ബഹ്‌റൈൻ ഭരണാധികാരിയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കുടുംബ സൗഹൃദ വേദിയുടെ ‘ലോയൽറ്റി പ്ലെഡ്ജ്’
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈൻ ഭരണാധികാരി ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസാ അൽ ഖലീഫ രാജാവിനോടും ബഹ്‌റൈൻ ഭരണകൂടത്തോടുമുള്ള പ്രവാസി സമൂഹത്തിന്റെ ആദരവും ഐക്യദാർഢ്യവും പ്രഖ്യാപിച്ച് കുടുംബ സൗഹൃദ വേദി ‘ലോയൽറ്റി പ്ലെഡ്ജ്’ (വിശ്വസ്തതാ പ്രതിജ്ഞ) സംഘടിപ്പിച്ചു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ബഹ്‌റൈനിലെ സാമൂഹിക-സാംസ്‌കാരിക രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന സംഘടനയിലെ അംഗങ്ങൾ ഒത്തുചേർന്നാണ് പ്രതിജ്ഞാ രജിസ്റ്ററിൽ ഒപ്പുവെച്ചത്. ഇന്ത്യൻ ഡിലൈറ്റ്സ് റെസ്റ്റോറന്റിൽ വെച്ചായിരുന്നു ചടങ്ങ്.
കുടുംബ സൗഹൃദ വേദി ജനറൽ സെക്രട്ടറി ബോബി പുളിമൂട്ടിൽ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. ബഹ്‌റൈൻ രാജ്യത്തോടുള്ള സ്നേഹവും കൃതജ്ഞതയും പ്രകടിപ്പിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം ചെയർമാൻ ഡി. കൃഷ്ണകുമാർ പങ്കുവെച്ചു. പ്രവാസി സമൂഹത്തിന് രാജ്യം നൽകിവരുന്ന കരുതലിനും സ്നേഹത്തിനും പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറ, മുഖ്യ രക്ഷാധികാരി അജിത് കണ്ണൂർ, ട്രഷറർ മണിക്കുട്ടൻ, ലേഡീസ് വിംഗ് പ്രസിഡന്റ് കാത്തു സച്ചിൻദേവ് എന്നിവർ നന്ദി അറിയിച്ചു.
കുടുംബ സൗഹൃദവേദി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, ലേഡീസ് വിംഗ് പ്രതിനിധികൾ, സാമൂഹിക പ്രവർത്തകർ, ഇന്ത്യൻ ഡിലൈറ്റ്സ് ജീവനക്കാർ എന്നിവർ പ്രതിജ്ഞാ രജിസ്റ്ററിൽ ഒപ്പുവെച്ചു. തങ്ങളുടെ പ്രതിബദ്ധത എക്കാലത്തും ബഹ്‌റൈൻ രാജ്യത്തോടും ഭരണാധികാരിയോടും ഒപ്പമുണ്ടാകുമെന്ന് ചടങ്ങിൽ പങ്കെടുത്തവർ വ്യക്തമാക്കി. സ്നേഹവും വിശ്വസ്തതയും പ്രകടിപ്പിക്കാൻ ഇത്തരമൊരു അവസരം ഒരുങ്ങിയതിൽ ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസാ അൽ ഖലീഫ രാജാവിനോടുള്ള പ്രത്യേക നന്ദിയും സംഘടന ഭാരവാഹികൾ രേഖപ്പെടുത്തി.
sdfsf

