തോമസ് ചാണ്ടിക്കെതിരെ എ.ജിയുടെ നിയമോപദേശം
തിരുവനന്തപുരം: റിസോർട്ട് നിർമ്‍മാണത്തിനായി കായൽ കൈയ്യേറിയ വിഷയത്തിൽ ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെ കുരുക്ക് മുറുന്നു. തോമസ് ചാണ്ടിക്ക് എതിരെയുള്ള കളക്ടറുടെ റിപ്പോർട്ട് തള്ളാനാകില്ലെന്ന് എ.ജി നിയമോപദേശം നൽകി. തുടർനടപടികൾ സർക്കാരിന് തീരുമാനിക്കാമെന്നും നിയമോപദേശത്തിൽ പറയുന്നു.
മന്ത്രിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോർട്ട് അനധികൃതമായി ഭൂമി കൈയേറിയെന്ന് കേസിൽ ആലപ്പുഴ ജില്ലാ കളക്ടർ ടി.വി അനുപമ സമർപ്പിച്ച റിപ്പോർട്ടിനാണ് നിയമസാധുത വ്യക്തമാക്കി അഡ്വക്കേറ്റ് ജനറൽ നിയമോപദേശം നൽകിയത്. സി.പി.എമ്മും സി.പി.ഐയും കൈയൊഴിഞ്ഞതിന് പിന്നാലെ നിയമോപദേശം കൂടി എത്തിയതോടെ തോമസ് ചാണ്ടിക്ക് കൂടുതൽ തിരിച്ചടിയായി.
നിയമോപദേശം എതിരായതോടെ മന്ത്രി തോമസ് ചാണ്ടി രാജിവെക്കാനുള്ള സാധ്യതയേറി. നാളെ ചേരുന്ന എൽ.ഡി.എഫ് യോഗം ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുത്തേക്കും. തോമസ് ചാണ്ടി വിഷയത്തിൽ തീരുമാനം വൈകിക്കുന്നത് ഉചിതമല്ലെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റിയിലും അഭിപ്രായമുയർന്നു.
അതേസമയം കായൽ കയ്യേറ്റ വിവാദത്തിൽ തോമസ് ചാണ്ടിയെ പിന്തുണച്ച് എൻ.സി.പി വീണ്ടും രംഗത്തിത്തി. തോമസ് ചാണ്ടി മന്ത്രി സ്ഥാനം രാജി വെയ്ക്കില്ലെന്ന് എൻ.സി.പി സംസ്ഥാന നേതൃത്വം അറിയിച്ചു. രാജിക്കാര്യം പാർട്ടി ചർച്ച ചെയ്തിട്ടില്ലെന്നും തോമസ് ചാണ്ടി രാജി സന്നദ്ധത അറിയിച്ചിട്ടില്ലെന്നും എൻ.സി.പി സംസ്ഥാന പ്രസിഡണ്ട് ടി.പി പീതാംബരൻ പറഞ്ഞു. മുൻ മന്ത്രി എ.കെ ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കുമോയെന്ന ചോദ്യത്തിന് ഫോൺ കെണി കേസിൽ കുറ്റവിമുക്തനായാൽ അത് സംഭവിക്കുമെന്ന് പീതാംബരൻ മറുപടി നൽകി.


