ബഹ്റൈനിൽ പ്രവാസികൾക്കായുള്ള നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്ക് ഇന്ന് തുടക്കം
പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈനിൽ ജോലി ചെയ്യുന്ന പ്രവാസികൾക്കായുള്ള നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്ക് ഇന്ന് തുടക്കമായി. പ്രവാസികൾക്ക് പ്രാഥമിക, ദ്വിതീയ ചികിത്സകളും അടിയന്തര ചികിത്സകളും അപകടങ്ങൾക്കുള്ള കവറേജും ഉറപ്പുനൽകുന്നതാണ് ഈ പദ്ധതി. രാജ്യത്തെ ആരോഗ്യ പരിപാലന സംവിധാനത്തിന്റെ സുസ്ഥിരത ഉറപ്പുവരുത്താനും മെഡിക്കൽ സേവനങ്ങൾ ക്രമീകരിക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് (SCH) ചെയർമാൻ ലഫ്റ്റനന്റ് ജനറൽ ഡോ. ശൈഖ് മുഹമ്മദ് ബിൻ അബ്ദുള്ള അൽ ഖലീഫ അറിയിച്ചു.
തൊഴിൽ, താമസ അനുമതികളുടെ (വർക്ക്, റെസിഡൻസ് പെർമിറ്റുകൾ) വിതരണവുമായും പുതുക്കലുകളുമായും ബന്ധിപ്പിച്ചാണ് ഇൻഷുറൻസ് ഏർപ്പെടുത്തുന്നത്. ഇത് എൻറോൾമെന്റ് നടപടികൾ എളുപ്പമാക്കാനും ഇൻഷുറൻസ് പരിരക്ഷ മുടക്കമില്ലാതെ ലഭിക്കാനും സഹായിക്കും. തൊഴിലുടമകൾക്കും വ്യക്തികൾക്കും കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കുന്ന അധിക ഓപ്ഷണൽ പാക്കേജുകളും ലഭ്യമാക്കും. അതേസമയം ഗാർഹിക തൊഴിലാളികൾ, സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾ, അവരുടെ ആശ്രിതർ എന്നിവരെ നിലവിൽ ഈ പദ്ധതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ദേശീയ സമ്പദ്വ്യവസ്ഥയുടെയും സാമ്പത്തിക കാഴ്ചപ്പാട് 2030-ന്റെയും (Economic Vision 2030) ഭാഗമായി ആരോഗ്യ മേഖലയിൽ സ്വകാര്യ പങ്കാളിത്തം വർദ്ധിപ്പിക്കാനും കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ നൽകാനുമാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. രാജ്യത്തെ സ്വദേശി പൗരന്മാർക്കുള്ള സൗജന്യ ആരോഗ്യ സേവനങ്ങൾ മാറ്റമില്ലാതെ തുടരുമെന്നും അവയുടെ ഗുണനിലവാരം ഉയർത്താനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും ഡോ. ശൈഖ് മുഹമ്മദ് വ്യക്തമാക്കി.
്ിേേ്ി്ിേ

