എം.പി.മാരുമായി മന്ത്രി കൂടിക്കാഴ്ച നടത്തി
മനാമ : മുനിസിപ്പാലിറ്റി - അർബൻ പ്ലാനിംഗ് മിനിസ്റ്റർ എസ്സാം ബിൻ അബ്‌ദുള്ള ഖലാഫ് ഹമദ് ടൗണിലെ എംപിമാരുമായി കൂടിക്കാഴ്ച നടത്തി. എസ്കാൻ ബാങ്കുമായി സഹകരിച്ച് 1212 ബ്ലോക്കുകളിൽ നടത്തുന്ന പദ്ധതികളുമായി ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ഇവയുടെ പ്രവർത്തനങ്ങൾ നിയമ നടപടികളും കരാർ നടപടിക്രമങ്ങളും പൂർത്തീകരിച്ചതിനുശേഷം ഈ വർഷം അവസാനത്തോടെ തുടങ്ങുമെന്ന് മന്ത്രി ചര്‍ച്ചകളില്‍ അറിയിച്ചു.
ഹമദ് ടൗണില്‍ വർധിച്ചുവരുന്ന ജനസാന്ദ്രതയുടെ പശ്ചാത്തലത്തിൽ പാർക്കിങ്ങിനായി തുറസ്സായ സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള സാധ്യതകൾ മന്ത്രി എം.പി.മാരുമായി ചർച്ചചെയ്തു. ഭക്ഷണ പദാർത്ഥങ്ങൾ ലഭ്യമാക്കുന്നതിനായി കൂടുതല്‍ ഷോപ്പിംഗ് കോംപ്ലക്സ് നിർമിക്കുന്നതിന്റെ ആവശ്യകതയും എംപിമാർ അറിയിച്ചു. പാർക്കിങ് സൗകര്യം, കടകൾ, എന്നിവയോടൊപ്പം പഴങ്ങൾ, പച്ചക്കറികൾ, മാംസം, മത്സ്യം എന്നിവയ്ക്കായി ശീതീകരിച്ച മാർക്കറ്റ് കൂടി ഉൾപ്പെടുത്തിയ പദ്ധതിയെ പറ്റി മുനിസിപ്പൽ സർവീസ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി റയിദ് അൽ സലാഹ് ചര്‍ച്ചയില്‍ വിശദീകരിച്ചു.

