ബ്രേവ് ഇന്റർനാഷണൽ കോംപാറ്റ് : ഇടിക്കൂട്ടിൽ മലയാളി വനിതയും
മനാമ : ബഹ്‌റൈനിൽ വെച്ച് നടക്കുന്ന അന്താരാഷ്‌ട്ര മിക്സഡ് മാർഷൽ ചാന്പ്യൻഷിപ്പിൽ പങ്കെടുക്കാൻ ഇന്ത്യയിൽ നിന്നെത്തുന്ന വനിതാതാരം മലയാളി. മിക്സഡ് മാർഷൽ ആർട്സ് എന്ന ആയോധനകലയിൽ രാജ്യത്തിന്റെ പ്രതീക്ഷയായി മാറിയ കോഴിക്കോട്ടുക്കാരി നൈപുണ്യയാണ് ബഹ്റൈനിൽ ഈ ചാന്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. കോഴിക്കോട് പ്രൊവിഡൻസ് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയായ നൈപുണ്യ മിക്സഡ് മാർഷൽ ആർട്ട്സെന്ന ആയോധന കലയിലേക്കെത്തിയ ആദ്യ മലയാളി പെൺകുട്ടി എന്ന ബഹുമതിക്ക് അർഹയാണ്.
ബഹ്റൈനിൽ നടക്കുന്ന ലോക അമേച്ചർ ചാന്പ്യൻഷിപ്പിലേയ്ക്ക് നൈപുണ്യ യോഗ്യത നേടിയിട്ടുണ്ട്. അന്പത് കിലോയ്ക്ക് താഴെയുള്ള വിഭാഗത്തിലാണ് ലോകചാന്പ്യൻഷിപ്പിൽ മത്സരിക്കുന്നത്. ഒപ്പം ഇന്ത്യൻ സൂപ്പർ ഫൈറ്റ് ലീഗിലെയും ഏക മലയാളി പെൺ സാന്നിദ്ധ്യമാണ് ഈ പതിനെട്ടുകാരി. ഒറ്റ മത്സരത്തിൽ കൂടി പങ്കെടുത്താൽ പ്രൊഫഷണൽ മത്സരങ്ങളിലേയ്ക്ക് നൈപുണ്യക്ക് യോഗ്യത ലഭിക്കും. പിന്നെ രാജ്യാന്തര ഇടിക്കൂട്ടുകളിൽ ഈ കോഴിക്കോട്ടുകാരിയാണ് താരം.


