പൊതുഗതാഗതത്തിൽ വൻ കുതിച്ചുചാട്ടവുമായി ബഹ്‌റൈൻ; പ്രതിദിന യാത്രക്കാരുടെ എണ്ണം 73,000 കടന്നു


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈനിലെ യാത്രാ ശീലങ്ങളിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ ദൃശ്യമാകുന്നതായി റിപ്പോർട്ട്. രാജ്യത്തെ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണം റെക്കോർഡ് തലത്തിലേക്ക് ഉയർന്നിരിക്കുകയാണ്. പ്രമുഖ ആഘോഷ വേളകളിൽ പ്രതിദിന യാത്രക്കാരുടെ എണ്ണം 73,000 വരെയായി ഉയർന്നതായും, ഇത് രാജ്യത്ത് വരാനിരിക്കുന്ന വലിയൊരു ഗതാഗത വിപ്ലവത്തിന്റെ തുടക്കമാണെന്നും ഗതാഗതമന്ത്രി വ്യക്തമാക്കി.

ഗുൽഫ് ഹോട്ടൽ ബഹ്‌റൈൻ കൺവെൻഷൻ ആൻഡ് സ്പായിൽ നടന്ന ‘ബഹ്‌റൈൻ സ്മാർട്ട് സിറ്റീസ് സമ്മിറ്റ് 2026’-ൽ മുഖ്യപ്രഭാഷണം നടത്തവെ ഗതാഗത-വാർത്താവിനിമയ മന്ത്രി ഡോ. ഷെയ്ഖ് അബ്ദുള്ള ബിൻ അഹമ്മദ് അൽ ഖലീഫയാണ് ഈ ശ്രദ്ധേയമായ കണക്കുകൾ പുറത്തുവിട്ടത്.

സാധാരണ പ്രവൃത്തിദിവസങ്ങളിൽ പൊതുഗതാഗത സംവിധാനങ്ങളിൽ ശരാശരി 33,000 യാത്രക്കാരുള്ളപ്പോൾ, വാരാന്ത്യങ്ങളിൽ (വീക്കെൻഡ്) ഇത് 50,000 ആയി ഉയരുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ദേശീയ പ്രധാന്യമുള്ള ആഘോഷങ്ങളോ മറ്റ് പ്രത്യേക അവസരങ്ങളോ വരുമ്പോൾ ഇത് മുൻപെങ്ങുമില്ലാത്തവിധം 73,000 യാത്രക്കാരായി വർദ്ധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും സുസ്ഥിരമായ ഗതാഗത സൗകര്യം ഉറപ്പാക്കാനും അധികൃതർ നടത്തുന്ന ശ്രമങ്ങൾ ഫലം കാണുന്നതായും വികസിച്ചുകൊണ്ടിരിക്കുന്ന പൊതുഗതാഗത ശൃംഖലയിൽ ജനങ്ങൾക്കുള്ള വിശ്വാസം വർദ്ധിച്ചതായും ഈ കുതിപ്പ് വ്യക്തമാക്കുന്നു.

ഫീഡർ സർവീസുകൾ വ്യാപിപ്പിച്ചും, വരും ദശകത്തിൽ യാത്രാസംവിധാനങ്ങളെ പൂർണ്ണമായി മാറ്റിമറിക്കാൻ പോകുന്ന മെട്രോ റെയിൽ പദ്ധതി സംയോജിപ്പിച്ചും പൊതുഗതാഗത ശൃംഖല കൂടുതൽ ശക്തമാക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. വരും വർഷങ്ങളിൽ ബഹ്‌റൈൻ മെട്രോ പദ്ധതിയായിരിക്കും ഏറ്റവും വലിയ മാറ്റങ്ങൾക്ക് വഴിവെയ്ക്കുകയെന്ന് മന്ത്രി പറഞ്ഞു. ആദ്യ ഘട്ടത്തിൽ രണ്ട് പ്രധാന റൂട്ടുകളിലായി 29 കിലോമീറ്റർ നീളത്തിൽ 20 സ്റ്റേഷനുകൾ ഉൾപ്പെടും. ഇത് ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനും രാജ്യത്തിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിനും സഹായിക്കും. ആദ്യ മെട്രോ പാത ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തെയും സീഫ് ഡിസ്ട്രിക്റ്റിനെയും തമ്മിലായിരിക്കും ബന്ധിപ്പിക്കുക.

റോഡ്-റെയിൽ വികസനങ്ങൾക്ക് പുറമെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, സ്മാർട്ട് പോർട്ട് ഓപ്പറേഷൻസ് എന്നിവയിലെ വലിയ നിക്ഷേപങ്ങളിലൂടെ ബഹ്‌റൈൻ മേഖലയിലെ പ്രമുഖ ലോജിസ്റ്റിക്സ് ഹബ്ബായി മാറിയതായും ഡോ. ഷെയ്ഖ് അബ്ദുള്ള ചൂണ്ടിക്കാട്ടി. തുറമുഖ പ്രവർത്തനക്ഷമതയിൽ ആഗോളതലത്തിൽ 19-ാം സ്ഥാനത്തും കണ്ടെയ്നർ ഹാൻഡ്‌ലിംഗിൽ ലോകത്ത് ഏഴാം സ്ഥാനത്തും എത്തിയ ഖലീഫ ബിൻ സൽമാൻ പോർട്ടിന്റെ നേട്ടങ്ങൾ അദ്ദേഹം എടുത്തുപറഞ്ഞു. സമീപവർഷങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് തുറമുഖങ്ങളിൽ ഒന്നായി ഇത് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

കിംഗ് ഫഹദ് കോസ്‌വേയിലൂടെയും നിർദ്ദിഷ്ട കിംഗ് ഹമദ് കോസ്‌വേയിലൂടെയും സൗദി അറേബ്യയുമായി ബന്ധിപ്പിക്കുന്ന ബഹ്‌റൈന്റെ സംയോജിത കര-കടൽ-വ്യോമ ലോജിസ്റ്റിക്സ് സംവിധാനം രാജ്യത്തിന് വലിയ മുൻതൂക്കം നൽകുന്നുണ്ട്. രാജ്യത്തെ 100 ശതമാനത്തോട് അടുത്ത ഫൈബർ ഒപ്റ്റിക് ശൃംഖല മറ്റ് പ്രാദേശിക വിപണികളേക്കാൾ ബഹ്‌റൈനെ മുന്നിലെത്തിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഡിജിറ്റൽ പരിവർത്തനം ഇനി ഒരു ഓപ്ഷനല്ല, മറിച്ച് അനിവാര്യതയാണെന്നും സ്മാർട്ട് ട്രാൻസ്പോർട്ട്, സ്വയം നിയന്ത്രിത വാഹനങ്ങൾ (ഓട്ടോണമസ് വെഹിക്കിൾസ്), കണക്റ്റഡ് ഇൻഫ്രാസ്ട്രക്ചർ എന്നിവയിലൂടെ ബഹ്‌റൈൻ ഭാവി ഗതാഗതത്തിന്റെ ശക്തമായ അടിത്തറയാണ് പാകുന്നതെന്നും മന്ത്രി വ്യക്തമാക്കി.

article-image

sdfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed