ഡിപ്ലോമാറ്റിക് ഏരിയയിൽ 42 പുതിയ പാർക്കിംഗ് മീറ്ററുകൾ സ്ഥാപിച്ച് ബഹ്‌റൈൻ; ആപ്പിൾ പേ ഉൾപ്പെടെയുള്ള പേയ്‌മെന്റ് സൗകര്യങ്ങൾ ലഭ്യമാകും
പ്രദീപ് പുറവങ്കര
മനാമ: രാജ്യത്തെ ഗതാഗത സംവിധാനങ്ങൾ കൂടുതൽ സുഗമമാക്കുന്നതിന്റെ ഭാഗമായി, ഡിപ്ലോമാറ്റിക് ഏരിയയിൽ 42 പുതിയ പാർക്കിംഗ് മീറ്ററുകൾ കൂടി പ്രവർത്തനസജ്ജമാക്കിയതായി പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കിയത്.
ഡിപ്ലോമാറ്റിക് ഏരിയയിലെ പാർക്കിംഗ് സ്ഥലങ്ങളുടെ വിനിയോഗം നിയന്ത്രിക്കുക, ഗതാഗതക്കുരുക്ക് കുറയ്ക്കുക, ദിവസേന ഇവിടെയെത്തുന്ന സന്ദർശകർക്കും സ്ഥിരം യാത്രക്കാർക്കും എളുപ്പത്തിൽ പാർക്കിംഗ് സൗകര്യം ലഭ്യമാക്കുക എന്നിവയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നിലവിൽ 546 പാർക്കിംഗ് സ്പെയ്സുകളാണ് ഡിപ്ലോമാറ്റിക് ഏരിയയിലുള്ളത്. പുതിയതും പരിഷ്കരിച്ചതുമായ ഈ സംവിധാനത്തിലൂടെ ഇവ കൂടുതൽ കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ സാധിക്കും.
ഉപഭോക്താക്കളുടെ സൗകര്യം കണക്കിലെടുത്ത് പണം നൽകുന്നതിനായി ഒന്നിലധികം മാർഗ്ഗങ്ങൾ പുതിയ പാർക്കിംഗ് മീറ്ററുകളിൽ ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. ക്രെഡിറ്റ് കാർഡുകൾ, ആപ്പിൾ പേ, നേരിട്ടുള്ള പണമിടപാട് (ക്യാഷ്) എന്നിവ വഴി ഉപഭോക്താക്കൾക്ക് തുക അടയ്ക്കാവുന്നതാണ്. പൊതു പാർക്കിംഗ് സൗകര്യങ്ങൾ ഉപയോഗിക്കുമ്പോൾ വാഹന ഉടമകൾക്ക് കൂടുതൽ എളുപ്പത്തിലും സുഗമമായും പണമിടപാടുകൾ നടത്തുവാൻ ഈ അത്യാധുനിക സംവിധാനം സഹായിക്കും.
പാർക്കിംഗ് സ്ഥലങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ള സമയപരിധിയും മറ്റ് ട്രാഫിക് നിയമങ്ങളും നിർദ്ദേശങ്ങളും എല്ലാ വാഹന ഡ്രൈവർമാരും കൃത്യമായി പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. നിയമങ്ങൾ പാലിക്കുന്നത് വഴി പരമാവധി ആളുകൾക്ക് പാർക്കിംഗ് സൗകര്യം പ്രയോജനപ്പെടുത്താനും യാത്രാക്ലേശം കുറയ്ക്കാനും സാധിക്കുമെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു.
ബഹ്‌റൈനിലുടനീളമുള്ള പാർക്കിംഗ് സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും, പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിനും, പൊതുറോഡുകളിലെ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനുമായി മന്ത്രാലയം നടപ്പിലാക്കിവരുന്ന തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഈ പുതിയ പദ്ധതിയെന്ന് പൊതുമരാമത്ത് മന്ത്രാലയം കൂട്ടിച്ചേർത്തു.
sdfs

