സ്വയംനിയന്ത്രിത വാഹനങ്ങൾ നിരത്തിലിറക്കാൻ ബഹ്‌റൈൻ; പുതിയ നിയമനിർമ്മാണത്തിനൊരുങ്ങി രാജ്യം
പ്രദീപ് പുറവങ്കര
മനാമ: ഭാവി ഗതാഗത സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പായി, രാജ്യത്ത് സ്വയംനിയന്ത്രിത (Self-driving/Autonomous) വാഹനങ്ങളുടെ പരിശോധനയ്ക്കും പ്രവർത്തനത്തിനും അനുമതി നൽകുന്ന പുതിയ നിയമനിർമ്മാണത്തിന് ബഹ്‌റൈൻ ഒരുങ്ങുന്നു. ഗൾഫ് ഹോട്ടലിൽ നടന്ന ഒമ്പതാമത് 'ബഹ്‌റൈൻ സ്മാർട്ട് സിറ്റീസ് കോൺഫറൻസി'ലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.
സ്വയംനിയന്ത്രിത വാഹനങ്ങൾക്കായി വ്യക്തമായ ഒരു നിയന്ത്രണ ചട്ടക്കൂട് (Regulatory Framework) പുതിയ നിയമത്തിലൂടെ നിലവിൽ വരുമെന്ന് ഗതാഗത-വാർത്താവിനിമയ മന്ത്രി ഡോ. ഷെയ്ഖ് അബ്ദുള്ള ബിൻ അഹമ്മദ് അൽ ഖലീഫ അറിയിച്ചു. ഇതോടെ കമ്പനികൾക്ക് ഡ്രൈവറില്ലാ കാറുകളും അത്യാധുനിക യാത്രാ സംവിധാനങ്ങളും യഥാർത്ഥ റോഡ് സാഹചര്യങ്ങളിൽ പരീക്ഷണ ഓട്ടം നടത്തുവാൻ സാധിക്കും.
ആധുനികമായ ഒരു നിയമനിർമ്മാണ അന്തരീക്ഷം വികസിപ്പിക്കാനും നവീകരണത്തെ പ്രോത്സാഹിപ്പിക്കാനും സാങ്കേതിക ഗതാഗത മേഖലയിൽ ഉയർന്ന നിലവാരമുള്ള നിക്ഷേപങ്ങളെ ആകർഷിക്കാനുമുള്ള ബഹ്‌റൈന്റെ ശ്രമങ്ങളെയാണ് ഈ പദ്ധതി പ്രതിഫലിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. അത്യാധുനിക സാങ്കേതികവിദ്യകളുടെ പരീക്ഷണങ്ങളെ പിന്തുണയ്ക്കുന്നതിൽ ബഹ്‌റൈന് മികച്ച ചരിത്രമുണ്ടെന്നും, മുൻപ് ബിഎംഡബ്ല്യു (BMW) കമ്പനിയുടെ പ്രാരംഭ ജിപിഎസ് പൊസിഷനിംഗ് സിസ്റ്റം വാഹനത്തിൽ ഘടിപ്പിച്ചു നടത്തിയ പരീക്ഷണം ഇതിനൊരു ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ മികച്ച ഇൻഫ്രാസ്ട്രക്ചറും പ്രവർത്തന സാഹചര്യങ്ങളുമാണ് ഇതിന് അനുകൂലമായ ഘടകങ്ങൾ.
ഡെപ്യൂട്ടി പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുള്ള അൽ ഖലീഫയുടെ മുഖ്യകാർമ്മികത്വത്തിലാണ് ദ്വിദിന സമ്മേളനം നടന്നത്. സ്മാർട്ട് നഗര വികസനം, സുസ്ഥിരത, ഡിജിറ്റൽ പരിവർത്തനം, നവീകരണം, ഭാവി നഗര ആസൂത്രണം എന്നിവയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി സർക്കാർ ഉദ്യോഗസ്ഥർ, ജിസിസി പ്രതിനിധികൾ, പ്രാദേശിക-അന്തർദ്ദേശീയ വിദഗ്ധർ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു. ഡെപ്യൂട്ടി പ്രധാനമന്ത്രി കോൺഫറൻസിലെ എക്സിബിഷൻ സെന്റർ സന്ദർശിക്കുകയും ചെയ്തു.
സ്മാർട്ട് സിറ്റികൾ എന്നത് കേവലം സാങ്കേതികവിദ്യയിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും, മറിച്ച് ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താനും സേവനങ്ങൾ മെച്ചപ്പെടുത്താനും സുസ്ഥിര വികസനത്തെ പിന്തുണയ്ക്കാനുമുള്ള അവയുടെ ശേഷിയെക്കൂടി ആശ്രയിച്ചാണിരിക്കുന്നതെന്നും മുനിസിപ്പാലിറ്റി കാര്യ-കൃഷിവകുപ്പ് മന്ത്രി വേൽ ബിൻ നാസർ അൽ മുബാറക് പറഞ്ഞു.
സുസ്ഥിര നഗര വികസനം, ഇൻഫ്രാസ്ട്രക്ചർ, ഡിജിറ്റൽ ഗവൺമെന്റ് സേവനങ്ങൾ, ഗതാഗതം, സ്മാർട്ട് സൊല്യൂഷനുകൾ എന്നിവയിൽ ബഹ്‌റൈൻ കൈവരിച്ച പുരോഗതി അദ്ദേഹം എടുത്തുപറഞ്ഞു. സർക്കാർ-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള 'ബഹ്‌റൈൻ ഇക്കണോമിക് വിഷൻ 2030' ന്റെ വിശാലമായ ലക്ഷ്യങ്ങളുടെ ഭാഗമായാണ് ഈ വികസനപ്രവർത്തനങ്ങളെന്നും അദ്ദേഹം വിവരിച്ചു.
സ്മാർട്ട് സിറ്റി പദ്ധതികൾ ആഗോള സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി (SDGs) അടുത്ത ബന്ധമുള്ളതാണെന്ന് സുസ്ഥിര വികസന മന്ത്രി നൂർ ബിന്ത് അലി അൽ ഖുലൈഫ് പറഞ്ഞു. ദീർഘകാല സുസ്ഥിരതയും പൗരന്മാരുടെ ജീവിതനിലവാരം ഉയർത്തുന്നതുമാണ് ബഹ്‌റൈൻ ലക്ഷ്യമിടുന്നത്. പരിസ്ഥിതി-സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കിക്കൊണ്ട് ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, നവീകരണം, ഡാറ്റ അടിസ്ഥാനമാക്കിയുള്ള ഭരണസംവിധാനം, കാര്യക്ഷമമായ വിഭവ മാനേജ്മെന്റ്, ഉപഭോഗം കുറയ്ക്കുന്നതിനുള്ള പരിഹാരങ്ങൾ എന്നിവയിൽ ബഹ്‌റൈൻ വലിയ തോതിൽ നിക്ഷേപം നടത്തുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
fsdf

