കർമ്മ പദ്ധതികളുമായി ഐ.വൈ.സി.സി ബഹ്‌റൈൻ
മനാമ : ബഹ്‌റൈനിൽ അഞ്ചാം വർഷത്തിലേക്ക് കടക്കുന്ന കോൺഗ്രസ് അനുഭാവ സാംസ്കാരിക സംഘടനയായ ഐ.വൈ.സി.സി വിവിധങ്ങളായ പുതിയ പദ്ധതികൾ നടപ്പാക്കുവാനുള്ള കർമ്മ പദ്ധതികൾ തയ്യാറാക്കിയതായി ഭാരവാഹികൾ അറിയിച്ചു. നാലാമത്തെ കേന്ദ്ര കമ്മറ്റിയിൽ 64 അംഗങ്ങളെ പ്രവർത്തന വർഷത്തേയ്ക്ക് തിരഞ്ഞെടുത്തിട്ടുണ്ട്. ഒന്പത് ഏരിയ കമ്മറ്റികളായിട്ടാണ് സംഘടന പ്രവർത്തിക്കുന്നത്. വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാട് ഉണ്ടെങ്കിലും ജീവകാരുണ്യ, ആതുര സേവന, സാമൂഹിക മേഖലയിൽ സജീവമായി തന്നെ മുന്നോട്ട് പോകുവാനാണ് സംഘടനാ തീരുമാനിച്ചിരിക്കുന്നതെന്ന് പ്രസിഡണ്ട് ബേസിൽ നെല്ലിമറ്റവും സെക്രട്ടറി ഫാസിൽ വട്ടോളിയും ട്രഷറർ ഹരി ഭാസ്കറും പത്രക്കുറിപ്പിലൂടെ അറിയിച്ചു.
ചാരിറ്റിക്ക് പ്രാധാന്യം നൽകിയായിരിക്കും പ്രവർത്തനം. പഠിക്കുവാൻ മിടുക്കരായ നിർധനരായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകുന്ന പദ്ധതിക്ക് ഇത്തവണ തുടക്കം കുറിക്കും. കേരളത്തിലെ പതിനാല് ജില്ലകളിൽ നിന്നും തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾക്ക് എല്ലാ മാസവും സ്കോളർഷിപ് തുക കൈമാറും. ആദിവാസി മേഖലകളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്യുന്ന പദ്ധതിയും നടപ്പിലാക്കും. ഓണം-ഈദിനോട് അനുബന്ധിച്ച് ഭക്ഷ്യ ധാന്യങ്ങൾ അടങ്ങുന്ന കിറ്റ് പിന്നോക്ക വിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലകളിൽ വിതരണം ചെയ്യും. മുൻ വർഷങ്ങളിൽ നടത്തി വരുന്ന അമ്മക്കൊരു കൈനീട്ടം പദ്ധതിക്കും, പ്രവാസ കിരണം പദ്ധതിക്കും പുറമെയാണ് പുതിയ പദ്ധതികൾ പ്രഖ്യാപിച്ചത്.
കായിക രംഗത്ത് സജീവമായ സംഘടന ക്രിക്കറ്റ്, ഫുട്്ബോൾ, വടംവലി, ബാഡ്മിറ്റൻ, ചെസ്സ് ടൂർണമെന്റുകൾ നടത്തും. ഓണത്തിനോടനുബന്ധിച്ച് ലേബർ ക്യാന്പുകളിൽ നാടൻ കായിക മത്സരങ്ങൾ സംഘടിപ്പിക്കും. കലാരംഗത്ത് മികച്ച പ്രതിഭകളെ കണ്ടെത്തുക എന്ന ലക്ഷ്യം വെച്ച് പ്രസംഗ മത്സരം, പ്രബന്ധരചന മത്സരം, ദേശഭക്തി ഗാനാലാപന മത്സരം, അത്തപ്പൂക്കളമത്സരം, ചിത്രരചന മത്സരം, ഷോർട് ഫിലിം എന്നിവ സംഘടിപ്പിക്കും.
ഈ വർഷവും ആതുര സേവന രംഗത്ത് വിവിധ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. ലേബർ ക്യാന്പുകളിൽ മെഡിക്കൽ ക്യാന്പുകൾക്കൊപ്പം തൊഴിലാളികൾക്ക് ആരോഗ്യ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കും. ബഹ്‌റൈനിലെ വിവിധ ആതുരാലയങ്ങളുമായി സഹകരിച്ച് തൊഴിലാളികൾക്ക് ലീഫ് ലെറ്റുകൾ വിതരണം ചെയ്യും. എല്ലാ വർഷവും നടത്തി വരാറുള്ള ബ്ലഡ് ഡൊണേഷൻ ക്യാന്പുകളുടെ എണ്ണം വർദ്ധിപ്പിക്കും. ഇന്ദിര പ്രിയദർശനിയുടെ ജന്മശതാബ്ദി ആഘോഷിക്കുന്ന ഈ അവസരത്തിൽ ഐ.വൈ.സി.സി ഇന്ദിര പ്രിയദർശനിയുടെ പേരിൽ ‘ഇന്ദിര പ്രിയദർശനി രക്തദാന സേന’ എന്ന പേരിൽ രക്തദാന വളന്റിയർമാരുടെ ഒരു ടീം രൂപീകരിക്കും. ഏത് സമയത്തും ഇവരുമായി ബന്ധപ്പെട്ട് രക്തം സ്വീകരിക്കുവാൻ സാധിക്കുന്ന വിധത്തിലാണ് ടീമിനെ ക്രമീകരിക്കുന്നത്. ആനുകാലിക രാഷ്ട്രീയ സാമൂഹിക വിഷയങ്ങളെക്കുറിച്ച് ചർച്ചാ സദസ്സുകൾ സംഘടിപ്പിക്കും.
മുൻ വർഷങ്ങളിൽ തങ്ങൾക്ക് നൽകി വന്ന പിന്തുണയ്ക്കൊപ്പം തുടർന്നും ബഹ്‌റൈിനിലെ സ്വദേശികളുടെയും വിദേശികളുടെയും പിന്തുണ പ്രതീക്ഷിക്കുന്നതായും ഐ.വൈ.സി.സി ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.

