ചികിത്സാ പിഴവുകൾ: ബഹ്റൈനിൽ റിപ്പോർട്ട് ചെയ്ത കേസുകളിൽ 60 ശതമാനവും സ്വകാര്യ മേഖലയിൽ


പ്രദീപ് പുറവങ്കര

മനാമ: ബഹ്റൈനിൽ ചികിത്സാ പിഴവുകളും തൊഴിൽപരമായ ലംഘനങ്ങളുമായി ബന്ധപ്പെട്ട് 360 പരാതികൾ രജിസ്റ്റർ ചെയ്തതായി നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റിയുടെ (NHRA) പുതിയ വാർഷിക റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ഇതിൽ 60 ശതമാനത്തിലധികം കേസുകളും സ്വകാര്യ ആരോഗ്യ മേഖലയ്‌ക്കെതിരെയാണെന്നതാണ് ശ്രദ്ധേയം. രജിസ്റ്റർ ചെയ്ത ആകെ കേസുകളിൽ 251 എണ്ണം വ്യക്തിഗത പരാതികളും, 6 എണ്ണം സ്ഥാപനങ്ങൾ തന്നെ നൽകിയ റിപ്പോർട്ടുകളും, 103 എണ്ണം കോടതി നടപടികൾക്കായി ജുഡീഷ്യൽ അതോറിറ്റി കൈമാറിയതുമാണ്.

പരിശോധിച്ച പരാതികളിൽ 22 ശതമാനം കേസുകളിൽ മാത്രമാണ് യഥാർത്ഥത്തിൽ ചികിത്സാ പിഴവ് കണ്ടെത്തിയത്. 53 ശതമാനം കേസുകളിലും മെഡിക്കൽ ലംഘനങ്ങളോ പിഴവുകളോ ഉണ്ടായിട്ടില്ലെന്ന് ബോധ്യപ്പെട്ടു. എന്നാൽ കൃത്യമായ മെഡിക്കൽ ലംഘനം തെളിഞ്ഞ ആരോഗ്യ കേന്ദ്രങ്ങൾക്കും ഡോക്ടർമാർക്കുമെതിരെ ശക്തമായ അച്ചടക്ക നടപടികളാണ് അതോറിറ്റി സ്വീകരിച്ചിട്ടുള്ളത്.

ഗുരുതരമായ നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് മൂന്ന് ഡോക്ടർമാരുടെയും ഒരു ആശുപത്രിയുടെയും ലൈസൻസ് എൻഎച്ച്ആർഎ പൂർണ്ണമായും റദ്ദാക്കി. ഒമ്പത് ഡോക്ടർമാരും രണ്ട് ഫാർമസിസ്റ്റുകളും ഉൾപ്പെടെ 11 പേരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തപ്പോൾ, നിയമലംഘനം നടത്തിയ 36 സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങൾക്ക് സാമ്പത്തിക പിഴ ചുമത്തി. കൂടാതെ അഞ്ച് ഡോക്ടർമാർക്കും ഒരു ഫാർമസിസ്റ്റിനും ഔദ്യോഗിക താക്കീത് നോട്ടീസും നൽകിയിട്ടുണ്ട്.

ദന്തൽ വിഭാഗത്തിലാണ് ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത്; 46 കേസുകളാണ് ഈ വിഭാഗത്തിൽ ഉണ്ടായിരുന്നത്. ഗൈനക്കോളജിയിൽ 23 കേസുകളും, ഓർത്തോപീഡിക്സിൽ 19 കേസുകളും, ജനറൽ മെഡിസിനിൽ 14 കേസുകളും റിപ്പോർട്ട് ചെയ്തു. കൂടാതെ എൻഎച്ച്ആർഎ പരിശോധനാ സംഘങ്ങൾ നടത്തിയ സർവേകളിൽ അണുനശീകരണം, ആശുപത്രി മാലിന്യ സംസ്കരണം, തീപിടുത്ത മുന്നറിയിപ്പ് സംവിധാനങ്ങൾ, ഉപകരണങ്ങളുടെ കാര്യക്ഷമത എന്നിവയിലടക്കം നിരവധി ലംഘനങ്ങളും കണ്ടെത്തിയിട്ടുണ്ട്. രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് എൻഎച്ച്ആർഎ വ്യക്തമാക്കുന്നു.

 

article-image

adssads

You might also like

  • Lulu Exchange
  • Straight Forward

Most Viewed