ടാഗോറിന്റെ മുക്തധാര ബികെഎസ് വേദിയിൽ അരങ്ങേറുന്നു
രാജീവ് വെള്ളിക്കോത്ത്
മനാമ : വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ വിഖ്യാത നാടകം ‘മുക്തധാര’ ഇതാദ്യമായി ബഹ്്റൈൻ കേരളീയ സമാജത്തിന്റെ വേദിയിൽ അരങ്ങേറുന്നു. കേരളീയ സമാജം കേരളത്തിൽ നടപ്പാക്കുന്ന ഭവന പദ്ധതിയിൽ പങ്കുചേർന്നുകൊണ്ട് സമാജം വനിതാവേദി യുടെ ആഭിമുഖ്യത്തിലാണ് ഈ നാടകം അരങ്ങിലെത്തിക്കുന്നത്.
ഒന്നാം ലോകയുദ്ധം മനുഷ്യരാശിയുടെമുകളിൽ ചൊരിഞ്ഞ ദുരിതങ്ങളുടെ മുറിപ്പാടിൽ മനംനൊന്ത ടാഗോർ യന്ത്ര സംസ്കാരം വെച്ചുനീട്ടുന്ന ദുരന്തങ്ങളിലേയ്ക്ക് ശ്രദ്ധ ക്ഷണിച്ചുകൊണ്ടാണ് 1922ൽ മുക്തധാര രചിക്കുന്നത്. കണ്ണില്ലാത്ത മുതലാളിത്ത വികസനത്തിന്റെ ബുൾഡോസർ പാത ചവിട്ടിയരയ്ക്കുന്ന ജീവിതങ്ങളെയും വികസനത്തിനുബലം പകരാൻ ബലിചെയ്യപ്പെടുന്ന ജീവനുകളെയും ടാഗോർ കാഴ്ചവട്ടത്തേയ്ക്ക് കൊണ്ടുവരുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിൽ ടാഗോർ മുക്തധാരയിലൂടെ പറയാൻ ശ്രമിച്ച കാര്യങ്ങൾ ഒരു നൂറ്റാണ്ടിനിപ്പുറം കൂടുതൽ സത്യവും തീവ്രവുമായി ഭവിക്കുന്നതാണ് നാം കാണുന്നത്. നർമ്മദ ഡാം നിർമ്മാണവുമായും മുല്ലപ്പെരിയാറുമായും ബന്ധപ്പെട്ട സമരങ്ങൾ മുക്തധാരയിൽ ടാഗോർ എത്ര ക്രാന്തദർശി ആയിരുന്നുവെന്ന് വെളിപ്പെടുത്തുന്നു. ഇക്കാലത്ത് മുക്തധാര വീണ്ടും കളിക്കുന്നത് ടാഗോറിനോടും അദ്ദേഹം ഉയർത്തിയ പാരിസ്ഥിതികവും സാമൂഹികവുമായ കഴ്ചകളോടുമുള്ള വലിയ ആദരാവാണ്.
വിഷ്ണു നാടകഗ്രാമമാണ് നാടകത്തിന്റെ സംവിധായകൻ. നാടക സംവിധാനത്തിൽ ബിരുദധാരിയായ വിഷ്ണു ഇതിനോടകം ബഹ്റൈനിൽ നിരവധി നാടകങ്ങൾ വിജയകരമായി സംവിധാനം ചെയ്ത് അവതരിപ്പിച്ചിട്ടുണ്ട്. അഭിനേതാക്കളും പിന്നണി പ്രവർത്തകരുമായി അൻപതോളം വരുന്ന സംഘം സജീവമായ നാടക പരിശീലനത്തിലാണ്. 2017 നവംബർ 18 ശനിയാഴ്‌ച രാത്രി 7.30ന് സമാജം ഡയമണ്ട് ജൂബിലി ഹാളിലാണ് പ്രദർശനം. രംഗവിധാനം ദിനേശ് മാവൂർ. വെളിച്ചം ടോണി പെരുമാനൂർ. സംഗീതം ഹരീഷ് മേനോൻ. പ്രോജെക്ഷൻ ജേക്കബ്. ചമയം വസ്ത്രാലങ്കരം ശ്യാം നിർവ്വഹിക്കുന്നു.
ശിശിർ ബാലകൃഷ്ണൻ, ശിവ കീർത്തി, കാർത്തിക് സുന്ദര, ബേബി കുട്ടൻ, ഷിജിത്, പ്രേം, മഞ്ജിമ മനോജ്, നിതാൽ, മനോജ്, അനീഷ് ഗൗരി, സജീവൻ, സുബിൻ പൂവിൽ, ഷിബു, രഞ്ജു വർക്കല, ബിജുമോൻ, ബിനോയ് എന്നിവർ അടങ്ങുന്ന സംഘം ആണ് നാടകത്തിൽ വേഷമിടുന്നത്. നാടക ആസ്വാദകർക്ക് ഒരു കാഴ്ചയുടെ വിരുന്നായിരിക്കും നാടകമെന്ന് വനിതാ വേദി പ്രസിഡണ്ട്് മോഹിനി തോമസ് ജനറൽ സെക്രട്ടറി സുമിത്ര പ്രവീൺ കോ ഓർഡിനേറ്റർ വിജിന സന്തോഷ് എന്നിവർ അറിയിച്ചു.


