ബഹ്റൈനിലെ ഇന്ത്യൻ പാസ്‌പോർട്ട് നിരക്കുകൾ വർദ്ധിപ്പിച്ചു: പുതുക്കിയ നിരക്കുകൾ നിലവിൽ വന്നു


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈനിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്കായുള്ള പാസ്‌പോർട്ട്, പാസ്‌പോർട്ട് അനുബന്ധ സേവനങ്ങൾ എന്നിവയുടെ പുതുക്കിയ നിരക്കുകൾ ബഹ്‌റൈനിലെ ഇന്ത്യൻ എംബസി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇന്ന് ( ജൂലൈ 1) മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു. വിദേശകാര്യ മന്ത്രാലയം (MEA) പുറപ്പെടുവിച്ച ആഗോള വിജ്ഞാപനത്തെ തുടർന്നാണ് ലോകമെമ്പാടുമുള്ള ഇന്ത്യൻ മിഷനുകളിൽ പാസ്‌പോർട്ട് നിരക്കുകൾ ഏകീകരിച്ച് പുതുക്കിയത്.

വിവിധ രാജ്യങ്ങളിലെ കോൺസുലാർ വിനിമയ നിരക്കുകൾക്ക് അനുസൃതമായാണ് പ്രാദേശിക കറൻസിയിലുള്ള നിരക്കുകൾ നിശ്ചയിക്കുന്നതെങ്കിലും, വിദേശകാര്യ മന്ത്രാലയം വരുത്തിയ അടിസ്ഥാന നിരക്കുകളിലെ മാറ്റം പാസ്‌പോർട്ട് ഫീസിൽ വലിയ വർദ്ധനവിന് കാരണമായിട്ടുണ്ട്. ബഹ്‌റൈനിലെ സാധാരണ പാസ്‌പോർട്ട് സേവനങ്ങൾക്കായുള്ള പുതുക്കിയ നിരക്കുകൾ പ്രകാരം 0 മുതൽ 8 വയസ്സുവരെയുള്ള കുട്ടികൾക്കുള്ള 36 പേജുള്ള പുതിയ പാസ്‌പോർട്ടിന് 30.800 ബഹ്‌റൈൻ ദിനാർ ആണ് ഫീസ്‌. 0 മുതൽ 15 വയസ്സുവരെയുള്ള അപേക്ഷകർക്ക് 36 പേജുള്ള പുതിയ പാസ്‌പോർട്ടിനും റീഇഷ്യൂ ചെയ്യുന്നതിനും 34.100 ദിനാർ ഈടാക്കും. 18 വയസ്സും അതിനുമുകളിലുമുള്ള മുതിർന്നവർക്ക് 10 വർഷത്തെ കാലാവധിയുള്ള സാധാരണ 36 പേജുള്ള പാസ്‌പോർട്ടിന് 47.100 ദിനാറും, 60 പേജുള്ള ജംബോ പാസ്‌പോർട്ടിന് 65.600 ദിനാറുമാണ് പുതിയ നിരക്ക്. പാസ്‌പോർട്ട് നഷ്ടപ്പെടുകയോ, കേടുപാടുകൾ സംഭവിക്കുകയോ, മോഷണം പോവുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ 36 പേജുള്ള ബുക്ക്‌ലെറ്റിന് 93.300 ദിനാറും 60 പേജുള്ള ബുക്ക്‌ലെറ്റിന് 111.800 ദിനാറുമായി ഫീസ് പുതുക്കി നിശ്ചയിച്ചു.

മുതിർന്നവർക്ക് അനുവദിക്കുന്ന പാസ്‌പോർട്ടുകൾക്ക് പത്ത് വർഷത്തെ കാലാവധി തുടരുമ്പോൾ, പ്രായപൂർത്തിയാകാത്തവർക്ക് (മൈനർ) അഞ്ച് വർഷം അല്ലെങ്കിൽ അപേക്ഷകന് 18 വയസ്സ് തികയുന്നതുവരെ (ഏതാണോ ആദ്യം വരുന്നത്) മാത്രമായിരിക്കും പാസ്‌പോർട്ട് കാലാവധി.

