മയക്കുമരുന്ന് ഒളിപ്പിക്കുന്നതിനിടെ പ്രവാസി പിടിയിൽ; ലഹരി വിൽപനക്കാരനെ പിടികൂടി ബഹ്റൈനി യുവാവ്
പ്രദീപ് പുറവങ്കര
മനാമ: ഹമദ് ടൗണിൽ മണ്ണിൽ കുഴിച്ചിട്ട് ലഹരിമരുന്ന് വിതരണം നടത്താൻ ശ്രമിച്ച വിദേശിയെ ചേസ് ചെയ്ത് പിടികൂടി പൊലീസിന് കൈമാറി ബഹ്റൈനി യുവാവ്. കഴിഞ്ഞ ഓഗസ്റ്റ് അവസാനം പുലർച്ചെ ആറുമണിയോടെയാണ് സംഭവം നടന്നത്. പിടിയിലായ 39-കാരനായ ബംഗ്ലാദേശ് സ്വദേശി ഷാബു (മെത്താംഫെറ്റാമൈൻ) കൈവശം വെച്ചതിനും വിൽപന നടത്തിയതിനും ലഹരി ഉപയോഗിച്ചതിനും ഹൈക്രിമിനൽ കോടതിയിൽ വിചാരണ നേരിടുകയാണ്.
രാവിലെ ജിമ്മിലേക്ക് പോകവെ ഒരു വീടിന് സമീപം പ്രതി സംശയാസ്പദമായ രീതിയിൽ മണ്ണു കുഴിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതായി 21-കാരനായ ബഹ്റൈനി യുവാവ് കോടതിയിൽ മൊഴി നൽകി. ലഹരി വിതരണത്തിനായി സാധാരണ ഉപയോഗിക്കുന്ന 'ഡെഡ് ഡ്രോപ്പ്' രീതിയാണെന്ന് സംശയം തോന്നിയതോടെ ഇയാൾ പ്രതിയുടെ അടുത്തേക്ക് ചെന്നു. ഉടൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ യുവാവ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. പിടിയിലായപ്പോൾ ഇയാളുടെ കയ്യിൽ തവിട്ടുനിറത്തിലുള്ള ടേപ്പ് ചുറ്റിയ പ്ലാസ്റ്റിക് കവറുകൾ ഉണ്ടായിരുന്നു. രണ്ട് കവർ തരാമെന്നും തന്നെ വിട്ടയക്കണമെന്നും പ്രതി അപേക്ഷിച്ചെങ്കിലും യുവാവ് ഇയാളെ നോർത്ത് ഹമദ് ടൗൺ പോലീസ് സ്റ്റേഷനിലേക്ക് പിടിച്ച് കൊണ്ടുപോകുകയായിരുന്നു.
സ്റ്റേഷനിൽ എത്തിച്ച പ്രതിയുടെ പക്കൽ നിന്ന് സ്ഫടിക രൂപത്തിലുള്ള ലഹരിവസ്തുക്കളടങ്ങിയ 12 ബാഗുകളും മൊബൈൽ ഫോണും പോലീസ് കണ്ടെടുത്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഹമദ് ടൗണിലെ വിവിധയിടങ്ങളിൽ ലഹരി ഒളിപ്പിച്ചതായി പ്രതി സമ്മതിച്ചു. പ്രതി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ തിരച്ചിലിൽ 9 ബാഗുകൾ കൂടി കണ്ടെടുത്തു.
തുടർന്ന് കേസ് ആന്റി നർക്കോട്ടിക്സ് ഡയറക്ടറേറ്റിന് കൈമാറി. പ്രതി താമസിച്ചിരുന്ന സിത്രയിലെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ 1 ഗ്രാം ഷാബുവും ലഹരി അളക്കാൻ ഉപയോഗിച്ചിരുന്ന ഇലക്ട്രോണിക് തുലാസും പോലീസ് കണ്ടെടുത്തു. ഓർഗനൈസ്ഡ് നെറ്റ്വർക്കിന്റെ ഭാഗമായി പ്രവർത്തിക്കുന്ന പ്രതി, വിദേശത്ത് നിന്ന് കൊണ്ടുവരുന്ന മയക്കുമരുന്ന് വാങ്ങി ചെറു കവറുകളാക്കി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒളിപ്പിച്ചു വെക്കുകയായിരുന്നുവെന്ന് ഡിറ്റക്ടീവ് കോടതിയിൽ വ്യക്തമാക്കി. പരിശോധനയിൽ ഇയാളുടെ മൂത്രത്തിൽ ലഹരിയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. കേസിന്റെ അടുത്ത വാദം ഒക്ടോബർ 13-ലേക്ക് മാറ്റി.
sfdsf

