ഖത്തർ എയർവെയ്സിന് വ്യോമയാനമേഖല തുറന്നിട്ടില്ലെന്ന് സർക്കാർ
മനാമ : ഖത്തർ എയർവേസിനുവേണ്ടി ബഹ്‌റൈൻ വ്യോമയാന മേഖല തുറന്നു എന്ന അന്താരാഷ്ട്ര വ്യോമയാന ഏജൻസിയുടെ പ്രഖ്യാപനം ബഹ്‌റൈൻ നിഷേധിച്ചു. വാർത്ത വസ്തുതാ വിരുദ്ധമാണെന്ന് ഗതാഗത, ടെലികോം മന്ത്രാലയത്തിലെ സിവിൽ ഏവിയേഷൻ വിഭാഗം പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.
ഖത്തർ എയർവെയ്സിന് ബഹ്‌റൈൻ വ്യോമയാന മേഖല തുറന്നുകൊടുത്തതായി ചില മാധ്യമങ്ങളിലും സോഷ്യൽ നെറ്റ് വർക്കിങ് സൈറ്റുകളിലും വാർത്ത വന്നിരുന്നു. എന്നാൽ ഇക്കാര്യം തെറ്റാണെന്നും ഖത്തറിന്റെ ഉടമസ്ഥതയിൽ ഉള്ളതും അവിടെ രജിസ്റ്റർ ചെയ്തതുമായ വിമാനങ്ങൾക്ക് രാജ്യത്ത് പ്രവേശനം അനുവദിച്ചിട്ടില്ലെന്നും സിവിൽ ഏവിയേഷൻ അഫയേഴ്സ് പ്രസ്താവനയിൽ പറയുന്നു.
ഐ.സി.എ.ഒയുടെ കെയ്റോ ഓഫീസുമായി സഹകരിച്ച് അന്താരാഷ്ട്ര വിമാനങ്ങളിൽ സുരക്ഷ ഉറപ്പാക്കാനുള്ള പദ്ധതികൾ സിവിൽ ഏവിയേഷൻ അഫയേഴ്സ് നടപ്പാക്കിയിരുന്നു. ഇതിലൂടെ അടിയന്തിര വ്യോമയാന പാതകളും വിമാനങ്ങളുടെ സുരക്ഷയുമാണ് ലക്ഷ്യമാക്കുന്നത്. എന്നാൽ ബഹ്‌റൈന്റെ പരമാധികാരത്തിന് മുകളിലൂടെ സഞ്ചരിക്കുവാൻ ഖത്തർ വിമാനങ്ങൾക്ക് അനുമതി നൽകി എന്നതല്ല ഇതുകൊണ്ട് അർത്ഥമാക്കുന്നതെന്നും സിവിൽ ഏവിയേഷൻ അഫയേഴ്സ് പ്രസ്താവനയിൽ പറഞ്ഞു.