അടിയന്തര ആവശ്യങ്ങൾക്കുള്ള തത്കാൽ സേവന നിരക്കുകളും ഇതോടൊപ്പം പ്രാബല്യത്തിൽ വന്നിട്ടുണ്ട്. 18 വയസ്സുവരെയുള്ള കുട്ടികൾക്ക് തത്കാൽ സംവിധാനത്തിൽ 36 പേജുള്ള പാസ്‌പോർട്ടിന് 80.400 ദിനാറാണ് ഫീസ്. 18 വയസ്സിന് മുകളിലുള്ളവർക്ക് തത്കാൽ വഴി പാസ്‌പോർട്ട് റീഇഷ്യൂ ചെയ്യുന്നതിന് 36 പേജ് ബുക്ക്‌ലെറ്റിന് 93.300 ദിനാറും 60 പേജ് ബുക്ക്‌ലെറ്റിന് 111.800 ദിനാറും നൽകണം. മറ്റ് അനുബന്ധ കോൺസുലാർ സേവനങ്ങളുടെ നിരക്കുകളും പുതുക്കിയിട്ടുണ്ട്. പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (PCC), സറണ്ടർ സർട്ടിഫിക്കറ്റ്, എൻ.ആർ.ഐ സർട്ടിഫിക്കറ്റ്, ഡ്യൂപ്ലിക്കേറ്റ് ബർത്ത് സർട്ടിഫിക്കറ്റ്, മറ്റ് അനുബന്ധ പാസ്‌പോർട്ട് സേവനങ്ങൾ എന്നിവയ്ക്ക് ഇനി മുതൽ 9.800 ദിനാർ ഈടാക്കും. എമർജൻസി സർട്ടിഫിക്കറ്റുകൾക്ക് 6.400 ദിനാറും, ജനന രജിസ്ട്രേഷന് 8.000 ദിനാറും, വിവാഹ രജിസ്ട്രേഷന് 18.800 ദിനാറുമാണ് പുതിയ നിരക്ക്.

പ്രഖ്യാപിച്ചിട്ടുള്ള ഈ നിരക്കുകളിൽ 0.800 ദിനാർ ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് (ICWF) വിഹിതം ഉൾപ്പെട്ടിട്ടുണ്ടെന്ന് എംബസി വ്യക്തമാക്കി. ഈ സർക്കാർ ഫീസുകൾക്ക് പുറമെ, അപേക്ഷകർ ഐ.സി.എ.സി (ICAC) സേവന നിരക്കായി 180 ഫിൽസും (BD 0.180), ബാങ്ക് ചാർജുകളും (ബാധകമെങ്കിൽ) അധികമായി നൽകേണ്ടതുണ്ട്. സേവനങ്ങളുടെ പൂർണ്ണമായ വിവരങ്ങൾ അടങ്ങിയ പുതുക്കിയ നിരക്കുകൾ എംബസിയുടെ ഔദ്യോഗിക പോർട്ടലായ https://eoibahrain.gov.in/passport-misc-consular-service.php എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. ഒരിക്കൽ അടച്ച ഫീസ് യാതൊരു കാരണവശാലും തിരികെ ലഭിക്കില്ലെന്ന് വ്യക്തമാക്കിയ അധികൃതർ, നിശ്ചിത അപേക്ഷാ കേന്ദ്രങ്ങളിൽ അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് പുതുക്കിയ നിരക്കുകൾ പരിശോധിച്ച് ഉറപ്പുവരുത്താൻ പ്രവാസികളോട് അഭ്യർത്ഥിച്ചു.

article-image

dgdg

You might also like

  • Lulu Exchange
  • Straight Forward

Most Viewed