പട്ടികളെ ഉപയോഗിച്ച് അനധികൃത പോര് നടത്തിയവരെ പോലീസ് അറസ്റ്റ് ചെയ്തു
മനാമ: പട്ടികളെ ഉപയോഗിച്ച് അനധികൃതമായി പോര് നടത്തുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ, സംഭവവുമായി ബന്ധപ്പെട്ടവരെ പോലീസ് അറസ്റ്റ് ചെയ്തു. വീഡിയോയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനമുയർന്നിരുന്നു. വീഡിയോയിൽ ഉൾപ്പെട്ടവരെ കണ്ടെത്തിയതായി ബഹ്റൈൻ സൊസൈറ്റി ഫോർ ദി പ്രിവൻഷൻ ഓഫ് ക്രൂവൽറ്റി ടു ആനിമൽസ് (ബി.എസ്.പി.സി.എ) ചെയർമാൻ മഹ്മൂദ് ഫറജ് പറഞ്ഞു.
മൃഗങ്ങളുടെ സംരക്ഷണവും ക്ഷേമവും നടപ്പാക്കുന്നതിൽ രാജ്യം എല്ലായ്പ്പോഴും മുൻപന്തിയിൽ തന്നെ നിൽക്കും. ഇത്തരം കൊടിയ പ്രവൃത്തികൾ സ്വീകാര്യമല്ലെന്നും ചെയർമാൻ പറഞ്ഞു. ഈ കേസ് പബ്ലിക് പ്രോസിക്യൂഷന് സമർപ്പിക്കുമെന്നും പരമാവധി ശിക്ഷ കുറ്റവാളികൾക്ക് വാങ്ങിക്കൊടുക്കാൻ ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.


