കാൻസർ കെയർ ഗ്രൂപ്പ് യോഗം ചേർന്നു; സ്ഥാപക പേട്രൺ റവ. രഞ്ജി വർഗീസിന് സ്വീകരണം നൽകി


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന കാൻസർ കെയർ ഗ്രൂപ്പിന്റെ ജനറൽ യോഗം കേരള കാത്തലിക് അസോസിയേഷൻ (കെസിഎ) ഹാളിൽ ചേർന്നു. മാർത്തോമാ ഇടവക കൺവൻഷനിൽ പങ്കെടുക്കാനായി ബഹ്‌റൈനിലെത്തിയ കാൻസർ കെയർ ഗ്രൂപ്പിന്റെ സ്ഥാപക പേട്രൺ റവ. രഞ്ജി വർഗീസ് മല്ലപ്പള്ളി, പത്നി ടെനി കൊച്ചമ്മ എന്നിവർക്കുള്ള സ്വീകരണവും ബ്രെസ്റ്റ് കാൻസർ ബോധവൽക്കരണ പരിപാടികളുടെ പ്ലാനിംഗും യോഗത്തിൽ നടന്നു.

സമീപകാലത്ത് അന്തരിച്ച കാൻസർ കെയർ ഗ്രൂപ്പ് മുൻ പ്രസിഡന്റ് ഡോ. പി. വി. ചെറിയാൻ, മുൻ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം എം. കെ. ബഷീർ എന്നിവരുടെ സ്മരണയ്ക്ക് മുന്നിൽ പ്രാർത്ഥനയോടെയാണ് യോഗം ആരംഭിച്ചത്. ഗ്രൂപ്പിന്റെ തുടക്കകാലത്തെ അനുഭവങ്ങളും സംഘടനയുടെ വളർച്ചയും തുടർപ്രവർത്തനങ്ങളുടെ ആവശ്യകതയും റവ. രഞ്ജി വർഗീസ് വിശദീകരിച്ചു. ടെനി കൊച്ചമ്മ, കെസിഎ പ്രസിഡന്റ് ജെയിംസ് ജോൺ എന്നിവർ ആശംസകൾ നേർന്നു.

ഒരു മാസം നീണ്ടുനിൽക്കുന്ന ബ്രെസ്റ്റ് കാൻസർ ബോധവൽക്കരണ പ്രചാരണ പരിപാടികളുടെ വിവരങ്ങൾ ചീഫ് കോർഡിനേറ്റർ കെ. ടി. സലിം അവതരിപ്പിച്ചു. ബോധവൽക്കരണ പ്രവർത്തനങ്ങളുടെ പ്ലാനിംഗ് അൽ ഹിലാൽ ഹോസ്പിറ്റൽ പ്രതിനിധി ഷിജിൻ വിശദീകരിച്ചു.

കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ് നിർമ്മിച്ചു നൽകുന്നതിനായി മുടി ദാനം ചെയ്തവരെ ചടങ്ങിൽ ആദരിച്ചു. ഹെഡ് ടു ടോ സലൂൺ പ്രതിനിധി റീന ബുഹസൻ, മൈസൂൺ സലൂൺ പ്രതിനിധി സന്തോഷ് കുമാർ, പ്രമുഖ കാൻസർ രോഗ വിദഗ്ദ്ധൻ ഡോ. വി. പി. ഗംഗാധരനുമായുള്ള അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് ലത്തീഫ് ആയഞ്ചേരി എന്നിവർ സംസാരിച്ചു.

കാൻസർ കെയർ ഗ്രൂപ്പ് കോർഡിനേറ്റർ കോശി സാമുവൽ നന്ദി പറഞ്ഞു. കോർഡിനേറ്റർമാരായ ജോർജ് കെ. മാത്യു, അബ്ദുൽ സഹീർ എന്നിവർ യോഗനടപടികൾ ഏകോപിപ്പിച്ചു. ഗ്രൂപ്പ് അംഗങ്ങളും കുടുംബാംഗങ്ങളും സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.

article-image

asasasassa

article-image

dsddsfdsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed