യൂണിറ്റി ബഹ്റൈൻ മെഡിക്കൽ ക്യാമ്പ് വൻ വിജയമായി; 188 പേർ പങ്കെടുത്തു
പ്രദീപ് പുറവങ്കര
മനാമ: പ്രവാസി സമൂഹത്തിന് കൈത്താങ്ങായി യൂണിറ്റി ബഹ്റൈൻ സംഘടിപ്പിച്ച രണ്ടാമത് സൗജന്യ മെഡിക്കൽ ക്യാമ്പ് വൻ ജനപങ്കാളിത്തത്തോടെ വിജയകരമായി സമാപിച്ചു. റിഫാ അൽ ഹിലാൽ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറ്റിയെൺപത്തിയെട്ടോളം പേർ ക്യാമ്പിലെത്തി വിവിധ ആരോഗ്യപരിശോധനകളും വിദഗ്ധ ഡോക്ടർമാരുടെ നിർദേശങ്ങളും പ്രയോജനപ്പെടുത്തി.
യൂണിറ്റി ബഹ്റൈൻ പ്രസിഡന്റ് പ്രസന്നകുമാറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജോയിന്റ് സെക്രട്ടറി ജയൻ മേലെത്ത് സ്വാഗതം ആശംസിച്ചു. മുഖ്യാതിഥിയായി പങ്കെടുത്ത മേജർ പ്രിൻസ് ജോസ് (റിട്ട.) മെഡിക്കൽ ക്യാമ്പ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
ചാരിറ്റി കൺവീനർ സുദീപ് രാഘവൻ, എന്റർടൈൻമെന്റ് സെക്രട്ടറി സനോജ് ഭാസ്കർ, കാൻഡെല യുവി (CANDELA UV) സംരംഭകൻ നിഖിൽ സോമനാഥൻ, റിഫാ അൽ ഹിലാൽ മെഡിക്കൽ സെന്റർ പ്രതിനിധി അരുൺ തോമസ് എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
തുടർന്ന്, നിലവിലെ കടുത്ത വേനൽക്കാല സാഹചര്യം കണക്കിലെടുത്ത് "ഹീറ്റ് സ്ട്രോക്ക് പ്രിവൻഷൻ" (Heat Stroke Prevention) എന്ന വിഷയത്തിൽ ഡോ. അഷ്റഫ് മുഹമ്മദ് അലി ബോധവത്കരണ ക്ലാസ് നയിച്ചു. അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തിൽ പ്രവാസികൾ ജോലിസ്ഥലങ്ങളിലും താമസസ്ഥലങ്ങളിലും സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും ആരോഗ്യസംരക്ഷണ രീതികളെക്കുറിച്ചും അദ്ദേഹം വിശദമായി സംസാരിച്ചു. പങ്കെടുത്തവർക്ക് ഏറെ പ്രയോജനകരമായ ഒന്നായിരുന്നു ഈ സെഷൻ.
രക്ഷാധികാരികളായ ഗിരീഷ്, അനിൽ കുമാർ എന്നിവരുടെയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഗായത്രി, സതീഷ്, ശ്രീകുമാർ, മണികണ്ഠൻ, സുരേഷ്, വീജിഷ്, ഗോപിനാഥ് എന്നിവരുടെയും സജീവമായ പ്രവർത്തനവും ഏകോപനവുമാണ് ക്യാമ്പിന്റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചത്.
സാമൂഹിക പ്രതിബദ്ധത ഉയർത്തിപ്പിടിച്ചുകൊണ്ട് പ്രവാസി സമൂഹത്തിന് നേരിട്ട് പ്രയോജനം ലഭിക്കുന്ന കൂടുതൽ ആരോഗ്യ-കാരുണ്യ പ്രവർത്തനങ്ങളുമായി യൂണിറ്റി ബഹ്റൈൻ മുന്നോട്ട് പോകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
sdsdfs

