പ്രവാസികൾക്ക് മെഡിക്കൽ പരിശോധനക്കായി 14 ആരോഗ്യ കേന്ദ്രങ്ങൾ അനുവദിച്ചു
മനാമ : രാജ്യത്ത് ജോലി തേടുന്ന പ്രവാസി തൊഴിലാളികൾക്ക് മെഡിക്കൽ പരിശോധനകൾ നടത്താൻ 14 ആരോഗ്യ കേന്ദ്രങ്ങൾ അനുവദിച്ചതായി നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി സിഇഒ ഡോ. മറിയം അൽ ജലാഹ്മ സായിദ് പറഞ്ഞു. സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുടെ പട്ടിക ഉടൻ തന്നെ ഇ−-ഗവൺമെന്റ്, എൽ.എം.ആർ.എ, ആരോഗ്യ മന്ത്രാലയത്തിന്റെ വെബ് പോർട്ടലുകൾ എന്നിവ വഴി പ്രഖ്യാപിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. പരിശോധനയ്ക്കുള്ള സൗകര്യങ്ങൾ, അത്യാധുനിക മെഡിക്കൽ ഉപകരണങ്ങൾ, എക്സ്−റേ യന്ത്രങ്ങൾ തുടങ്ങിയവ ഉൾപ്പെടെയുള്ള നിരവധി മാനദണ്ധങ്ങൾ പരിശോധിച്ച ശേഷമാണ് ഇവയ്ക്ക് അംഗീകാരം നൽകിയത്.
മെഡിക്കൽ ഫലങ്ങളും വിവരങ്ങളും നേരിട്ട് ആരോഗ്യ മന്ത്രാലയത്തിലേയ്ക്ക് കൈമാറുന്നതിനുള്ള സംയോജിത ഇലക്ട്രോണിക് സംവിധാനവും ഇതോടൊപ്പം ഏർപ്പെടുത്തുമെന്ന് അൽ ജലാഹ്മ വ്യക്തമാക്കി. അപേക്ഷകൾ ഉടൻ നടപ്പാക്കാൻ ഇത് മന്ത്രാലയത്തിന് സഹായകമാകും. എൽ.എം.ആർ.എ.യുമായി സഹകരിച്ച് രാജ്യത്ത് റെസിഡൻസി പെർമിറ്റ് നൽകാനുള്ള നടപടികളും ഇലക്ട്രോണിക് സംവിധാനത്തിന് കീഴിൽ വരും. പുതിയ സംവിധാനം നടപ്പാക്കുന്നതിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി വിവിധ ഗവൺമെന്റ് ഡിപ്പാർട്ട്മെന്റുകൾ തമ്മിൽ ഏകോപിപ്പിക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു. പ്രവാസികൾക്ക് മെഡിക്കൽ ചെക്കപ്പിനായി കാത്തിരിക്കേണ്ടിവരുന്ന സമയം മൂന്ന് മാസത്തിൽ നിന്ന് ഒരു ആഴ്ചയായി ചുരുക്കും. മെഡിക്കൽ സർട്ടിഫിക്കറ്റ് ഇഷ്യു ചെയ്യേണ്ട സമയദൈർഘ്യം ഒരു മാസം എന്നത് ഒരു ആഴ്ചയായി കുറയ്ക്കും.
സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കൽ പരിശോധനകൾ രണ്ട് തരത്തിലാകും. സ്റ്റാൻഡേർഡും പ്രീമിയവും. സ്റ്റാൻഡേർഡ് സർവ്വീസ് പ്രകാരം, ലഭ്യതതക്കനുസരിച്ചാകും അപ്പോയ്ന്റ്മെന്റുകൾ ലഭിക്കുന്നത്. ഇതിന് 20 ബഹ്റൈൻ ദിനാറാണ് നിരക്ക്. പ്രീമിയം സർവ്വീസ് പ്രകാരം, മെഡിക്കൽ സേവനങ്ങളോടൊപ്പം, ഗതാഗതം, കസ്റ്റമർ കെയർ ഹെൽപ്പ് തുടങ്ങിയ മറ്റ് സേവനങ്ങളും ലഭിക്കും. സേവന ദാതാവിന്റെ (സ്ഥാപനത്തിന്റെ) സ്റ്റാൻഡേർഡ് നിരക്കുകൾക്കനുസരിച്ചാകും തുക ഈടാക്കുന്നത്.


