ഡെലിവറി ബോയിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി ബൈക്ക് കവർന്ന സംഭവം; പ്രതിക്ക് 5 വർഷം തടവ് ശിക്ഷ വിധിച്ച് ബഹ്റൈൻ കോടതി
പ്രദീപ് പുറവങ്കര
മനാമ: ഈസാ ടൗണിൽ ഡെലിവറി ജീവനക്കാരനെ കത്തികാട്ടി ഭീഷണിപ്പെടുത്തി മോട്ടോർ സൈക്കിൾ കവർച്ച ചെയ്ത സംഭവത്തിൽ 43-കാരനായ പ്രതിക്ക് അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ച് ഹൈക്രിമിനൽ കോടതി.
2026 ഏപ്രിൽ 14-ന് വൈകുന്നേരം നാലുമണിയോടെയാണ് സംഭവം നടന്നത്. ഓർഡർ ലഭിച്ച വിലാസത്തിലെ തെറ്റ് കാരണം 21-കാരനായ ഡെലിവറി ബോയ് വഴിയിൽ നിർത്തി ഉപഭോക്താവിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഈ സമയം ഇയാളുടെ അടുത്തേക്ക് എത്തിയ പ്രതി ബൈക്ക് ഓടിക്കാൻ തരണമെന്ന് ആവശ്യപ്പെട്ടു. ജീവനക്കാരൻ ഇത് വിസമ്മതിച്ചതോടെ പ്രതി കത്തി പുറത്തെടുത്ത് ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ജീവനക്കാരൻ ഭയന്ന് മാറിനിന്നതോടെ പ്രതി ബൈക്കുമായി കടന്നുകളഞ്ഞു.
രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസും അന്വേഷണ സംഘവും നടത്തിയ തിരച്ചിലിൽ പ്രതിയെ തിരിച്ചറിഞ്ഞു. തുടർന്ന് പോലീസ് കാണിച്ച ചിത്രങ്ങളിൽ നിന്ന് പരാതിക്കാരനായ ഡെലിവറി ജീവനക്കാരൻ പ്രതിയെ കൃത്യമായി തിരിച്ചറിഞ്ഞു. പബ്ലിക് പ്രോസിക്യൂഷൻ നടത്തിയ ചോദ്യം ചെയ്യലിലും ഇയാൾ കുറ്റം ചെയ്തതായി വ്യക്തമായതോടെയാണ് കോടതി അഞ്ച് വർഷത്തെ തടവുശിക്ഷ വിധിച്ചത്.
dsgdfg

