ഗൾഫ് എയർ ഗ്രൂപ്പ് ഹോൾഡിംഗ്സ് പുതിയ ബോർഡ് ഓഫ് ഡയറക്ടർമാരെ പ്രഖ്യാപിച്ചു
പ്രദീപ് പുറവങ്കര
മനാമ: ഗൾഫ് എയർ ഗ്രൂപ്പ് ഹോൾഡിംഗ്സ് ബി.എസ്.സി (സി), തങ്ങളുടെയും ഗ്രൂപ്പിന് കീഴിലുള്ള മറ്റ് പോർട്ട്ഫോളിയോ കമ്പനികളുടെയും പുതിയ ബോർഡ് ഓഫ് ഡയറക്ടർമാരെ പ്രഖ്യാപിച്ചു. ബഹ്‌റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ, ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിയന്ത്രണവും പ്രവർത്തനവും നിർവഹിക്കുന്ന ബഹ്‌റൈൻ എയർപോർട്ട് കമ്പനി എന്നിവയാണ് ഈ പോർട്ട്ഫോളിയോ കമ്പനികൾ.
ഖാലിദ് ഹുസൈൻ തഖിയുടെ അധ്യക്ഷതയിലുള്ള പുതിയ ഡയറക്ടർ ബോർഡിൽ ഷെയ്ഖ് ഫഹദ് ബിൻ അബ്ദുറഹ്മാൻ അൽ ഖലീഫ, സാറ അഹമ്മദ് ബുഹിജി, ഫൈസൽ അലി അൽ ജലാഹ്മ, അലാ അബ്ദുൽ ഖാലിഖ് സയീദ്, സയേൽ അൽ വാരി, ജൂലിയ സിംപ്സൺ എന്നിവരാണ് അംഗങ്ങൾ.
സജീവമായ അസറ്റ് മാനേജ്‌മെന്റിലൂടെയും ശക്തമായ ഭരണനിർവഹണത്തിലൂടെയും തങ്ങളുടെ ഗ്രൂപ്പിന് കീഴിലുള്ള കമ്പനികളിൽ സുസ്ഥിരമായ വളർച്ച കൈവരിക്കാനുള്ള ഗൾഫ് എയർ ഗ്രൂപ്പിന്റെ പ്രതിബദ്ധതയെയാണ് ഈ നിയമനം അടിവരയിടുന്നത്. ഒപ്പം, ബഹ്‌റൈൻ രാജ്യത്തിന്റെ സാമ്പത്തിക ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ വ്യോമയാന മേഖലയ്ക്കുള്ള നിർണായക പങ്കിനെ ഇത് കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
ഔദ്യോഗിക കാലാവധി പൂർത്തിയാക്കി ഒഴിഞ്ഞുപോയ മുൻ ബോർഡ് അംഗങ്ങൾ തങ്ങളുടെ സേവനകാലത്ത് നൽകിയ ആത്മാർത്ഥമായ ശ്രമങ്ങൾക്കും വിലയേറിയ സംഭാവനകൾക്കും ഗൾഫ് എയർ ഗ്രൂപ്പ് ആത്മാർത്ഥമായ നന്ദിയും അഭിനന്ദനവും രേഖപ്പെടുത്തി.
ബഹ്‌റൈൻ രാജ്യത്തിന്റെ പരമാധികാര സമ്പത്ത് ഫണ്ടായ (സോവറിൻ വെൽത്ത് ഫണ്ട്) ബഹ്‌റൈൻ മുംതലക്കാത് ഹോൾഡിംഗ് കമ്പനിയുടെ (മുംതലക്കാത്) അനുബന്ധ സ്ഥാപനമാണ് ഗൾഫ് എയർ ഗ്രൂപ്പ്. മുംതലക്കാതിന്റെ വ്യോമയാന ആസ്തികളുടെ ഹോൾഡിംഗ് സ്ഥാപനമായാണ് ഗൾഫ് എയർ ഗ്രൂപ്പ് പ്രവർത്തിക്കുന്നത്.
cvxzvx

