ഒന്ന് മുതൽ 30 വരെ നടക്കുന്ന ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമാകുന്നത്. സിറ്റി സെന്റർ ബഹ്‌റൈൻ, മറാസി ഗലേറിയ തുടങ്ങിയ പ്രമുഖ മാളുകളിലും ഷോപ്പിംഗ് കേന്ദ്രങ്ങളിലും ഓഫറുകളും സമ്മാനങ്ങളും ലഭിക്കും. ഡിസംബർ രണ്ട് മുതൽ 19 വരെ നടക്കുന്ന 'വെൻ ഡബ്ല്യു ബികെഎം' ഫെസ്റ്റിവലിൽ നാടകങ്ങൾ, നാടോടിക്കലകൾ, കുട്ടികളുടെ പരിപാടികൾ, മത്സരങ്ങൾ എന്നിവ അണിനിരക്കും.
പൈതൃകവും കലയും മുൻനിർത്തി നിരവധി പരിപാടികളുമുണ്ട്. മുത്തുവാരൽ പാതയിലൂടെ നടക്കുന്ന 'മുഹറഖ് നൈറ്റ്സ്' ഞായർ മുതൽ ബുധൻ വരെ വൈകുന്നേരം അഞ്ച് മുതൽ രാത്രി 10 വരെയും വാരാന്ത്യങ്ങളിൽ അർദ്ധരാത്രി വരെയും നടക്കും. ഡിസംബർ 24 മുതൽ ജനുവരി 23 വരെ മനാമ സൂക്കിൽ 'ഹവാ അൽ മനാമ' അരങ്ങേറും. വാർത്താവിതരണ മന്ത്രാലയം സംഘടിപ്പിക്കുന്ന ഹെറിറ്റേജ് വില്ലേജ് ഫെസ്റ്റിവൽ ഡിസംബർ മൂന്ന് മുതൽ 26 വരെയാണ്.
ബുദയ്യ ബൊട്ടാണിക്കൽ ഗാർഡൻസിൽ ഡിസംബർ അഞ്ച് മുതൽ ഫെബ്രുവരി 13 വരെ ബഹ്‌റൈൻ ഫാർമേഴ്സ് മാർക്കറ്റ് നടക്കും. പ്രാദേശിക കാർഷിക ഉൽപ്പന്നങ്ങൾ, നഴ്സറികൾ, ഈത്തപ്പഴ കടകൾ, തേനീച്ച വളർത്തൽ കേന്ദ്രങ്ങൾ, കഫേകൾ എന്നിവയും ശനിയാഴ്ചകളിൽ അനുബന്ധ പരിപാടികളും ഇവിടെയുണ്ടാകും.
ബിയോൺ അൽ ദാന ആംഫിതിയേറ്ററിൽ സംഗീത പരിപാടികളും റാഷിദ് ഇക്വസ്റ്റ്യൻ ആൻഡ് ഹോഴ്സ് റേസിംഗ് ക്ലബ്ബിൽ കുതിരപ്പന്തയ മത്സരങ്ങളും അരങ്ങേറും. വിവിധ കേന്ദ്രങ്ങളിലെ വെടിക്കെട്ടോടും ഡ്രോൺ പ്രദർശനത്തോടും കൂടി ആഘോഷങ്ങൾക്ക് സമാപനമാകും. വിവരങ്ങൾക്ക് @tourismbahrain.ar എന്ന സോഷ്യൽ മീഡിയ അക്കൗണ്ടോ www.bahrain.com വെബ്സൈറ്റോ ബിടിഇഎ മൊബൈൽ ആപ്പോ സന്ദർശിക്കാവുന്നതാണ്.
esfdsdfdsfds


