പ്രവാസി വോട്ടവകാശം : ബിൽ ശീതകാല സമ്മേളനത്തിലെന്ന് കേന്ദ്രം
ന്യൂഡൽഹി : പ്രവാസി ഇന്ത്യക്കാർക്ക് ഇന്ത്യയിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ പകരക്കാരെ ഉപയോഗിച്ച് വോട്ട് ചെയ്യാൻ അനുവദിക്കുന്ന ജനപ്രാതിനിധ്യ ഭേദഗതി ബിൽ പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ അവതരിപ്പിക്കും. ഇത് സംബന്ധിച്ച കേസ് പരിഗണിക്കവെ സുപ്രീംകോടതിയിൽ കേന്ദ്രസർക്കാരാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്‍റെ മുന്പാകെയാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. ഇതോടെ ദീർഘകാലമായുള്ള പ്രവാസി വോട്ടവകാശം എന്ന ആവശ്യം നടപ്പിലാവുകയാണ്. മലയാളികൾ അടക്കമുള്ള ലക്ഷക്കണക്കിന് പ്രവാസി ഇന്ത്യക്കാർക്ക് വോട്ട് ചെയ്യാനുള്ള അവസരം ഒരുക്കുന്നതാണ് ഇത്.
വിദേശത്തുള്ള ഇന്ത്യക്കാർ തിരഞ്ഞെടുപ്പിൽ പ്രതിനിധികളെ ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്തുന്നതിനുള്ള നിയമ നിർമ്മാണം നടത്തുന്നതിനും നിയമ ഭേദഗതിക്കുള്ള നിർദേശങ്ങൾ സമർപ്പിക്കാനും ജൂലൈയിൽ കേസ് പരിഗണിച്ചപ്പോൾ സുപ്രീംകോടതി രണ്ടാഴ്ചത്തെ സമയം അനുവദിച്ചിരുന്നു. ഇതിലാണ് സർക്കാർ അനുകൂല തീരുമാനം എടുത്തിരിക്കുന്നത്.


