തോമസ് ചാണ്ടിക്ക് പ്രത്യേക പരിഗണനയോ? : സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി
കൊച്ചി : ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരായ ഭൂമി കൈയേറ്റ കേസിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. തോമസ് ചാണ്ടിക്ക് പ്രത്യേക പരിഗണനയാണോ സർക്കാർ നൽകുന്നതെന്ന് ചോദിച്ച കോടതി, സാധാരണക്കാരൻ ഭൂമി കൈയേറിയാൽ ഇതേ നിലപാടാണോ സ്വീകരിക്കുന്നതെന്നും ആരാഞ്ഞു. ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, പി.എം രവീന്ദ്രൻ എന്നിവരടങ്ങുന്ന ബെഞ്ചിന്റെതാണ് വിമർശനം.
പാവപ്പെട്ടവൻ ഭൂമി കൈയേറിയാൽ ബുൾഡോസർ ഉപയോഗിച്ച് ഒഴിപ്പിക്കില്ലേ? റോഡരികിൽ താമസിക്കുന്നവരോട് ഈ സമീപനമാണോ സർക്കാരിന് ഉണ്ടാകുക? സാധാരണക്കാരന്റെ ഭൂമി കൈയേറ്റത്തിൽ പെട്ടെന്നു നടപടിയുണ്ടാവില്ലേ? മന്ത്രിക്കു പ്രത്യേക പരിഗണനയാണോ നൽകുന്നത്? എല്ലാവർക്കും തുല്യനീതി നടപ്പാക്കാനാണ് തങ്ങൾ ഇവിടെ ഇരിക്കുന്നത്. മന്ത്രിയെന്നോ വ്യക്തിയെന്നോ വ്യത്യാസമില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. തോമസ് ചാണ്ടി റിസോർട്ട് നിർമാണത്തിനായി കായൽ കൈയേറിയെന്ന് ചൂണ്ടിക്കാട്ടി സമർപ്പിക്കപ്പെട്ട പുതിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. തൃശ്ശൂരിലെ സി.പി.ഐ നേതാവായ ടി.എൻ മുകുന്ദനാണ് ഹർജി സമർപ്പിച്ചത്. സർക്കാരിന്റെയും റവന്യൂ വകുപ്പിന്റെയും വിശദീകരണത്തിനായി ഹർജി മാറ്റി.
കൈയേറ്റ കേസുകളിൽ സർക്കാരിന്റെ പൊതുനിലപാട് എന്താണെന്ന് കോടതി ചോദിച്ചു. സർക്കാരിന് വേണ്ടി ഹാജരായ േസ്റ്ററ്റ് അറ്റോർണി കെ.വി സോഹനോടായിരുന്നു കോടതിയുടെ ചോദ്യങ്ങൾ. കേസിൽ അന്വേഷണം തുടങ്ങിയോ എന്ന കോടതിയുടെ ചോദ്യത്തിന് അന്വേഷണം നടക്കുകയാണെന്നും കളക്ടർ ഭാഗികമായ അന്വേഷണം മാത്രമാണ് നടത്തിയതെന്നുമായിരുന്നു സർക്കാർ അഭിഭാഷകന്റെ മറുപടി.
അതേസമയം മന്ത്രിക്കെതിരെ ഹൈക്കോടതിയിൽ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണെന്ന വിശദീകരണവുമായി മന്ത്രി തോമസ് ചാണ്ടിയുടെ ഓഫീസ് രംഗത്തെത്തി. കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. തുടർവാദങ്ങളിൽ സത്യം വെളിപ്പെടുത്തും. ഇപ്പോൾ കോടതിയിൽ നിന്നും വന്നിരിക്കുന്നത് ചില പരാമർശങ്ങൾ മാത്രമാണ്. മന്ത്രിയുടെ ഭാഗം കേൾക്കാതെയാണ് ഹൈക്കോടതി ഇപ്പോൾ വിമർശനം ഉന്നയിച്ചിരിക്കുന്നതെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.


