ഭീതി വിതച്ച് ബൂരിയിൽ പൈപ്പ് ലൈൻ സ്‌ഫോടനം
മനാമ : ഇന്നലെ രാത്രി ബൂരിയിൽ ഉണ്ടായ എണ്ണ പൈപ്പ് തീപ്പിടുത്തവും പൊട്ടിത്തെറിയും രാജ്യത്തെ ഭീതിയിലാഴ്ത്തി. രാത്രി 11 മണിയോടെയായിരുന്നു ബൂരിയിലെ അൽ അമൽ ആശുപത്രിക്ക് സമീപത്തെ ഓയിൽ പൈപിന് തീപിടിച്ചത്. നൂറ് മീറ്ററോളം ഉയരത്തിൽ പടർന്ന തീ പരിസരവാസികളിൽ ഭീതി പരത്തിയിരുന്നു. ഉടൻ തന്നെ സ്ഥലത്തെത്തിയ പോലീസും അഗ്നി ശമന വിഭാഗവും പരിസരത്തെ മാർക്കറ്റ്, ആശുപത്രി, ഫ്‌ളാറ്റുകൾ തുടങ്ങിയ ഇടങ്ങളിലെ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റി. രാവിലെയോടെയാണ് തീ നിയന്ത്രണവിധേയമായത്.
സൗദി കാസ്−വെ വഴി ബഹ്റൈനിലേയ്ക്കുള്ള ഓയിൽ പൈപ്പാണ് തീപിടിച്ച് പൊട്ടിത്തെറിച്ചത്. അപകടത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. സ്‌ഫോടനത്തെപ്പറ്റി അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 55 കിലോമീറ്ററോളം ദൂരത്തിലാണ് സൗദിയിൽ നിന്നും ബഹ്റൈനിലേയ്ക്കുള്ള ഓയിൽ പൈപ്പ് ലൈൻ സ്ഥാപിച്ചിട്ടുള്ളത്. 230,000 ബാരൽ എണ്ണയാണ് നിത്യേന ഈ പൈപ്പ് വഴി ഒഴുകുന്നത്. തീപ്പിടുത്തത്തെ തുടർന്ന് പൈപ്പ് ലൈൻ അടച്ചിട്ടു.


