എല്ലാ­വർ­ക്കും ആരോ­ഗ്യ ഇൻ­ഷൂ­റൻ­സ്


മനാമ : രാജ്യത്തെ എല്ലാ പൗരന്മാർക്കും ചികിത്സ സൗജന്യമാക്കുക എന്ന ഉദ്ദേശത്തോടു കൂടി ആരംഭിക്കാനിരിക്കുന്ന ഇൻഷൂറൻസ് പദ്ധതിയുടെ മുന്നോടിയായി സ്വാകാര്യ ആശുപത്രികളുടെ എണ്ണം കൂടാൻ സാധ്യത. രാജ്യത്തു പലയിടത്തും ഇപ്പോൾ തന്നെ ആശുപത്രി കെട്ടിടങ്ങളുടെ പണി ആരംഭിക്കുകയും നിരവധി ആശുപത്രി കെട്ടിടങ്ങൾ പണിയാനുള്ള അനുവാദത്തിന് അപേക്ഷ നൽകുകയും ചെയ്തതായാണ് വിവരം. ഭാവിയിൽ ഏതൊരു പൗരനും അവർക്കു ഇഷ്ടമുള്ള ആശുപത്രികളിൽ ചികിത്സ നേടുന്നതിനും ഇൻഷൂറൻസ് പരിരക്ഷവഴി ഏതൊരു ചികിത്സാ ചിലവുകളും പൂർണ്ണമായും സൗജന്യമാക്കാനുള്ള പദ്ധതിയുമാണ് ഭരണകർത്താക്കൾ ആവിഷ്കരിക്കാൻ ഉദ്ദേശിക്കുന്നത്. എന്നാൽ അത്തരം ഒരു നിയമം നടപ്പിലാക്കുന്നതിന് മതിയായ സൗകര്യമുള്ള ആശുപത്രികൾ കുറവാണെന്നിരിക്കെ സ്വകാര്യ മേഖലയ്ക്ക് കൂടി ഇക്കാര്യത്തിൽ പങ്കാളിത്തം നൽകും എന്ന ധാരണയിലാണ് ആരോഗ്യ രംഗത്തു പ്രവർത്തിക്കുന്ന വൻ ഗ്രൂപ്പുകൾ പല പ്രദേശങ്ങളിലും ആശുപത്രികൾ സ്ഥാപിക്കാൻ ലക്ഷ്യമിടുന്നത്. നിലവിലുള്ള പല മെഡിക്കൽ സെന്ററുകളും ഭാവിയിൽ കിടത്തിചികിത്സ കൂടി ലഭ്യമാകുന്ന തരത്തിലുള്ള ആശുപത്രികൾ ആക്കി മാറ്റാനാണ് സാധ്യത. നിലവിൽ ചില പ്രമുഖ കന്പനികൾ മാത്രമാണ് അവരുടെ ജീവനക്കാർക്ക് ആരോഗ്യ ഇൻഷൂറൻസ് സുരക്ഷാ നടപ്പിലാക്കിയിട്ടുള്ളത്. അതിനായുള്ള വാർഷിക ഇൻഷൂറൻസ് പോളിസി കന്പനി തന്നെ അടയ്ക്കുന്നുണ്ട്. ഭാവിയിൽ വിസ ലഭ്യമാകുന്പോൾ തന്നെ എല്ലാവർക്കും ആരോഗ്യ സുരക്ഷയും ഉറപ്പു വരുത്തും. ഇത് ചെറുകിട കന്പനികൾക്ക് ബാധ്യത ആകുമെങ്കിലും ചികിത്സാ സൗകര്യം ലഭ്യമാകുന്നത് സാധാരണക്കാർക്ക് വലിയ ഒരു അനുഗ്രഹം തന്നെയാകും.

നിലവിൽ സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്ന ഹെൽത്ത് സെന്ററുകളേയും സൽമാനിയ മെഡിക്കൽ കോളേജ് ആശുപത്രിയേയുമാണ് പ്രവാസികൾ അടക്കമുള്ള സാധാരണക്കാർ ചികിത്സയ്ക്കായി ആശ്രയിക്കുന്നത്. എന്നാൽ സൽമാനിയ ആശുപത്രിയിലും ഡോക്ടർമാരുടെ അപര്യാപ്തത പല പ്രത്യേക ചികിത്സകൾക്കും വേണ്ടത്ര പരിചരണം ലഭിക്കുന്നതിന് തടസ്സമാകുന്നുണ്ട്. കണ്ണ്, ചെവി, മൂക്ക് തൊണ്ട പോലുള്ള അവയവങ്ങളുടെ മാത്രം പരിശോധനയും വിദഗ്ദ്ധ ചികിത്സയും വേണ്ടുന്ന അവസരങ്ങളിൽ ഡോക്ടർമാരുടെ അപ്പോയിന്റ്മെന്റ് ലഭിക്കാൻ കാലതാമസം നേരിടുന്നതായി പരാതി ഉണ്ട്. അതുകൊണ്ടു തന്നെ ഇത്തരം ചികിത്സകൾ ആവശ്യമായി വരുന്പോൾ പ്രവാസികൾ അടക്കമുള്ളവർ സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിച്ചു പോരുന്നത്. സാധാരണക്കാരന് ചികിത്സാ ചിലവുകൾ താങ്ങാനാവാത്ത സാഹചര്യത്തിൽ ആരോഗ്യ ഇൻഷൂറൻസ് പരിരക്ഷ നടപ്പിലാക്കുന്നത് അനുഗ്രഹമാകും. ഇത് രോഗികളെക്കാൾ ഗുണം ചെയ്യുക ആശുപത്രികൾക്കും കൂടിയാണ്. ഇൻഷൂറൻസ് കന്പനികളാണ് ചികിത്സാ ചിലവുകൾ നൽകേണ്ടത് എന്നത് കൊണ്ട് എല്ലാ ടെസ്റ്റുകളും അടക്കമുള്ളവ നടത്തിക്കുന്നതിനും രോഗികൾക്ക് ബാധ്യത ഇല്ലാതെ തന്നെ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്നതിനും സഹായിക്കും.

രാജ്യത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയായ അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ ഗുദൈബിയയിൽ പുതിയ കെട്ടിടത്തിന്റെ പണികൾ ഇപ്പോൾ തന്നെ ആരംഭിച്ചു കഴിഞ്ഞു. അതുപോലെ നിലവിലെ സ്വാകാര്യ ആശുപത്രികൾ എല്ലാം തന്നെ അവരുടെ ബ്രാഞ്ചുകൾ പല പ്രദേശങ്ങളിലും തുടങ്ങാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. സൗദി അറേബ്യയിൽ പ്രവാസികളുടെ ഒഴുക്ക് കുറഞ്ഞതോടെ അവിടെയുള്ള വൻ ബിസിനസ് ഗ്രൂപ്പുകൾ അടക്കം ബഹ്റൈനിലേയ്ക്ക് ശ്രദ്ധ പതിപ്പിച്ചു തുടങ്ങിയിട്ടുണ്ട്.

ഈ വർഷം മാത്രം 160ൽ പരം അപേക്ഷകളാണ് ആശുപത്രികൾ തുടങ്ങുന്നതിനു വേണ്ടി സമർപ്പിക്കപ്പെട്ടത്. അപേക്ഷകളിൽ പകുതിയും ക്യാപ്പിറ്റൽ ഗവർണറേറ്റിൽ സ്ഥാപിക്കാനാണെന്ന് നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി അധികൃതർ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed