വിദ്യാർഥിനിയെ ആക്രമിക്കാൻ ശ്രമിച്ച കേസ്: 24-കാരനെ വലയിലാക്കി ബഹ്റൈൻ പോലീസ്
പ്രദീപ് പുറവങ്കര
മനാമ: സ്കൂൾ ബസ് കാത്തുനിൽക്കുകയായിരുന്ന പെൺകുട്ടിയെ ഉപദ്രവിക്കാനും അതിക്രമിച്ചു കയറാനും ശ്രമിച്ച യുവാവിനെ ബഹ്റൈൻ പോലീസ് മണിക്കൂറുകൾക്കുള്ളിൽ പിടികൂടി. 24 വയസ്സുള്ള സ്വദേശി ചെറുപ്പക്കാരനാണ് അറസ്റ്റിലായത്. നോർത്തേൺ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റുമായി സഹകരിച്ച് ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസാണ് പ്രതിയെ വലയിലാക്കിയത്.
പെൺകുട്ടിയുടെ രക്ഷാകർത്താവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, സംഭവം നടന്ന് എട്ടു മണിക്കൂറിനുള്ളിൽ തന്നെ പോലീസ് പ്രതിയെ കണ്ടെത്തുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥരുടെ ജാഗ്രതയും കൃത്യസമയത്തുള്ള ഇടപെടലുമാണ് പ്രതിയെ വേഗത്തിൽ പിടികൂടാൻ സഹായിച്ചതെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം വ്യക്തമാക്കി.
സംഭവവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാൽ ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കുന്നത് കുറ്റവാളികളെ വേഗത്തിൽ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സഹായിക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി. സമൂഹത്തിന്റെ സുരക്ഷയ്ക്കും സമാധാനത്തിനും ഭംഗം വരുത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. പ്രതിക്കെതിരായ നിയമനടപടികൾ പൂർത്തിയാക്കി കേസ് പബ്ലിക് പ്രൊസിക്യൂഷന് കൈമാറുമെന്നും അധികൃതർ അറിയിച്ചു.
edfsaf

