ഫ്ളെക്സിബിൾ വർക്ക് പെർമിറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കും : ഒസാമ അൽ അബ്സി
മനാമ : ഈ ആഴ്ച ബാങ്കോക്കിൽ നടന്ന ഗ്ലോബൽ കോംപാക്ട് ഓൺ മൈഗ്രേഷൻ റീജ്യണൽ പ്രീപറ്ററേറ്ററി മീറ്റിംഗിൽ ബഹ്റൈൻ ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ.) സി.ഇ.ഒ ഒസാമ അൽ അബ്സി സംബന്ധിച്ചു. യു.എൻ എക്കണോമിക്ക് ആന്റ് സോഷ്യൽ കമ്മീഷൻ ഓഫ് ഏഷ്യൻ ആന്റ് പസഫിക് ആണ് മീറ്റിംഗ് സംഘടിപ്പിച്ചത്. രാജ്യത്തിന്റെ സ്വകാര്യമേഖലയെ ശക്തിപ്പെടുത്തുന്നതിന് രൂപകൽപ്പന ചെയ്ത ഫ്ളക്സിബിൾ വർക്ക് പെർമിറ്റ് (എഫ്.ഡബ്ല്യു.പി.) നടപ്പാക്കിയതിനെത്തുടർന്നാണ് ബഹ്റൈൻ മീറ്റിംഗിലേയ്ക്ക് ക്ഷണം ലഭിച്ചത്.
ഫ്ളക്സിബിൾ വർക്ക് പെർമിറ്റിലൂടെ വ്യവസ്ഥകൾ പാലിച്ച് ഒന്നിൽക്കൂടുതൽ തൊഴിലുടമകൾക്ക് കീഴിൽ ഒരു സ്പോൺസറുടെയും സഹായമില്ലാതെ ഫുൾടൈം − പാർടൈം ജോലികൾ ചെയ്യാൻ പ്രവാസികൾക്ക് സാധിക്കും. ഏഷ്യയിലെ മൈഗ്രേഷൻ ഫോറത്തിന്റെ റീജിയണൽ കോ-ഓർഡിനേറ്റർ, ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷനിലെ മുതിർന്ന വിദഗ്ദ്ധർ, വിദേശകാര്യ വകുപ്പിന്റെ അണ്ടർ സെക്രട്ടറി, ഫിലിപ്പീൻസ് മൈഗ്രന്റ് വർക്കേഴ്സ് അഫയേഴ്സ് എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി പ്രതിനിധികൾ പങ്കെടുത്തു.
വ്യവസായങ്ങൾക്കും തൊഴിലാളികൾക്കും തുല്യ അവസരങ്ങൾ ലഭ്യമാക്കുന്നതിനാണ് ബഹ്റൈൻ ശ്രമിക്കുന്നതെന്ന് ഒസാമ അൽ അബ്സി പറഞ്ഞു. ഫ്ളക്സിബിൾ വർക്ക് പെർമിന്റെ അന്താരാഷ്ട്ര അംഗീകാരം, മത്സരാധിഷ്ഠിതമായ ആധുനികവും ഫലപ്രദവുമായ ചട്ടക്കൂടുകൾ എന്നിവ ബഹ്റൈൻ ദീർഘകാലാടിസ്ഥാനത്തിൽ നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ പ്രവാസി തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് അന്താരാഷ്ട്ര സംഘടനകളുമായുള്ള പങ്കാളിത്തം എൽ.എം.ആർ.എ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.


