50 വയസ്സിനു മുകളിലുള്ള പ്രവാസികളെ പുറത്താക്കാനുള്ള ബില്ലിന്മേൽ വോട്ടെടുപ്പ്
മനാമ : രാജ്യത്ത് ജോലിചെയ്യുന്നവരിൽ 50 വയസിനു മുകളിൽ പ്രായമുള്ള പ്രവാസികളെ വിലക്കുകയും നിലവിലുള്ളവരെ തൊഴിലിൽനിന്ന് പിരിച്ചുവിടാനും നിർദ്ദേശിക്കുന്ന ബില്ലിൽ പ്രതിനിധി സഭ ഈ ആഴ്ച വോട്ട് ചെയ്യും. പ്രവാസി തൊഴിലാളികളുടെ പ്രായപരിധി 50 വയസ് എന്നാക്കുന്നതിലൂടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് ലക്ഷ്യം. പ്രതിനിധി സഭയിൽ ഈ ബിൽ ചർച്ചക്കെത്തുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ എംപി ജലാൽ കാദിം ഈ ബിൽ സമർപ്പിച്ചിരുന്നു. എന്നാൽ അന്ന്, നിയമനിർമാതാക്കൾ ബന്ധപ്പെട്ട അധികാരികളുമായി ചർച്ച ചെയ്തതിനെ തുടർന്ന് ബില്ല് നിരസിച്ചു.
അനുഭവ സമ്പന്നരായ തൊഴിലാളികളെ പിരിച്ചുവിടുന്നത് തൊഴിലുടമകളെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയും ഇതിന് എതിരാണ്. അന്താരാഷ്ട്ര തൊഴിൽ കൺവെൻഷൻ നിയമങ്ങൾക്ക് എതിരായതിനാൽ ബഹ്റൈൻ ചേംബർ ഓഫ് കോമേഴ്സ് ആന്റ് ഇൻഡസ്‌ട്രി, രാജ്യത്തെ ചില തൊഴിലാളി യൂണിയനുകൾ എന്നിവരും ബില്ലിനെ എതിർക്കുന്നുണ്ട്. ഈ വരുന്ന ചൊവ്വാഴ്ച ചേരുന്ന പാർലമെന്റ് യോഗത്തിലാണ് ഈ ബില്ലിന്മേലുള്ള റിപ്പോർട്ടുകൾ പരിഗണിക്കാനിരിക്കുന്നത്.

